കൊച്ചി: സംസ്ഥാനത്തൊട്ടാകെ വലിയ തിരിച്ചടി നേരിട്ടെങ്കിലും തങ്ങളുടെ പരമ്പരാഗത കോട്ടയായ എറണാകുളത്ത് പിടിച്ചുനിന്ന് യുഡിഎഫ്. കൊച്ചി കോര്‍പറേഷനിലും ബ്ലോക്ക് പഞ്ചായത്തുകളിലും ക്ഷീണമുണ്ടായപ്പോള്‍ ജില്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും വലതു മുന്നണി കരുത്തുകാട്ടി. പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ലെങ്കിലും കോര്‍പറേഷനില്‍ അംഗസംഖ്യ ഉയര്‍ത്താനായത് ബിജെപിയ്ക്കും നേട്ടമായി. കഴിഞ്ഞ വട്ടം കിഴക്കമ്പലത്ത് ഞെട്ടിക്കുന്ന ജയം നേടിയ ട്വന്റി-ട്വന്റി ഇത്തവണ കൂടുതല്‍ പഞ്ചായത്തുകളില്‍ സ്വാധീനം ഉറപ്പിക്കുന്നതിനും ജില്ല സാക്ഷിയായി.

ശക്തമായ പോരാട്ടത്തിനാണ് കൊച്ചി കോര്‍പറേഷന്‍ സാക്ഷ്യം വഹിച്ചത്. വോട്ടെണ്ണല്‍ തുടങ്ങിയതു മുതല്‍ യുഡിഎഫിനായിരുന്നു മുന്‍തൂക്കം. എന്നാല്‍, കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥി എന്‍.വേണുഗോപാലിനെ ഒറ്റ വോട്ടിന് തോല്‍പിച്ച ബിജെപി ആദ്യ മണിക്കൂറില്‍ തന്നെ വരാനിരിക്കുന്ന ഫലമെന്തെന്ന സൂചന നല്‍കി. കഴിഞ്ഞ ഭരണസമിതിയില്‍ ഡെപ്യൂട്ടി മേയറായിരുന്ന കെ.ആര്‍.പ്രേംകുമാറിനും വിജയമാവര്‍ത്തിക്കാനായില്ല. കോര്‍പറേഷന്‍ അംഗത്വം ബിജെപി രണ്ടില്‍ നിന്ന് അഞ്ചാക്കി ഉയര്‍ത്തിയപ്പോള്‍ യുഡിഎഫിന്റെ സീറ്റുകള്‍ 37ല്‍ നിന്ന് 31 ആയി കുറഞ്ഞു. അവസാന റൗണ്ടുകളില്‍ മുന്നേറിയ എല്‍ഡിഎഫ് 34 സീറ്റുകളുമായി കോര്‍പറേഷനിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും ചെയ്തു. ബാക്കിയുള്ള നാലു സീറ്റുകളില്‍ വിമതരാണ് ജയിച്ചത്. 59 സീറ്റുകളില്‍ മത്സരിച്ച വി4 കൊച്ചി ജനകീയ കൂട്ടായ്മയ്ക്ക് ഒരിടത്തും ജയിക്കാനായില്ല.

LDF
എറണാകുളെത്തെ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം | Photo: Shaheer CH

74 ഡിവിഷനുകളുള്ള കൊച്ചി കോര്‍പറേഷനില്‍ കേവല ഭൂരിപക്ഷത്തിന് 38 സീറ്റുകളാണ് വേണ്ടത്. ഇരു മുന്നണികളെയും പിന്തുണയ്ക്കാത്ത ബിജെപി വോട്ടില്‍ നിന്ന് വിട്ടുനിന്നാല്‍ 35 വോട്ടുകള്‍ ലഭിക്കുന്നവര്‍ക്ക് കോര്‍പറേഷന്‍ ഭരണം പിടിക്കാം. വിമതരില്‍ ഒരാളുടെ പിന്തുണ നേടി, മൂന്നു പതിറ്റാണ്ടത്തെ ഭരണത്തിനു ശേഷം 2010ല്‍ കൈവിട്ട കൊച്ചി കോര്‍പറേഷന്‍ തിരിച്ചുപിടിക്കാമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍.

അതേസമയം, ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് ഇത്തവണ വ്യക്തമായ ഭൂരിപക്ഷം നേടി. 2015ല്‍ ഒരു സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് (യുഡിഎഫ് -14, എല്‍ഡിഎഫ് -13) വലതുപക്ഷം ഭരണത്തിലെത്തിയതെങ്കില്‍ ഇത്തവണ ജില്ലാ പഞ്ചായത്തില്‍ 15 സീറ്റുകളില്‍ അവര്‍ ജയിച്ചപ്പോള്‍ എല്‍ഡിഎഫിന് നേടാനായത് എട്ട് സീറ്റുകള്‍ മാത്രം. ബാക്കിയുള്ള നാലില്‍ രണ്ടു സീറ്റുകള്‍ വീതം ട്വന്റി ട്വന്റിയും സ്വതന്ത്രരും പങ്കിട്ടു.

ജില്ലാ പഞ്ചായത്തിലെ നഷ്ടം ബ്ലോക്ക് പഞ്ചായത്തിലാണ് ഇടതുപക്ഷം നികത്തിയത്. അക്കൗണ്ടില്‍ ഉണ്ടായിരുന്നതില്‍ കോതമംഗലം നഷ്ടപ്പെട്ടെങ്കിലും പാറക്കടവ് ബ്ലോക്ക് പിടിച്ച എല്‍ഡിഎഫ് യുഡിഎഫിന്റെ കയ്യിലായിരുന്ന പാമ്പാക്കുട, വാഴക്കുളം ബ്ലോക്കുകളില്‍ ഒപ്പത്തിനൊപ്പമാണ്. പറവൂര്‍, പള്ളുരുത്തി, വൈപ്പിന്‍ എന്നീ ബ്ലോക്കുകള്‍ നിലനിര്‍ത്തുകയും ചെയ്തു. അങ്കമാലി, ആലങ്ങാട്, ഇടപ്പള്ളി, കൂവപ്പടി, മൂവാറ്റുപുഴ, മുളന്തുരുത്തി ബ്ലോക്കുകള്‍ നിലനിര്‍ത്തിയ എല്‍ഡിഎഫ് വടവുകോട് ബ്ലോക്കില്‍ മുന്നിലുണ്ട്.

അഞ്ചു വര്‍ഷം മുമ്പ് ആറ് നഗരസഭകളിലേക്ക് ഒതുങ്ങിയ യുഡിഎഫ് ഇത്തവണ 14ല്‍ 10എണ്ണവും നേടിയാണ് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ആലുവ, കളമശ്ശേരി, കോതമംഗലം, നോര്‍ത്ത് പറവൂര്‍, പിറവം, തൃക്കാക്കര മുനിസിപ്പാലിറ്റികള്‍ നിലനിര്‍ത്തിയ ഐക്യ ജനാധിപത്യ മുന്നണി ഇടതുപക്ഷത്തില്‍ നിന്ന് അങ്കമാലി, മൂവാറ്റുപുഴ നഗരസഭകള്‍ നേടുകയും സംയുക്ത ഭരണം നടത്തിയിരുന്ന മരടില്‍ വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് എത്തുകയും ചെയ്തു. ഏലൂര്‍, തൃപ്പൂണിത്തുറ നഗരസഭകള്‍ നിലനിര്‍ത്തിയ ഇടതുപക്ഷം, സീറ്റുനില ഒപ്പത്തിനൊപ്പമായിരുന്ന കൂത്താട്ടുകുളത്ത് ഭൂരിപക്ഷം നേടി അക്കൗണ്ടിലെ നഗരസഭകളുടെ എണ്ണം മൂന്നാക്കി. 2015ല്‍ ജില്ലയിലെ അഞ്ചു നഗരസഭകള്‍ എല്‍ഡിഎഫിനൊപ്പമായിരുന്നു.

അതേസമയം, തൃപ്പൂണിത്തുറയില്‍ ഇത്തവണയും യുഡിഎഫ് മൂന്നാമതായി. 21 സീറ്റുകളുമായി എല്‍ഡിഎഫ് ഭരണം പിടിച്ചപ്പോള്‍ 15 സീറ്റുകളോടെ ബിജെപി പ്രതിപക്ഷത്തായി. കഴിഞ്ഞവട്ടം 12 സീറ്റുകളുള്ള ബിജെപിയുമായി ഒരു സീറ്റിന്റെ മാത്രം വ്യത്യാസമുണ്ടായിരുന്ന യുഡിഎഫ് ഇത്തവണ എട്ടു സീറ്റുകളിലേക്ക് കുറയുകയും ചെയ്തു.

ഗ്രാമ പഞ്ചായത്തുകളില്‍ വലിയ തിരിച്ചുവരവാണ് യുഡിഎഫ് നടത്തിയത്. 2010ലെ 72 പഞ്ചായത്തുകളില്‍ നിന്ന് 2015ല്‍ 39ലേക്ക് വീണ മുന്നണി ഇത്തവണ 52 ഇടത്ത് മുന്നിലുണ്ട്. പത്തില്‍ നിന്ന് 42ലേക്ക് എത്തിയിരുന്ന എല്‍ഡിഎഫ് പുതിയ തിരഞ്ഞെടുപ്പില്‍ 22ലേക്ക് ഒതുങ്ങി. പത്തു പഞ്ചായത്തുകളില്‍ മറ്റുള്ളവരാണ് മുന്നില്‍ നില്‍ക്കുന്നത്. ഇതില്‍ എടുത്തുപറയേണ്ടത് ട്വന്റി-ട്വന്റിയുടെ വ്യാപനമാണ്. ഇത്തവണ കിഴക്കമ്പലത്തിന് പുറമേ ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂര്‍, വെങ്ങോല പഞ്ചായത്തുകളില്‍ കൂടി മത്സരിച്ച കൂട്ടായ്മ നാലിടത്തും അധികാരത്തിലെത്തി.

2015ല്‍ കിഴക്കമ്പലത്ത് 19ല്‍ 17 വാര്‍ഡാണ് പിടിച്ചതെങ്കില്‍ ഇത്തവണ അത് 18 ആയി. ഒരു സ്വതന്ത്രന്‍ മാത്രമാണ് ട്വന്റി ട്വന്റിയ്ക്ക് പുറമേ ഇവിടെ ജയിച്ചത്. ഐക്കരനാട്ടിലെ 14 സീറ്റും ട്വന്റി ട്വന്റി തൂത്തുവാരി. കുന്നത്തുനാട് പഞ്ചായത്തിലെ 18ല്‍ 11ഉം മഴുവന്നൂരില്‍ 19ല്‍ 13ഉം സീറ്റുകള്‍ നേടി അവര്‍ ഭരണമുറപ്പിച്ചു. എല്ലാ വാര്‍ഡിലും മത്സരിക്കാതിരുന്നിട്ടും വെങ്ങോലയില്‍ എട്ടു വാര്‍ഡുകളില്‍ ട്വന്റി-ട്വന്റി വിജയിച്ചു. ഇവിടെ യുഡിഎഫിന് ഒന്‍പതും എല്‍ഡിഎഫിന് ആറും സീറ്റുകളുണ്ട്. ട്വന്റി ട്വന്റിയെ ഇരു മുന്നണികളും ഒന്നിച്ച് എതിര്‍ക്കുന്നതിനാല്‍ യുഡിഎഫ്-എല്‍ഡിഎഫ് സഖ്യ ഭരണത്തിനാണ് സാധ്യത. ചെല്ലാനത്ത് മത്സരിച്ച ജനകീയ കൂട്ടായ്മയായ ചെല്ലാനം ട്വന്റി-ട്വന്റിയും എട്ടു സീറ്റുകള്‍ നേടി.

Content Highlights: Kerala Local Body Election Ernakulam