കൊച്ചി: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് രാവിലെ കായൽക്കരയിലെ വാക്വേയിൽ അവർ ഒത്തുചേർന്നു. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ, സൗഹൃദപക്ഷത്തിൽ കൊച്ചി മേയർ സൗമിനി ജെയിനും പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണിയും.

കോർപ്പറേഷൻ കൗൺസിലിന്റെ ഒരു ഭരണകാലത്തിനുകൂടി തിരശ്ശീല വീഴുന്ന നേരത്ത് അവർ ‘ മാതൃഭൂമി’ യുമായി വിശേഷങ്ങൾ പങ്കിട്ട് കായൽത്തീരത്തെ വാക്വേയിലൂടെ നടന്നു.

മേയറായി പടിയിറങ്ങുന്ന നേരത്ത് എന്തു തോന്നുന്നു?

സൗമിനി: നിറഞ്ഞ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് പടിയിറങ്ങുന്നത്. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ഒരുപാട് വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിടാനായി. ഇതിൽ കുറേയെണ്ണം പൂർത്തിയാക്കാനായി. ബാക്കിയുള്ള സ്വപ്നങ്ങൾ പിന്നാലെ വരുന്നവർ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. കൊച്ചിയിൽനിന്ന് മാറിത്താമസിച്ചശേഷം തിരിച്ചുവരുന്നവർക്ക് ഇപ്പോൾ ഈ നഗരത്തിന്റെ മാറ്റം ശരിക്കും അനുഭവിക്കാനാകും എന്നാണ് ഞാൻ കരുതുന്നത്.

മേയറുടെ അവകാശവാദത്തെ താങ്കൾ എങ്ങനെ കാണുന്നു?

ആന്റണി: ക്രിയാത്മകമായും വിമർശനാത്മകമായും പ്രവർത്തിച്ച പ്രതിപക്ഷമായിരുന്നു ഞങ്ങൾ. നല്ല ഭരണം സാധ്യമാകുന്നതിൽ പ്രതിപക്ഷത്തിന്റെ പങ്ക് വളരെ വലുതാണ്. ഭവനം, കുടിവെള്ളം, മാലിന്യം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളിൽ ഇനിയും ഏറെ കാര്യങ്ങൾ പരിഹരിക്കാനുണ്ട്. ദ്വീപുകൾ ഏറെയുള്ള ഈ നഗരത്തിൽ അവരെ നഗരവുമായി ബന്ധപ്പെടുത്താൻ ഇനിയും ഏറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.

മേയർ എന്ന നിലയിൽ സൗമിനിയെ പ്രതിപക്ഷം ഒരുപാട് വിമർശിച്ചിട്ടുണ്ടല്ലോ?

ആന്റണി: സൗമിനി എന്ന വ്യക്തിയെയല്ല പ്രതിപക്ഷം വിമർശിച്ചത്. വ്യക്തികളുടെ പേരിലല്ല, മറിച്ച് നിലപാടുകളുടെ പേരിലാണ് ഞങ്ങൾ എക്കാലവും വിമർശനങ്ങൾ ഉയർത്താറുള്ളത്. മേയർ ഒരു നഗരത്തിന്റെ മുഴുവൻ കാര്യങ്ങൾ നോക്കേണ്ട ആളാണ്. അതിൽ പാളിച്ച വന്നാൽ ആ നിലയിൽ ഞങ്ങൾ വിമർശിച്ചിട്ടുണ്ട്. അതു വ്യക്തിപരമായ ആക്രമണമാകാതിരിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്.

ആന്റണി എന്ന പ്രതിപക്ഷ നേതാവിനെ മേയർ എങ്ങനെ വിലയിരുത്തുന്നു?

സൗമിനി: പ്രതിപക്ഷ നേതാവിനപ്പുറം ആന്റണിച്ചേട്ടൻ എന്ന സഹൃദയനായ മനുഷ്യനെയാണ് എനിക്കിഷ്ടം. ചവിട്ടുനാടകം പഠിച്ചിട്ടുള്ള, ഇപ്പോഴും ദിവസേന മുടങ്ങാതെ ഷട്ടിൽ ബാഡ്മിന്റൺ കളിക്കുന്ന ആന്റണിച്ചേട്ടന്റെ ചുറുചുറുക്ക് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. കൗൺസിൽ സംബന്ധമായ യാത്രകളിൽ അദ്ദേഹത്തിന്റെ തമാശകളും സംസാരങ്ങളുമൊക്കെ വളരെ രസമായിരുന്നു. ഭക്ഷണപ്രിയനായ ആന്റണിച്ചേട്ടനേയും എനിക്ക് മറക്കാനാകില്ല.

ഈ ഭരണകാലത്ത് പ്രതിപക്ഷത്തുനിന്ന് മേയർക്ക് ഏറ്റവും കൂടുതൽ വിഷമം ഉണ്ടായത് ഏതുകാര്യത്തിലായിരുന്നു?

സൗമിനി: ഞാൻ ചെയ്യാത്ത കാര്യങ്ങളിൽ ആരോപണങ്ങൾ വരുമ്പോൾ വലിയ സങ്കടം തോന്നിയിട്ടുണ്ട്. വിമർശനത്തിന്റെ അതിരുകൾക്കപ്പുറത്തേക്കു പോയ കുറച്ച് സംഭവങ്ങൾ ഉണ്ടായി. മോശമായ ആരോപണങ്ങളുമായി അവർ വന്നത് എന്തിനാണെന്നു ചോദിച്ചാൽ അവരുടെ താത്‌പര്യങ്ങളുണ്ടാകാം. ഇല്ലാത്ത കാര്യങ്ങളുടെ പേരിൽ വേട്ടയാടുമ്പോൾ ഇല്ലാതാകുന്നത് സൗഹൃദവും സ്നേഹവും മനുഷ്യത്വവുമൊക്കെയാണ്.

നാളത്തെ കൊച്ചിയെപ്പറ്റിയുള്ള സ്വപ്നം ഇരുവരും പങ്കുവെക്കുമോ?

സൗമിനി: മാലിന്യ നിർമാർജന ബോധമുള്ള ഒരു കൊച്ചിയാണ് എന്റെ സ്വപ്നം. യാത്രാ സൗകര്യങ്ങളുടെ കാര്യത്തിൽ സിങ്കപ്പൂരിനെപ്പോലെ വികസനാത്മകമായ ഒരു കൊച്ചിയും ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഇതോടൊപ്പം എല്ലാവർക്കും വീടുള്ള ഒരു കൊച്ചിയും ഇവിടെ വരേണ്ടതുണ്ട്.

ആന്റണി: കൊച്ചിക്ക് തനതായ മാതൃകകൾ വേണമെന്നാണ് എന്റെ ആഗ്രഹം. പൊതു ശുചിത്വത്തിൽ ഇനിയും ഒരുപാടു മാറിയ ഒരു കൊച്ചി ഉണ്ടാകേണ്ടതുണ്ട്. അടിസ്ഥാന വിഭാഗങ്ങളുടെ കാര്യത്തിലും ഒരുപാട് മാറിയ ഒരു കൊച്ചിയാണ് ഞാൻ സ്വപ്നംകാണുന്നത്.

മേയറുടെ ഏറ്റവും വലിയ മികവും ദൗർബല്യവും എന്താണ്?

ആന്റണി: അകത്തുംനിന്നും പുറത്തുനിന്നുമുള്ള വിമർശനങ്ങളെ ശക്തമായി നേരിട്ടതാണ് മേയറുടെ മികവ്. പിടിവാശി ഇത്തിരി കൂടുതലാണ് എന്നുള്ളതാണ് ദൗർബല്യം.

പ്രതിപക്ഷ നേതാവിന്റെ മികവും ദൗർബല്യവും പറയാമോ?

സൗമിനി: സഹൃദയത്വവും കൊച്ചിയുടെ പൈതൃകത്തെപ്പറ്റിയുള്ള അറിവുമാണ് മികവായി തോന്നിയത്. എന്നാൽ, ചെറിയ കാര്യങ്ങൾക്കു പോലും പെട്ടെന്ന് ദേഷ്യംവരുന്ന സ്വഭാവം കുഴപ്പമാണ്