ആലുവ: 96കാരിയായ അയിഷുമ്മയുടെ വോട്ട് ഇത്തവണയും മുടങ്ങിയില്ല. ഏഴര പതിറ്റാണ്ടായി വോട്ട് മുടക്കാത്ത, ചെങ്ങമനാട് നാലാം വാര്‍ഡ് പനയക്കടവ് കരിയമ്പിള്ളി വീട്ടില്‍ പരേതനായ ബാവയുടെ ഭാര്യ അയിഷ വാര്‍ധക്യസഹജമായ അവശതകള്‍ക്കിടയില്‍ ഇപ്രാവശ്യവും വോട്ട് രേഖപ്പെടുത്തി.

ചെങ്ങമനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പോളിങ് ബൂത്തില്‍ ഉച്ചക്ക് ശേഷം പേരക്കിടാങ്ങളായ അന്‍വര്‍ സാദത്ത്, ഷാജി, സദ്‌റുദ്ദീന്‍ എന്നിവരോടൊപ്പമെത്തിയാണ് അയിഷുമ്മ വോട്ട് ചെയ്തത്.

കോവിഡ് പശ്ചാത്തലത്തില്‍ പോളിങ് മന്ദഗതിയിലായിരിക്കുമെന്നും അതിനാല്‍ ഇത്തവണ വോട്ട് ചെയ്യുക ക്ലേശകരമായിരിക്കുമെന്നും മക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്തുവന്നാലും നാളിതുവരെ മുടക്കാത്ത വോട്ട് ചെയ്യണമെന്ന നിര്‍ബന്ധത്തിലായിരുന്നു അയിഷുമ്മ.

ഇതോടെയാണ് പേരക്കുട്ടികള്‍ക്കൊപ്പം നടന്ന് ബൂത്തിലെത്തി അയിഷുമ്മ ജനാധിപത്യ അവകാശം ഒരിക്കല്‍കൂടി വിനിയോഗിച്ചത്. വോട്ട് ചെയ്തില്ലായിരുന്നെങ്കില്‍ അത് നിരാശയാകുമായിരുന്നുവെന്നും അല്‍പ്പം ബുദ്ധിമുട്ടിയെങ്കിലും അഭിമാനവും സന്തോഷവുമായി എന്നായിരുന്നു, വോട്ട് ചെയ്ത ശേഷം അയിഷുമ്മയുടെ പ്രതികരണം. 

content highlights: 96 year old ayisha casts vote in aluva