കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് ഇപ്പോഴുള്ളതിനേക്കാള്‍ മൂന്നിരട്ടി സീറ്റ് വര്‍ധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണം പിടിക്കുമെന്ന് പറഞ്ഞ സുരേന്ദ്രന്‍ 100 പഞ്ചായത്തുകളില്‍ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നും അവകാശപ്പെട്ടു. മാതൃഭൂമി ന്യൂസിനോടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
'തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണം ഉറപ്പായും ബിജെപിക്ക് നേടാനാകും. കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ഈ നാല് കോര്‍പ്പറേഷനുകളിലും നിര്‍ണായക മുന്നേറ്റമുണ്ടാകും. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഇത്തവണ അക്കൗണ്ട് തുറക്കും. നിരവധി മുനിസിപ്പാലിറ്റികളുടെ ഭരണം എന്‍ഡിഎക്ക് കിട്ടും. യുഡിഎഫിനും എല്‍ഡിഎഫിനും നേരത്തെ ലഭിച്ചതിനേക്കാള്‍ സീറ്റുകളുടെ കുറവ് ഉണ്ടാകും. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ കിട്ടാന്‍ പോകുന്നത് തങ്ങള്‍ക്കായിരിക്കും' കെ.സുരേന്ദ്രന്‍ പറഞ്ഞു.
നൂറിലധികം പഞ്ചായത്തുകളില്‍ ഭരണത്തിലേക്കെത്താനുള്ള സാന്നിധ്യം മുന്നണിക്കുണ്ടാകും. ഏറ്റവും ചുരുങ്ങിയത് അവിടങ്ങളിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് ബിജെപിയെ പരാജയപ്പെടുത്താന്‍ യുഡിഎഫ്-എല്‍ഡിഎഫ് ധാരണയുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ചില മുസ്ലിം സംഘടനകളുടെ മധ്യസ്ഥതയിലാണ് ഈ ധാരണയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Content Highlights: BJP state president k surendran -local body election result