തിരുവനന്തപുരം: കോവിഡ്ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും തിരഞ്ഞെടുപ്പിനു തലേദിവസം മൂന്നുമണിവരെ വീട്ടിലിരുന്നു തപാല്‍ വോട്ടുചെയ്യാം. വോട്ടുചെയ്യിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തും. മൂന്നുദിവസം മുമ്പുവരെ രോഗികളായര്‍ക്കു തപാല്‍വോട്ടു മതിയെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. എങ്കിലും കോവിഡ് രോഗികളും നിരീക്ഷണത്തിലുള്ളവരും പുറത്തിറങ്ങുന്നത് കുറയ്ക്കുകയെന്ന നിലപാടാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെടുത്തത്. ഇതോടെയാണ് തലേന്നു മൂന്നുവരെ വോട്ടുചെയ്യാമെന്ന നിര്‍ദേശം.

കോവിഡ് വൈകിയെത്തിയാല്‍

തപാല്‍വോട്ടിന്റെ അവസരംകഴിഞ്ഞശേഷം കോവിഡ് പോസിറ്റീവാകുന്നവര്‍ക്ക് പി.പി.ഇ. കിറ്റ് ധരിച്ച് ബൂത്തിലെത്തി വോട്ടുചെയ്യാം. പോളിങ്ങിന്റെ അവസാനത്തെ ഒരുമണിക്കൂറിലാണ് ഇവര്‍ക്ക് സമയം.

രോഗി ബൂത്തില്‍എത്തിയാല്‍

രോഗി ബൂത്തിലെത്തിയാല്‍ വോട്ടുചെയ്യാനുളള വരിയില്‍ സാധാരണവോട്ടര്‍മാരുണ്ടെങ്കില്‍ അവര്‍ വോട്ടുചെയ്തിട്ടേ കോവിഡ് പോസിറ്റീവായവര്‍ക്ക് അവസരം നല്‍കൂ. അതുവരെ കോവിഡ് പോസിറ്റീവായവര്‍ വരുന്നവാഹനത്തിലോ സുരക്ഷിതസ്ഥലത്തോ വിശ്രമിക്കണം. ഇതിനുമുന്പ് ടോക്കണ്‍ നല്‍കും.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഏജന്റുമാരും പി.പി.ഇ. കിറ്റ് ധരിച്ചശേഷമേ രോഗികളെ ബൂത്തിനുള്ളിലേക്ക് വിടൂ. ഉദ്യോഗസ്ഥര്‍ക്കും ഏജന്റുമാര്‍ക്കും പി.പി.ഇ. കിറ്റ് നല്‍കാന്‍ ആരോഗ്യവകുപ്പിനോട് കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു