കുട്ടനാട്: തദ്ദേശതിരഞ്ഞെടുപ്പില്‍ മികച്ചനേട്ടം പ്രതീക്ഷിക്കുന്ന എന്‍.ഡി.എ.ക്ക് കുട്ടനാട്ടില്‍ 36 സീറ്റുകളില്‍ സ്ഥാനാര്‍ഥിയില്ല. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ ആകെയുള്ള 13 ഡിവിഷനുകളില്‍ ഏഴിടത്തും വെളിയനാട് ബ്ലോക്കില്‍ ഒരു ഡിവിഷനിലും സ്ഥാനാര്‍ഥികളില്ല. അവശേഷിക്കുന്ന 28 സീറ്റുകള്‍ 13 പഞ്ചായത്തുകളിലായാണ് നഷ്ടപ്പെടുത്തിയിരിക്കുന്നത്.

ജില്ലാ ജനറല്‍ സെക്രട്ടറി, നിയോജകമണ്ഡലം പ്രസിഡന്റ് എന്നിവരുടെ ബ്ലോക്കിലാണ് ഏഴുസീറ്റുകളില്‍ മത്സരിക്കാന്‍ ആളില്ലാത്തത്. ഇതിനുപുറമേ നിയോജകമണ്ഡലത്തിലെ ഒരു ജനറല്‍ സെക്രട്ടറിയുടെ പഞ്ചായത്തില്‍ പകുതിയോളം സീറ്റില്‍ സ്ഥാനാര്‍ഥിയില്ല. മറ്റൊരു ജനറല്‍ സെക്രട്ടറിയുടെ പഞ്ചായത്തില്‍ നിലവില്‍ എന്‍.ഡി.എ. സംവിധാനത്തില്‍ ജയിച്ച സീറ്റില്‍ ഇത്തവണ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്താത്തത് ഏറെ ചര്‍ച്ചയായിട്ടുണ്ട്. ഇവിടെ ബി.ജെ.പി.- കോണ്‍ഗ്രസ് സഖ്യമാണെന്നാണ് സി.പി.എം. ആരോപിക്കുന്നത്. രാമങ്കരിയില്‍ കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും പ്രസിഡന്റ് സ്ഥാനത്തിന് സാധ്യതയുള്ളവര്‍ മത്സരിക്കുന്ന രണ്ട് വാര്‍ഡുകളില്‍ ബി.ജെ.പി.ക്ക് സ്ഥാനാര്‍ഥിയില്ല.

പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കേണ്ടവര്‍ ബ്ലോക്ക്, പഞ്ചായത്ത് സീറ്റുകളില്‍ മത്സരിക്കാനിറങ്ങിയതോടെ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആളില്ലാതായി എന്നാണ് പാര്‍ട്ടിക്കുള്ളില്‍നിന്നുലഭിക്കുന്ന സൂചന. ബി.ഡി.ജെ.എസ്. നേതൃത്വം പരസ്യപ്രതികരണവുമായി രംഗത്തുവരുന്നില്ലെങ്കിലും ബി.ജെ.പി.യുടെ സമീപനത്തില്‍ അവരും തൃപ്തരല്ല.

പുളിങ്കുന്നില്‍ മുന്‍വര്‍ഷങ്ങളില്‍ ബി.ജെ.പി. ജയിച്ച വാര്‍ഡില്‍ മുതിര്‍ന്ന ബി.ജെ.പി. നേതാവും നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമായ ആളാണ് ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ മത്സരിക്കുന്നത്. ഇവിടെ വാര്‍ഡുതല കമ്മിറ്റി കൂടാതെ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുത്തതായി ആക്ഷേപമുണ്ട്. വിമതനായി മത്സരിക്കുന്നയാള്‍ കഴിഞ്ഞമാസം ജില്ലാ പ്രസിഡന്റിന് വിശദമായ കത്തുനല്‍കിയിയിരുന്നു.

കഴിഞ്ഞദിവസം വൈസ്പ്രസിഡന്റിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായികാട്ടി പഞ്ചായത്ത് കമ്മിറ്റി നോട്ടീസിറക്കി. എന്നാല്‍, പ്രധാന ചുമതലവഹിക്കുന്നയാളെ സംസ്ഥാന കമ്മിറ്റിയുടെ അനുമതിയില്ലാതെ പുറത്താക്കാനാകില്ലെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്. മറ്റൊരു വാര്‍ഡിലും വാര്‍ഡുതല കമ്മിറ്റി തീരുമാനിച്ച ആളെ അവസാനനിമിഷം മാറ്റിയിരുന്നു. ഇവിടെയും ആദ്യം സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിച്ചയാള്‍ വിമതനായി മത്സരിക്കുന്നുണ്ട്.

ആര്‍.എസ്.എസിന്റെ സംയോജകമാന്‍മാര്‍ രംഗത്തുണ്ടെങ്കിലും പഞ്ചായത്തുതലത്തില്‍പ്പോലും ബി.ജെ.പി.യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കാന്‍ ആളില്ലാത്ത അവസ്ഥയാണെന്ന് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ആക്ഷേപമുണ്ട്. നേരത്തെ നടന്ന നിയോജകമണ്ഡലം ഭാരവാഹികളുടെ തിരഞ്ഞെടുപ്പുമുതല്‍ പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ന്നിരുന്നു.

Content Highlights: NDA has no candidate in 36 seats in Kuttanad