തിരുവനന്തപുരം: ഒരു പ്രദേശത്തെ കോവിഡ്ബാധിതര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും തപാല്‍വോട്ട് ഒറ്റദിവസം തന്നെയാകും. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നയിടങ്ങളില്‍ ഡിസംബര്‍ രണ്ടുമുതല്‍ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തും. സ്‌പെഷ്യല്‍ തപാല്‍ വോട്ടുചെയ്യിപ്പിക്കാന്‍ ഉദ്യോഗസ്ഥരെത്തുന്നവിവരം സ്ഥാനാര്‍ഥികളേയും അറിയിക്കും.
വീടുകളിലും ക്വാറന്റീന്‍ കേന്ദ്രങ്ങളിലും കഴിയുന്നവരെ മുന്‍കൂട്ടി അറിയിച്ചാകും വോട്ടുെചയ്യിക്കാന്‍ ഉദ്യോഗസ്ഥരെത്തുക. പട്ടികയില്‍ ഒരിക്കല്‍ ഉള്‍പ്പെടുന്നവരെ പിന്നീട് ഒഴിവാക്കില്ല. വോട്ടെടുപ്പിനുമുമ്പ് കോവിഡ് മുക്തരായാലും ക്വാറന്റീന്‍കാലാവധി തികച്ചാലും തപാല്‍വോട്ട് ചെയ്യണം. പോളിങ്സ്റ്റേഷനിലെത്തി വോട്ടുചെയ്യാനാകില്ല. കോവിഡുകാരുടെ തപാല്‍വോട്ടിന് സ്‌പെഷ്യല്‍ പോളിങ് ഓഫീസറും പോളിങ് അസിസ്റ്റന്റും പോലീസും വീഡിയോഗ്രാഫറുമടങ്ങുന്ന സംഘത്തെ നിയോഗിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്‌കരന്‍ പറഞ്ഞു. ഇവര്‍ക്കെല്ലാം പി.പി.ഇ. കിറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ നല്‍കും.
തപാല്‍ബാലറ്റുകള്‍ അതത് വരണാധികാരികളാണ് ഏറ്റുവാങ്ങേണ്ടത്. വോട്ടുചെയ്യിപ്പിച്ചശേഷം തിരിച്ചുവാങ്ങും. അപ്പോള്‍തന്നെ ബാലറ്റ് നല്‍കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് പിന്നീട് വരണാധികാരിയെ ഏല്‍പ്പിക്കാം.
മറ്റുജില്ലകളില്‍ കഴിയുന്നവര്‍ക്ക് വോട്ടര്‍പട്ടിക പരിശോധിച്ചശേഷം ബാലറ്റ് അയച്ചുകൊടുക്കും. വോട്ടുചെയ്ത് രജിസ്ട്രേഡ് പോസ്റ്റായോ ആള്‍വശമോ വോട്ടെണ്ണലിനുമുമ്പ് വരണാധികാരിക്ക് കിട്ടണം.
ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകവേതനം
കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും സ്‌പെഷ്യല്‍ ബാലറ്റ്പേപ്പര്‍ വിതരണത്തിന് നിയോഗിക്കുന്ന പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ് എന്നിവരുടെ വേതനം നിശ്ചയിച്ചു. പോളിങ്ഓഫീസര്‍ക്ക് ദിവസം 1000 രൂപയും അസിസ്റ്റന്റിന് 750 രൂപയുമാണ് ലഭിക്കുക. ദിവസവും 250 രൂപ ഭക്ഷണ ചെലവും നല്‍കും.