ആലപ്പുഴ: ജില്ലയിലെ 72 ഗ്രാമപ്പഞ്ചായത്തുകളിലെ 1169 അംഗങ്ങളില്‍ എല്‍.ഡി.എഫിന് 597 അംഗങ്ങള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 606 അംഗങ്ങളാണുണ്ടായിരുന്നത്. യു.ഡി.എഫിന് 338 അംഗങ്ങളുണ്ട്. കഴിഞ്ഞതവണ 426 ആയിരുന്നു. എന്‍.ഡി.എ.യ്ക്ക് ഇക്കുറി 146 പേരുണ്ട്. കഴിഞ്ഞ തവണയിത് 115 ആയിരുന്നു. സ്വതന്ത്രര്‍ 87 ആണ്. കഴിഞ്ഞ പ്രാവശ്യം 21 സ്വതന്ത്രരാണ് ഉണ്ടായിരുന്നത്. ഈ സ്വതന്ത്രരില്‍ പലരും മുന്നണികളുടെ പിന്തുണയില്‍ വിജയിച്ചവരാണ്. പാര്‍ട്ടികളുെട കണക്കില്‍ അതുകൂടി ചേര്‍ക്കും.
ജില്ലയിലെ ആറുനഗരസഭകളിലായി 215 അംഗങ്ങളാണു തിരഞ്ഞെടുക്കപ്പെട്ടത്. അതില്‍ എല്‍.ഡി.ഫിന് 91 പേരുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇത് 88 ആയിരുന്നു. യു.ഡി.എഫിന് ഇക്കുറി 74 ആണ്. കഴിഞ്ഞ പ്രാവശ്യം 90 ആയിരുന്നു. എന്‍.ഡി.എ.യുടെ അംഗബലം 31 ആണ്. കഴിഞ്ഞ പ്രാവശ്യം ഇത് 29 ആയിരുന്നു. സ്വതന്ത്രരുടെ എണ്ണം എട്ടില്‍നിന്ന് 19 ആയി.
12 ബ്ലോക്ക് പഞ്ചായത്തുകളിലെ 158 സീറ്റില്‍ എല്‍.ഡി.എഫിന് 122 സീറ്റാണു ലഭിച്ചത്. 96 ആയിരുന്നു കഴിഞ്ഞതവണ. യു.ഡി.എഫിനാകട്ടെ 59-ല്‍നിന്ന് 31 ആയി കുറഞ്ഞു. എന്‍.ഡി.എ. അംഗസംഖ്യ ഒന്നില്‍ നിന്ന് നാലായി. ഒരു സ്വതന്ത്രനും ഇക്കുറിയുണ്ട്.
ജില്ലാ പഞ്ചായത്തില്‍ ആകെ 23 അംഗങ്ങളില്‍ ഇക്കുറി 21 അംഗങ്ങളാണ് എല്‍.ഡി.എഫിന്. കഴിഞ്ഞതിരഞ്ഞെടുപ്പില്‍ 16 ആയിരുന്നിടത്താണിത്. കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം കൂടിയെത്തിയപ്പോള്‍ അംഗസംഖ്യ 17 ആയിമാറി. ഇതനുസരിച്ചു കഴിഞ്ഞതവണ യു.ഡി.എഫിന്റെ അംഗസംഖ്യ ഏഴില്‍നിന്ന് ആറായും കുറഞ്ഞു. എന്നാല്‍, ഇക്കുറി രണ്ടു പേര്‍ മാത്രമാണു യു.ഡി.എഫിനുള്ളത്.
ഭൂരിപക്ഷമില്ലെങ്കിലും ചെന്നിത്തല എല്‍.ഡി.എഫ്. ഭരിക്കും
മാന്നാര്‍: തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടെങ്കിലും ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്ത് എല്‍.ഡി.എഫ്. ഭരിക്കുമെന്നുറപ്പായി. ഒന്നാം വാര്‍ഡില്‍ വിജയിച്ച സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രന്‍ പ്രസിഡന്റാകും. കോണ്‍ഗ്രസ് പിന്തുണയോടെയായിരിക്കും എല്‍.ഡി.എഫ്. ഭരിക്കുക. ഒരുമുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ പ്രതിസന്ധി മറികടക്കാന്‍ കോണ്‍ഗ്രസിന് സി.പി.എമ്മിനെ പിന്തുണയ്ക്കുകയേ നിര്‍വാഹമുള്ളൂ.
പട്ടികജാതി വനിതയ്ക്കാണു പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്തിട്ടുള്ളത്. ബി.ജെ.പി.ക്കും യു.ഡി.എഫിനും ആറുസീറ്റു വീതമുണ്ടെങ്കിലും ബി.ജെ.പി.യിലും അഞ്ചു സീറ്റുനേടിയ എല്‍.ഡി.എഫിലും മാത്രമാണു പട്ടികജാതി വനിത ജയിച്ചിട്ടുള്ളത്. എന്നാല്‍, ബി.ജെ.പി.ക്കു ഭരണം നല്‍കാന്‍ ഇരുമുന്നണികളും തയ്യാറല്ല. ഇക്കാരണത്താല്‍ ഇവിടെ സി.പി.എമ്മും കോണ്‍ഗ്രസും ഒന്നിച്ചുനില്‍ക്കും. സി.പി.എമ്മിലെ പട്ടികജാതി വനിതയെ പ്രസിഡന്റാക്കാന്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കും. കഴിഞ്ഞ ഭരണസമിതിയില്‍ എട്ടംഗങ്ങളോടെ പഞ്ചായത്തു ഭരിച്ചിരുന്ന സി.പി.എം. ഇത്തവണ ഭൂരിപക്ഷമില്ലെങ്കിലും കോണ്‍ഗ്രസ് പിന്തുണയില്‍ വീണ്ടും ഭരിക്കും.
വരുംദിവസങ്ങളില്‍ ഇതുസംബന്ധിച്ചു തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ജന്മനാട്ടിലുണ്ടാകുന്ന ഈ സഖ്യം സംസ്ഥാനത്തു തന്നെ ചര്‍ച്ചയാകാനിടയുണ്ട്.
Content Highlights: Local Body Election LDF has 597 members, 338 to the UDF