കൊച്ചി: മഞ്ഞുമ്മൽ കൊളംബിയ ഫുട്ബോൾ ടീമിന്റെ റൈറ്റ് വിങ് ഫോർവേഡായിരുന്നു ചാർളി ജെയിംസ്. കുട്ടിക്കാലം മുതൽ സി.പി. ഉഷയുടെ ചിന്തകളും സ്വപ്നങ്ങളും നീങ്ങിയത് ലെഫ്റ്റ് വിങ്ങിലൂടെയും. വർഷങ്ങൾക്കു ശേഷം ഏലൂരിന്റെ ഭരണ-രാഷ്ട്രീയ രംഗങ്ങളിലും വലത്-ഇടത് പാളയങ്ങളിൽ ഇരുവരുമുണ്ട്. ഏലൂർ നഗരസഭാ അധ്യക്ഷയാണ് സി.പി. ഉഷ, ചാർളി ജെയിംസ് പ്രതിപക്ഷ നേതാവും. അവർ ‘ മാതൃഭൂമി’ യുമായി സംസാരിക്കുന്നു.

വ്യവസായ നഗരമായ ഏലൂരിന്റെ അധ്യക്ഷസ്ഥാനത്തുനിന്ന് പടിയിറങ്ങുമ്പോൾ എന്തു തോന്നുന്നു?

ഉഷ: നിറഞ്ഞ സംതൃപ്തി. ഞങ്ങളുടെ നഗരത്തിനുവേണ്ടി ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ അംഗങ്ങളേയും ഒന്നിച്ചു നിർത്താൻ കഴിഞ്ഞെന്നാണ് വിശ്വാസം. എല്ലാ വാർഡിലും പരമാവധി വികസനം എത്തിക്കാൻ കഴിഞ്ഞു. അത് തുടരുക എന്നുള്ളതാകും അടുത്ത ഭരണസമിതിയുടെ ചുമതല.

അധ്യക്ഷയുടെ അവകാശവാദം താങ്കൾ അംഗീകരിക്കുന്നുണ്ടോ?

ചാർളി: അധ്യക്ഷ പറഞ്ഞത് പൂർണമായും ശരിയല്ല. വികസനം നടന്നിട്ടില്ല എന്നു പറയുന്നില്ല. പക്ഷേ, പലയിടത്തും പോരായ്മകൾ ഉണ്ട്. ജീവനക്കാരുടെ നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഭരണപക്ഷം കാണിച്ച നീതികേട് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. അതിനെതിരേ ക്രിയാത്മകമായി ഞങ്ങൾ പ്രതികരിച്ചിട്ടുണ്ട്.

ഏലൂർ ഇനിയും വികസിക്കണമെന്നതിന്റെ അടയാളമല്ലേ ഇവിടത്തെ റോഡുകൾ?

ഉഷ: ഏലൂരിലെ റോഡുകൾ ചെറുതാണെന്ന കാര്യം അംഗീകരിക്കുന്നു. അതു വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ഞങ്ങൾ തുടങ്ങിയിരുന്നു. മഞ്ഞുമ്മൽ-മേത്താനം റോഡിന്റെ അവസ്ഥ വളരെ ദയനീയമാണ്. അതുപോലെ പെരിയാറിന്റെ ശുദ്ധീകരണവും ഏലൂരിന്റെ വികസനത്തിൽ വളരെ പ്രധാനമാണ്. അതിനുള്ള ശ്രമങ്ങളും വലിയ തോതിൽ നടത്തിയിരുന്നു.

ഭരണപക്ഷവും പ്രതിപക്ഷവും ഏറ്റവും കൂടുതൽ പോരടിച്ചത് ഏതു വിഷയത്തിലാണ്?

ചാർളി: നഗരസഭയിലെ കണ്ടിൻജൻസി ജീവനക്കാരുടെ നിയമനത്തിൽ ഭരണപക്ഷം കാണിച്ചത് വലിയ നീതികേടാണ്. സീനിയോറിറ്റി മറികടന്ന് ചിലരെ സ്ഥിരപ്പെടുത്തിയത് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു. തൊഴിൽ നഷ്ടപ്പെട്ടവരുടെ മാനസികാവസ്ഥ ഭരണപക്ഷം കാണാതെ പോയി. അതിനെതിരേ ഞങ്ങൾ ശക്തമായി കൗൺസിലിൽ പോരാടി.

ഉഷ: ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ പോരാട്ടത്തിനപ്പുറം ചില കാര്യങ്ങളുണ്ട്. ആദ്യം വന്നവരെ സ്ഥിരപ്പെടുത്തണമെന്ന് ഞങ്ങൾക്കാഗ്രഹമുണ്ടായിരുന്നു. പക്ഷേ, എംപോയ്മെന്റ് എക്സ്ചേഞ്ച് മുഖേന വന്നവരെ സ്ഥിരപ്പെടുത്തണമെന്നായിരുന്നു സർക്കാരിന്റെ നിർദേശം. കേസ് കോടതിയിലുമെത്തി. സർക്കാരിന്റെയും കോടതിയുടെയും വിധിയാണ് ഞങ്ങൾ അനുസരിച്ചത്.

നിങ്ങൾ ഒരുമിച്ചുനിന്ന വിഷയവും ഏലൂരിനായി ഇനി കാണുന്ന സ്വപ്നവും എന്താണ്?

ഉഷ: പ്രളയം കഴിഞ്ഞ സമയത്ത് പെരിയാറിന്റെ ശുചീകരണത്തിനായി ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഞങ്ങൾ ഒന്നിച്ചുനിന്നു. ഏലൂരിലെ പല സ്ഥലങ്ങളും കമ്പനികളുടെ കൈകളിലാണ്. കുട്ടികൾക്ക് കളിക്കാനായി നല്ലൊരു പാർക്ക് വേണം. ഏലൂരിലെ ജനങ്ങൾക്കെല്ലാം വീട് എന്നുള്ളതും എന്റെ വലിയ സ്വപ്നമാണ്

ചാർളി: ഏലൂരിലെ ജനങ്ങൾക്കെല്ലാം വീട് എന്നുള്ളത് എന്റെയും വലിയൊരു സ്വപ്നമാണ്. കുടിവെള്ള പദ്ധതികളുടെ വിപുലീകരണവും ഞാൻ ഉറ്റുനോക്കുന്ന സ്വപ്നമാണ്.

മികവ്, ദൗർബല്യം

ചാർളി: ഉഷയുടെ ഏറ്റവും വലിയ മികവ് ദീർഘവീക്ഷണമാണ്. ഓരോ കാര്യത്തിലും തലനാരിഴ കീറി പരിശോധിച്ചാണ് തീരുമാനമെടുക്കാറുള്ളത്. ചില കാര്യങ്ങളിൽ കാർക്കശ്യം ആവശ്യത്തിലും അധികമുള്ളത് ദൗർബല്യമായി തോന്നി.

ഉഷ: പ്രതിപക്ഷത്ത് നിൽക്കുമ്പോഴും വികസന പ്രവർത്തനങ്ങളിൽ നെഗറ്റീവ് മനോഭാവമില്ലാത്തതാണ് വലിയ ഗുണം. ഇത്തവണ എല്ലാ യോഗങ്ങളിലും ചാർളിച്ചേട്ടന് പങ്കെടുക്കാൻ പറ്റിയില്ല. ശാരീരികമായ പ്രശ്നങ്ങൾകൊണ്ടാണ് അതെന്ന് ഞങ്ങൾക്കറിയാം.