തിരഞ്ഞെടുപ്പെന്നു പറയുമ്പോള്‍ത്തന്നെ ആവേശമാണ്. ആ ആവേശത്തില്‍ കാട്ടിക്കൂട്ടുന്ന ചെയ്തികള്‍ പലപ്പോഴും വലിയ തമാശകളും. തിരഞ്ഞെടുപ്പ് ഓര്‍മകളില്‍ ഏറെ സവിശേഷതയുള്ളതായിരുന്നു അരൂരില്‍ കെ.ആര്‍. ഗൗരിയമ്മയുടെ തോല്‍വിയെന്ന് പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ പറയുന്നു.

'അരൂരില്‍ തിരഞ്ഞെടുപ്പ് തകൃതിയായി നടക്കുന്നു. പാര്‍ട്ടിപിളര്‍പ്പിനുശേഷം ഇടതുപക്ഷത്ത് കെ.ആര്‍. ഗൗരിയമ്മയും കോണ്‍ഗ്രസ് പിന്തുണയോടെ എതിര്‍വശത്ത് പി.എസ്. ശ്രീനിവാസനുമാണ് അന്നു മത്സരിച്ചത്. ആവേശമായ തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ത്തന്നെ ഗൗരിയമ്മയുടെ വിജയം പ്രവര്‍ത്തകര്‍ ഉറപ്പാക്കിയിരുന്നു. വിവരങ്ങളറിയിക്കാന്‍ ബൂത്തിനകത്ത് ഒരാളുണ്ട്.

അന്ന് ആംഗ്യഭാഷയിലാണ് വിവരം കൈമാറുന്നത്. അണികളില്‍ ചിലര്‍ വോട്ടെണ്ണുന്ന ബൂത്തിനുമുന്‍പില്‍ വിജയാഘോഷത്തിനായി കാത്തിരിക്കുന്നു. ഇടയ്ക്കിടെ അകത്തുനില്‍ക്കുന്നയാള്‍ കൈകൊണ്ട് വിജയക്കുതിപ്പ് പുറത്തുനില്‍ക്കുന്നവരെ അറിയിക്കും. ഗൗരിയമ്മയുടെ വോട്ടുനിലയാണ് പ്രധാനം.

വോട്ടെണ്ണലിനിടെ പുറത്തുനിന്നൊരാള്‍ വോട്ടുനില എന്തായെന്നു ചോദിച്ചു. അകത്തുനിന്നയാള്‍ ഒന്നുനോക്കീട്ടു പറയാമെന്ന മട്ടില്‍ ആംഗ്യം കാട്ടി. നിമിഷനേരത്തിനുള്ളില്‍ തലയുയര്‍ത്തി കൈപ്പത്തി മുകളിലേക്ക് ഉയര്‍ത്തിക്കാട്ടി. അതോടെ പുറത്തുനിന്നവര്‍ ഗൗരിയമ്മ 5,000 വോട്ടുകള്‍ക്കു വിജയിച്ചെന്നു കരുതി ആഘോഷങ്ങളാരംഭിച്ചു.

അഞ്ചുവിരലും ഉയര്‍ത്തിയാണല്ലോ അടയാളം കാട്ടിയത്. അപ്പോള്‍ 5,000 വോട്ടുകളെന്നു തെറ്റിധരിച്ചു. യഥാര്‍ഥത്തില്‍ അകത്തുനിന്നയാള്‍ ഉദ്ദേശിച്ചത് അഞ്ചുമണിക്കേ അറിയാനാകൂ എന്നായിരുന്നു. പക്ഷേ, ആ തിരഞ്ഞെടുപ്പില്‍ ഗൗരിയമ്മ തോറ്റു'- വയലാര്‍ ശരത്ചന്ദ്രവര്‍മ പറയുന്നു.

Content Highlights: Vayalar Sarath Chandra Varma, Local Body Election Alappuzha