ആലപ്പുഴ: മത്സരരംഗത്ത് സ്ഥാനാര്‍ഥികളുടെ പ്രയാണത്തിനു തടസ്സമുണ്ടാക്കുന്ന വിമതരെ പടിക്കുപുറത്താക്കി പാര്‍ട്ടികള്‍. മത്സരരംഗത്തുനിന്നു പിന്മാറാന്‍ നിര്‍ദേശിച്ചിട്ടും മാറാതിരുന്നവരെ സി.പി.എം. പുറത്താക്കി. സി.പി.ഐ.യും നടപടി സ്വീകരിച്ചു. ബി.ജെ.പി. പുറത്താക്കുമെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് മത്സരരംഗത്തുനിന്നു മാറിനില്‍ക്കാന്‍ അന്ത്യശാസനവും നല്‍കിയിരിക്കുകയാണ്.

ആലപ്പുഴ നഗരസഭ വലിയകുളം വാര്‍ഡില്‍ വിമതനായി മത്സരിക്കുന്ന പാര്‍ട്ടിയംഗം നിസാം, തുമ്പോളി വാര്‍ഡിലെ വത്സലാ സെബാസ്റ്റ്യന്‍ എന്നിവരെ പുറത്താക്കി. പാര്‍ട്ടിയോട് ആലോചിക്കാതെ നാമനിര്‍ദേശപത്രിക നല്‍കുകയും പിന്‍വലിക്കാന്‍ പറഞ്ഞിട്ടും അനുസരിക്കാതിരിക്കുകയും ചെയ്തതിനാലാണു നടപടിയെന്ന് സി.പി.എം. ഏരിയാ നേതൃത്വം അറിയിച്ചു.

കായംകുളം ചേരാവള്ളിയില്‍ രണ്ടു ലോക്കല്‍ കമ്മിറ്റിയംഗങ്ങളെയും മൂന്നു പാര്‍ട്ടിയംഗങ്ങളെയുമാണ് പുറത്താക്കിയത്. ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ ജിതേഷ്‌കുമാര്‍, നിസാര്‍, പാര്‍ട്ടിയംഗങ്ങളായ ബിജു, അനിഷ, റിയാസ് എന്നിവരെയുമാണ് പുറത്താക്കിയത്. ഇവര്‍ വിമത സ്ഥാനാര്‍ഥികളാണ്. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്തില്‍ വിമതരായി മത്സരിക്കുന്ന മെര്‍ലിന്‍ സുരേഷ്, ജൈനമ്മ സെബാസ്റ്റ്യന്‍ എന്നിവരെയാണ് സി.പി.ഐ. പുറത്താക്കിയത്. പത്രിക പിന്‍വലിക്കാതെ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കും വിമതരായി നില്‍ക്കുന്നവരോട് പ്രവര്‍ത്തനരംഗത്തുനിന്ന് മാറിനില്‍ക്കാനുള്ള നിര്‍ദേശംകൂടി നല്‍കിയതായി ഡി.സി.സി.ചുമതലയുള്ള ബി. ബാബുപ്രസാദ് പറഞ്ഞു. മാറിനിന്നില്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിസ്ഥാനാര്‍ഥികള്‍ക്കെതിരേ മത്സരിക്കുന്ന ഭാരവാഹികളെ പുറത്താക്കുകതന്നെ ചെയ്യുമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍ പറഞ്ഞു. മുന്നണിസ്ഥാനാര്‍ഥിക്കെതിരേ മത്സരിക്കുന്നവരെ ആര്‍.എസ്.പി.യും പുറത്താക്കി.

എന്‍.ഡി.എ.നേതാക്കള്‍ എത്തിത്തുടങ്ങി

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്‍.ഡി.എ. സംസ്ഥാനനേതാക്കള്‍ എത്തിത്തുടങ്ങി. ചൊവ്വാഴ്ച ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.ടി. രമ മനക്കോടം ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്തു. ബുധനാഴ്ച ബി.ഡി.ജെ.എസ്. സംസ്ഥാന ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി പുന്നപ്ര, അരൂര്‍ ഡിവിഷനുകളിലെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. അടുത്തദിവസങ്ങളില്‍ മറ്റു പാര്‍ട്ടികളിലെ സംസ്ഥാന നേതാക്കളും എത്തുന്നുണ്ട്.

Content Highlights: Presence of dissidents a headache for major parties.