ആലപ്പുഴ: വോട്ടിങ്യന്ത്രം സീല്‍ചെയ്യുന്ന പേപ്പര്‍ എത്തിക്കാന്‍ വൈകിയതിനാല്‍ കാട്ടൂര്‍ തെക്കുംഭാഗം എന്‍.എസ്.എസ്. കരയോഗം ഹാളായ 84-ാംനമ്പര്‍ പോളിങ് ബൂത്തില്‍ അരമണിക്കൂര്‍ വൈകിയാണ് വോട്ടിങ് ആരംഭിച്ചത്.
പട്ടണക്കാട് ഒന്‍പതാം വാര്‍ഡ് എസ്.എന്‍.ഡി.പി. ഹാളില്‍ വോട്ടിങ് യന്ത്രം തകരാറിലായി. പുലിയൂര്‍ ഒന്‍പതാം വാര്‍ഡ് ഗവ. എച്ച്.എസ്.എസിലെ ബൂത്തില്‍ യന്ത്രം തകരാറിലായി. താമസിച്ചാണ് വോട്ടിങ് തുടങ്ങിയത്. ചേര്‍ത്തല സൗത്ത് പഞ്ചായത്തിലെ വി.വി. ഗ്രാമം ഒന്നാംനമ്പര്‍ ബൂത്തില്‍ യന്ത്രത്തകരാര്‍ നിമിത്തം വോട്ടിങ് താമസിച്ചാണ് ആരംഭിച്ചത്.
ചേന്നവേലിയില്‍ യന്ത്രത്തകരാറുകൊണ്ട് 30 മിനിറ്റ് തടസ്സംനേരിട്ടു. പട്ടണക്കാട് മേനാശ്ശേരി അങ്കണവാടിയില്‍ രാവിലെ 7-ന് വോട്ടിങ് തുടങ്ങി. 24 പേര്‍ വോട്ടുചെയ്തുകഴിഞ്ഞപ്പോള്‍ യന്ത്രം തകരാറിലായി. തകരാര്‍ പരിഹരിച്ച് 9.15-നാണ് വോട്ടിങ് പീന്നീട് ആരംഭിച്ചത്. മാരാരിക്കുളം തെക്കുപഞ്ചായത്ത് 18-ാം വാര്‍ഡിലെ സര്‍വോദയപുരത്തെ ബൂത്തില്‍ യന്ത്രത്തകരാറിനെത്തുടര്‍ന്ന് വോട്ടിങ് നിലച്ചു. രാവിലെ 7.45-നാണ് യന്ത്രം പണിമുടക്കിയത്.
തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സാംസ്‌കാരിക നിലയം രണ്ടാംനമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറിലായി. തുടര്‍ന്ന് കസേരകളിട്ട് വോട്ടര്‍മാരെ ഇരുത്തി. പിന്നീടാണ് വോട്ടിങ് പുനരാരംഭിച്ചത്. വെട്ടയ്ക്കല്‍ സര്‍വീസ് സഹകരണബാങ്കില്‍ യന്ത്രത്തകരാര്‍ മൂലം താമസിച്ചാണ് വോട്ടിങ് ആരംഭിച്ചത്. തകഴി ഗ്രാമപ്പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ കളത്തില്‍പ്പാലം അങ്കണവാടിയിലെ ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് രാവിലെ ഒന്നരമണിക്കൂര്‍ വൈകിയാണ് വോട്ടെടുപ്പു തുടങ്ങിയത്.
പുതിയയന്ത്രം സ്ഥാപിച്ചശേഷമായിരുന്നു വോട്ടെടുപ്പ്. രാവിലെ ഏഴുമണിക്കുമുന്‍പായി വോട്ടുചെയ്യാന്‍ വരിനിന്നവര്‍ പലരും തിരികെപ്പോയി. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് പത്താം വാര്‍ഡില്‍ കാക്കാഴം ഗവ. ഹൈസ്‌കൂളിലെ ബൂത്തില്‍ യന്ത്രത്തകരാര്‍മൂലം വോട്ടെടുപ്പ് ഒരുമണിക്കൂര്‍ വൈകി. പുന്നപ്ര അറവുകാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാംനമ്പര്‍ ബൂത്തില്‍ യന്ത്രത്തകരാര്‍ മൂലം 52 മിനിറ്റാണ് വോട്ടെടുപ്പു വൈകിയത്.
വണ്ടാനം മെഡിക്കല്‍ കോളേജില്‍ മൂന്നുബൂത്തുകളില്‍ യന്ത്രത്തകരാര്‍മൂലം അരമണിക്കൂര്‍വീതം വോട്ടെടുപ്പുവൈകി. മാരാരിക്കുളം തെക്കുപഞ്ചായത്ത് അഞ്ചാംവാര്‍ഡിലെ രണ്ടാംനമ്പര്‍ ബൂത്തില്‍ യന്ത്രത്തകരാര്‍മൂലം ഒരുമണിക്കൂര്‍ വോട്ടിങ് വൈകി. മണ്ണഞ്ചേരി പഞ്ചായത്ത് പത്താംവാര്‍ഡില്‍ രണ്ടാംനമ്പര്‍ ബൂത്തില്‍ ഒരുമണിക്കൂര്‍ വോട്ടിങ് വൈകി.
യന്ത്രത്തകരാറിനെത്തുടര്‍ന്ന് സീവ്യൂ വാര്‍ഡിലെ വോട്ടെടുപ്പ് മുടങ്ങിയത് ഒന്നരമണിക്കൂര്‍. ലിയോ തേര്‍ട്ടീന്ത് എല്‍.പി. സ്‌കൂളിലെ 23 ബൂത്തുകളിലാണ് യന്ത്രത്തകരാറുകള്‍ ഉണ്ടായത്. രണ്ടാമത്തെ ബൂത്തില്‍ മോക് പോള്‍ സമയത്തുതന്നെ യന്ത്രം തകരാറിലായി. മൂന്നാമത്തെ ബൂത്തില്‍ വോട്ടെടുപ്പിനു തൊട്ടുമുന്‍പ് ബാറ്ററി തീര്‍ന്നതിനെത്തുടര്‍ന്ന് പുതിയബാറ്ററിവെച്ച് വോട്ടെടുപ്പു പുനരാരംഭിച്ചെങ്കിലും യന്ത്രം വീണ്ടും തകരാറിലാകുകയായിരുന്നു. പിന്നീട്, രണ്ടുയന്ത്രങ്ങളും മാറ്റിവെച്ചശേഷം 8.30-നാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.
പൂന്തോപ്പ് വാര്‍ഡ് പൂന്തോപ്പില്‍ഭാഗം എല്‍.പി. സ്‌കൂളിലെ മൂന്നാംനമ്പര്‍ ബൂത്തില്‍ യന്ത്രത്തില്‍ രണ്ടു തവണ അമര്‍ത്തിയാല്‍മാത്രമേ ശബ്ദം കേള്‍ക്കു എന്ന് ആരോപിച്ച് ചിലസ്ഥാനാര്‍ഥികള്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍, പിന്നീട് യന്ത്രത്തിനു തകരാര്‍ ഇല്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് വോട്ടിങ് ആരംഭിക്കുകയായിരുന്നു.
മംഗലം വാര്‍ഡിലെ ട്രാവന്‍കൂര്‍ സൊസൈറ്റി ഒന്നാം നമ്പര്‍ ബൂത്തില്‍ മെഷിനില്‍നിന്ന് ശബ്ദം വരാത്തതിനെത്തുടര്‍ന്ന് വോട്ടിങ് നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് 10 മിനിറ്റിനുശേഷം ഇത് പരിഹരിക്കുകയായിരുന്നു.
ഭരണിക്കാവ് ഗ്രാമപ്പഞ്ചായത്തിലെ വെട്ടിക്കോട് നാഗരാജവിലാസം സ്‌കൂളിലെ ഒന്നാംനമ്പര്‍ ബൂത്തില്‍ വോട്ടിങ്യന്ത്രം തകരാറിലാറിലായതിനെത്തുടര്‍ന്ന് രണ്ടേകാല്‍മണിക്കൂര്‍ വോട്ടെടുപ്പു വൈകി. തകരാറിലായ പുതിയയന്ത്രത്തിനു പകരം മറ്റൊരുയന്ത്രം കൊണ്ടുവന്നെങ്കിലും അതുംതരാറിലായിരുന്നു. പകരം വീണ്ടും മറ്റൊരു യന്ത്രം കൊണ്ടുവന്ന് 9.15- ഓടെയാണ് വോട്ടെടുപ്പു തുടങ്ങിയത്.
ഒന്‍പതാം വാര്‍ഡിലെ വെട്ടിക്കോട് ഗവ. എല്‍.പി.സ്‌കൂളിലെ ഒന്നാംനമ്പര്‍ ബൂത്തിലും യന്ത്രത്തകരാര്‍മൂലം വോട്ടെടുപ്പ് ഒന്നരമണിക്കൂര്‍ വൈകിയാണു തുടങ്ങിയത്. ഭരണിക്കാവ് പഞ്ചായത്തിലെ ബിഷാറത്തുല്‍ മദ്രസയിലെ ബൂത്തില്‍ വോട്ടെടുപ്പിനിടെ രാവിലെ ഒന്‍പതോടെ വോട്ടിങ്യന്ത്രം തകരാറിലായി. അരമണിക്കൂറിനുശേഷം പകരം യന്ത്രമെത്തിച്ചാണ് വോട്ടിങ് തുടര്‍ന്നത്. പട്ടണക്കാട് ബ്ലോക്ക് പരിധിയിലെ 10 ബൂത്തുകളില്‍ യന്ത്രങ്ങള്‍ പണിമുടക്കി.
Content Highlights: voting machine, Kerala Local Body polls