കാക്കനാട്: ചുവരെഴുത്തുകളിലും പ്രചാരണ ബോർഡുകളിലും തിരഞ്ഞെടുപ്പ് പ്രചാരണച്ചുമതലയുള്ളയാളുടെ പേരും സ്ഥാനപ്പേരും നിർബന്ധമായും ഉൾപ്പെടുത്തണം. പ്രചാരണത്തിന് പുതിയ മാർഗ നിർദേശങ്ങൾ ജില്ലാ ഭരണകൂടം പുറത്തിറക്കി.

  • കൊലപാതക ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്ന പരസ്യങ്ങൾ പാടില്ല.
  • വ്യക്തികളെ അധിക്ഷേപിക്കുന്നതും അശ്ലീലകരവും അപകീർത്തിപ്പെടുത്തുന്നതും പ്രകോപനപരവുമായ പരസ്യങ്ങൾ പാടില്ല.
  • മറ്റൊരു സ്ഥാനാർഥിയുടെ പ്രചാരണ ബോർഡുകൾ നശിപ്പിക്കുകയോ മറയ്ക്കുകയോ ചെയ്യരുത്.
  • വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും തടസ്സമുണ്ടാക്കുന്ന രീതിയിൽ പരസ്യം സ്ഥാപിക്കരുത്.
  • നടപ്പാത, റോഡുകളുടെ വളവുകൾ, പാലങ്ങൾ എന്നിവിടങ്ങളിലും റോഡിനു കുറുകെയും പരസ്യ ബോർഡുകൾ പാടില്ല.
  • മുൻകൂർ അനുമതിയില്ലാതെ പൊതു സ്ഥാപനങ്ങളുടെ കെട്ടിടങ്ങളിലോ വസ്തുക്കളിലോ ഇലക്ട്രിക് പോസ്റ്റുകളിലോ മൊബൈൽ ടവറുകളിലോ ടെലിഫോൺ പോസ്റ്റുകളിലോ പരസ്യം സ്ഥാപിക്കാനോ എഴുതാനോ പാടില്ല.
  • വോട്ടെടുപ്പ് കഴിഞ്ഞാൽ പരസ്യങ്ങൾ നീക്കംചെയ്ത് നശിപ്പിക്കുകയോ പുനഃചംക്രമണത്തിന് ഏജൻസികൾക്ക് കൈമാറുകയോ ചെയ്യണം. ഇല്ലെങ്കിൽ വോട്ടെടുപ്പ് കഴിഞ്ഞ് അഞ്ചു ദിവസത്തിനുള്ളിൽ അതത് തദ്ദേശ സ്ഥാപന സെക്രട്ടറി പരസ്യം നീക്കംചെയ്യും. ചെലവ് സ്ഥാനാർഥിയിൽനിന്ന് ഈടാക്കും.