കൊച്ചി: സീറ്റെല്ലാം വനിതകൾ കൊണ്ടുപോയപ്പോൾ മേയറാവാനുള്ള നേതാക്കളുടെ ഇടി കുറഞ്ഞു. നേതാക്കൾക്ക് മേയർ സ്ഥാനത്തിൽ കണ്ണുണ്ടെങ്കിലും മത്സരിക്കാൻ നല്ല വാർഡുകളില്ല. അതോടെ പലരും വെട്ടിലായി. ചിലരിത് മനസ്സിലാക്കി മേയർ ആവുന്നതിലുള്ള വിരക്തി പരസ്യമായിത്തന്നെ പ്രഖ്യാപിച്ചു. കോൺഗ്രസിൽനിന്നാണ് നേതാക്കളുടെ നെടുനിശ്വാസം ഉയരുന്നത്. ഒട്ടുമിക്ക നേതാക്കളുടേയും ജയം ഉറപ്പുള്ള വാർഡുകൾ വനിതാ സംവരണമായി മാറി.

കോൺഗ്രസിൽ മേയർ ആരാവുമെന്ന് തീരുമാനിക്കുന്നത്, ഭരണം കിട്ടിയ ശേഷം നടക്കുന്ന വീതംവെപ്പിലാണ്. ജില്ലാ പഞ്ചായത്തും കോർപ്പറേഷനും ജയിച്ചാൽ അത് ‘ എ’ , ‘ ഐ’ ഗ്രൂപ്പുകൾ വീതിച്ചെടുക്കും. ഏത്, ആർക്ക് കിട്ടുമെന്ന് ഇപ്പോൾ പറയാൻ പറ്റില്ല. ആകെ അനിശ്ചിതാവസ്ഥ.

കോൺഗ്രസിൽ ഉഷാറായി രംഗത്തുള്ളത് ജി.സി.ഡി.എ. മുൻ ചെയർമാൻ എൻ. വേണുഗോപാലാണ്. മേയർ സ്ഥാനം ലക്ഷ്യമിടുന്ന അദ്ദേഹത്തിനു പിന്നാലെ അവകാശവാദവുമായി ‘ ഐ’ ഗ്രൂപ്പിലെ യുവ നിരയുമുണ്ട്. ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ, കെ.പി.സി.സി. സെക്രട്ടറിമാരായ തമ്പി സുബ്രഹ്മണ്യൻ, എം.ആർ. അഭിലാഷ്, കൗൺസിലർമാരായ പി.ഡി. മാർട്ടിൻ, കെ.വി.പി. കൃഷ്ണകുമാർ എന്നിവരാണ് രംഗത്തുള്ളത്.

‘ എ’ ഗ്രൂപ്പിൽ മേയർ സ്ഥാനാർത്ഥിയാവാൻ വലിയ തള്ളലില്ല. മുൻ മേയർ ടോണി ചമ്മണി മത്സരത്തിനില്ലെന്ന് വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ കൊച്ചിയിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ടോണി. യു.ഡി.എഫ്. ചെയർമാൻ ഡൊമിനിക് പ്രസന്റേഷനും തദ്ദേശ തിരഞ്ഞെടുപ്പിനില്ലെന്ന് പ്രഖ്യാപിച്ചു. കൗൺസിലർമാരായ ഡേവിഡ് പറമ്പിത്തറ, എം.പി. മുരളീധരൻ എന്നിവരാണ് ‘ എ’ വിഭാഗത്തിൽനിന്ന് മത്സര രംഗത്തുള്ള മുതിർന്നവർ. ഗ്രൂപ്പിൽനിന്ന് മത്സരിക്കാൻ താത്പര്യമുള്ള ചിലർക്ക് പറ്റിയ സീറ്റുമില്ല.

മേയർ സൗമിനി െജയിൻ രവിപുരത്ത് മത്സരിച്ചേക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമായിരിക്കും കോൺഗ്രസിൽ മേയർ സീറ്റിനായുള്ള വടംവലി മുറുകുക.

ഇടതുമുന്നണിയിൽ സി.പി.എം. സ്ഥാനാർത്ഥി നിർണയമെല്ലാം താഴെത്തട്ടിൽ പൂർത്തിയായി. ഇനി ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം നൽകി, വാർഡ് കമ്മിറ്റിയിൽ അവതരിപ്പിച്ച് അംഗീകാരം തേടണം.

മുതിർന്ന നേതാക്കൾ സി.പി.എമ്മിലും കുറവാണ്. മുൻ കൗൺസിലർ അഡ്വ. എം. അനിൽകുമാർ മത്സര രംഗത്തുണ്ടാവും. കെ.എൻ. ഉണ്ണികൃഷ്ണൻ, സി.എം. ദിനേശ് മണി എന്നിവർ അവസാന ഘട്ടത്തിൽ ലിസ്റ്റിൽ ഉൾപ്പെട്ടേക്കാം. പശ്ചിമ കൊച്ചിയിൽനിന്ന് മുതിർന്ന നേതാക്കളാരും ഉൾപ്പെട്ടിട്ടില്ല.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പൂർണിമ നാരായണൻ, കൗൺസിലർ ജഗദംബിക എന്നിവർ ജനറൽ സീറ്റിൽനിന്ന് മത്സരിച്ചേക്കും. മുൻ കൗൺസിലർമാരായ പി.ആർ. റെനീഷ്, സജിനി ജയചന്ദ്രൻ, കെ.കെ. ശിവൻ എന്നിവരും പി.വി. പ്രവീണും മത്സര രംഗത്തുണ്ടാവും. വിദ്യാർഥികളടക്കം പുതുമുഖങ്ങൾക്കും മുൻതൂക്കമുള്ള ലിസ്റ്റിൽ മൂന്നുതവണ മത്സരിച്ചവരെയെല്ലാം ഒഴിവാക്കി.

സി.പി.ഐ.യുടെ എട്ട് സീറ്റുകളിൽ മുൻ കൗൺസിലർമാരായ സി.എ. ഷക്കീർ, ജോജി കുരീക്കോട് എന്നിവരും സ്വതന്ത്രന്മാരും ഉൾപ്പെടും.

ബി.ജെ.പി. സ്ഥാനാർത്ഥിനിർണയം എങ്ങുമെത്തിയിട്ടില്ലെങ്കിലും ചിലയിടങ്ങളിൽ സ്ഥാനാർത്ഥികൾ സ്വന്തം നിലയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. നിലവിലെ കൗൺസിലർമാരായ ശ്യാമള എസ്. പ്രഭുവും സുധ ദിലീപ്കുമാറും സിറ്റിങ് ഡിവിഷനുകളിൽ മത്സരിച്ചേക്കും.