ആലപ്പുഴ: മുന്നണികളിലെ തര്‍ക്കങ്ങള്‍തീര്‍ന്നതോടെ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവന്നുതുടങ്ങി. യു.ഡി.എഫ്. ഒരു ഡിവിഷനിലൊഴികെ മറ്റിടങ്ങളില്‍ ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പള്ളിപ്പുറം ഡിവിഷനിലാണ് ഇനിയും പ്രഖ്യാപിക്കാനുള്ളത്.എന്‍.ഡി.എ. യുടെ പ്രഖ്യാപനം ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ്. എല്‍.ഡി.എഫ്. നേരത്തേതന്നെ സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയിരുന്നു.

ഡിവിഷനുകളുടെ വീതംവെപ്പുസംബന്ധിച്ചു ഘടകകക്ഷികള്‍തമ്മിലുള്ള അനിശ്ചിതത്വം നീങ്ങിയതോടെയാണു യു.ഡി.എഫിന്റെ ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ആലപ്പുഴ, കായംകുളം, മാവേലിക്കര നഗരസഭകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ഗ്രൂപ്പ് വീതംവെപ്പു തീരാത്തതിനാല്‍ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കിയിട്ടില്ല. അതേസമയം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി വോട്ടുചോദിച്ചുതുടങ്ങി. മുസ്ലിംലീഗ്, കേരളകോണ്‍ഗ്രസ് ജോസഫ്, കേരളകോണ്‍ഗ്രസ് ജേക്കബ്, സി.എം.പി., ഫോര്‍വേഡ് ബ്ലോക്ക് എന്നീ കക്ഷികളുടെയെല്ലാം ആവശ്യങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ യു.ഡി.എഫില്‍ ചിലതര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്.

എല്‍.ഡി.എഫില്‍ പിണക്കവും പിന്മാറലും

ആലപ്പുഴ നഗരസഭയില്‍ സി.പി.ഐ. സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന നഗരസഭാ മുന്‍ചെയര്‍മാന്‍ ബി. അന്‍സാരി മത്സരത്തില്‍നിന്നു പിന്മാറി. സക്കറിയാബസാര്‍ വാര്‍ഡില്‍ മത്സരിക്കാനാണു നിര്‍ദേശം നല്‍കിയത്. എന്നാല്‍, ആലിശ്ശേരിവാര്‍ഡു വേണമെന്ന് അന്‍സാരി ആവശ്യപ്പെട്ടു. അവിടെ എ.ഐ.വൈ.എഫ്. നേതാവ് പി.എസ്.എം. ഹുസൈനു നല്‍കി. ഇതില്‍ പ്രതിഷേധിച്ചാണ് അന്‍സാരി പിന്മാറിയത്. ഇതിനെത്തുടര്‍ന്ന് സക്കറിയാബസാര്‍ വാര്‍ഡില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ പാര്‍ട്ടി രംഗത്തിറക്കുകയും ചെയ്തു.

പ്രഖ്യാപിച്ചതിനു പിന്നാലെ സ്ഥാനാര്‍ഥിയെമാറ്റി

ഐ.എന്‍.എല്ലിന് ആലപ്പുഴ നഗരസഭയില്‍ നല്‍കിയ സീറ്റില്‍ രാവിലെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ ഉച്ചയോടെ മാറ്റി. എല്‍.ഡി.എഫ്. മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകമ്മിറ്റി സെക്രട്ടറി പി.പി. ചിത്തരഞ്ജന്‍ രാവിലെ പത്രസമ്മേളനം നടത്തിയാണ് സുധീര്‍ കോയയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഉച്ചയോടെ ആ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതായി അദ്ദേഹംതന്നെ അറിയിച്ചു. ഐ.എന്‍.എല്ലിലെ ആഭ്യന്തരകലാപമാണ് ഇതിനുപിന്നിലെന്നു പറയുന്നു.

മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്തില്‍ സീറ്റുനല്‍കാത്തതില്‍ പ്രതിഷേധിച്ച് രണ്ടുവാര്‍ഡുകളില്‍ മത്സരിക്കുമെന്ന് ഭീഷണിമുഴക്കി നില്‍ക്കുകയാണ് ലോക് താന്ത്രിക് ജനതാദള്‍. ഇവിടെ ബ്ലോക്കു പഞ്ചായത്തിലേക്കും എല്‍.െജ.ഡി.യെ പരിഗണിച്ചില്ല. ഗ്രാമപ്പഞ്ചായത്തില്‍ സീറ്റ് നല്‍കാമെന്നുപറഞ്ഞാണ് ബ്ലോക്ക് പഞ്ചായത്ത് ഒഴിവാക്കിയതെന്നും എന്നാല്‍, അവസാനനിമിഷം അതും നല്‍കാതെ വഞ്ചിക്കുകയായിരുന്നെന്നുമാണ് നേതാക്കള്‍ പറയുന്നത്.

എന്‍.ഡി.എ. തിരഞ്ഞെടുപ്പു കണ്‍വെന്‍ഷനുകളിലേക്ക്

എന്‍.ഡി.എ. ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭകളിലും തിരഞ്ഞെടുപ്പുകണ്‍വെന്‍ഷനുകള്‍ തുടങ്ങി. സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തുകയും പ്രചാരണത്തിനു തുടക്കംകുറിക്കുകയുമെന്ന ലക്ഷ്യത്തോടെയാണിതെന്നു ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍ പറഞ്ഞു. കോവിഡ് മാനദണ്ഡംപാലിച്ചായതിനാല്‍ കുറച്ചുപേരെമാത്രമാണ് കണ്‍െവന്‍ഷനുകളില്‍ പങ്കെടുപ്പിക്കുന്നത്. കണ്‍വെന്‍ഷനുകളുടെ എണ്ണംകൂട്ടി ഈ കുറവ് പരിഹരിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. ചെങ്ങന്നൂര്‍ നഗരസഭയില്‍ ബി.ഡി.ജെ.എസുമായുള്ള ഭിന്നത നേതൃത്വത്തിനു തലവേദനയായി.

Content Highlights: Local Body Election 2020,  Political parties announce list of candidates in Alappuzha district