ആലപ്പുഴ: ജില്ലയില്‍ മൂന്നുമുന്നണിയിലും സീറ്റുവിഭജനത്തില്‍ ഘടകകക്ഷികളുടെ പിണക്കം തീര്‍ന്നിട്ടില്ല. എല്‍.ഡി.എഫില്‍ ജെ.എസ്.എസ്., എന്‍.സി.പി., കേരള കോണ്‍ഗ്രസ് (ബി) എന്നിവര്‍ കലിപ്പിലാണ്. കേരള കോണ്‍ഗ്രസ് (ബി)ക്ക് ജില്ലയില്‍ ഒരു സീറ്റുപോലും കിട്ടിയില്ല. ജെ.എസ്.എസ്. ശക്തികേന്ദ്രമായി കണക്കാക്കിയിരിക്കുന്ന ജില്ലയില്‍ ചോദിച്ച സീറ്റുകളില്‍ ഒരെണ്ണം മാത്രമാണ് നല്‍കിയത്.

സ്ഥാനാര്‍ഥിത്വം കിട്ടാത്ത ചില നേതാക്കളുടെയും ബന്ധുക്കളുടെയും പരിഭവം തീര്‍ക്കാനുള്ള പെടാപ്പാടിലാണ് സി.പി.എം. നേതൃത്വം. ആലപ്പുഴ നഗരത്തിലെ സിറ്റിങ് സീറ്റായ പൂന്തോപ്പ് വാര്‍ഡ് ജില്ലാ പ്രസിഡന്റ് പി.ഡി. രതീഷിന് സി.പി.എം. വിട്ടു നല്‍കിയെന്നതാണ് ജെ.എസ്.എസിന് ആശ്വാസം പകരുന്ന ഒരേയൊരു കാര്യം. എന്‍.സി.പി.യുടെ സീറ്റുകള്‍ തോമസ് ചാണ്ടിയോടുള്ള അടുപ്പം കൊണ്ടു നല്‍കിയതാണെന്നും നിയമസഭാ സീറ്റ് നല്‍കുന്നതിനാല്‍ തദ്ദേശത്തില്‍ വിട്ടുവീഴ്ചയില്ലെന്നും സി.പി.എം. നേതാക്കള്‍ അറിയിച്ചു കഴിഞ്ഞു.

20 വര്‍ഷമായി മത്സരിക്കുന്ന ചമ്പക്കുളം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ വേണമെന്നതാണ് യു.ഡി.എഫില്‍ ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം. എന്നാല്‍, ഒന്നിച്ചുനിന്നപ്പോള്‍ ജോസ് കെ. മാണി വിഭാഗത്തിലെ ബിനു ഐസക് രാജു വിജയിച്ച സീറ്റില്‍ ജോസഫ് ഗ്രൂപ്പ് ശാഠ്യം പിടിക്കുന്നതിനു വേണ്ടത്ര പിന്‍ബലമില്ലെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. ഇതിനെല്ലാമുപരി കോണ്‍ഗ്രസിലെ ഗ്രൂപ്പുകളെ എങ്ങനെ തൃപ്തിപ്പെടുത്തുമെന്നറിയാതെ ഉഴലുകയാണ് നേതാക്കള്‍.

എന്‍.ഡി.എ.യില്‍ ബി.ഡി.ജെ.എസിനും തൃപ്തിയില്ലാത്ത സ്ഥിതിയാണ്. ജയിക്കാവുന്ന സീറ്റ് ബി.ജെ.പി. എടുത്തിട്ട് ഇരട്ടി സീറ്റ് വാഗ്ദാനം ചെയ്യുകയാണെന്നാണ് അവര്‍ പറയുന്നത്. ജില്ലയില്‍ ബി.ഡി.ജെ.എസിന് മേല്‍ക്കൈ നല്‍കേണ്ട മാവേലിക്കര, ഹരിപ്പാട്, ചേര്‍ത്തല, അരൂര്‍, കുട്ടനാട് മണ്ഡലങ്ങളില്‍ പ്രധാനപ്പെട്ട സീറ്റുകള്‍ നല്‍കാതെ വഞ്ചിക്കുകയാണെന്നാണ് ഇവരുടെ ആക്ഷേപം. എന്നാല്‍, ചോദിച്ചതിലും കൂടുതല്‍ സീറ്റ് നല്‍കാന്‍ തയ്യാറായിട്ടും ബി.ഡി.ജെ.എസ്. നേതാക്കള്‍ മുറുമുറുക്കുന്നത് മറ്റെന്തോ താത്പര്യത്തിലാണെന്നാണ് ബി.ജെ.പി. നേതാക്കള്‍ പറയുന്നത്.

Content Highlights: Local Body Election Alappuzha 2020: Small parties are dissatisfied with seat allocation