ആലപ്പുഴ : വര്‍ഷങ്ങളായി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന ആലപ്പുഴ നിയോജകമണ്ഡലം തദ്ദേശതിരഞ്ഞെടുപ്പിലും ഗതിമാറിയില്ല. വോട്ടുനില പരിശോധിച്ചാല്‍ വന്‍ മുന്നേറ്റം നടത്തിയെന്നു പറയാനാകില്ലെങ്കിലും മികച്ചപ്രകടനമാണ് എല്‍.ഡി.എഫ്. കാഴ്ചവെച്ചത്. എല്‍.ഡി.എഫ്. ആലപ്പുഴ നിയോജകമണ്ഡലത്തില്‍ 69,256 വോട്ടുകളാണു നേടിയത്. യു.ഡി.എഫ്. 51,688 വോട്ടുകള്‍ നേടി.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോമസ് ഐസക്കിന് ആലപ്പുഴ മണ്ഡലത്തില്‍ ലഭിച്ചത് 83,211 വോട്ടുകളാണ്. 31,032 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റെ ലാലി വിന്‍സെന്റിനെ ഐസക് പരാജയപ്പെടുത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ്. വോട്ടുനില 69,256 ആയി കുറഞ്ഞത് എല്‍.ഡി.എഫ്. പരിശോധിക്കാനാണ് സാധ്യത.

നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ലാലി വിന്‍സെന്റ് 52,179 വോട്ടുകളാണു നേടിയത്. ഇപ്പോള്‍ യു.ഡി.എഫിനു പഞ്ചായത്തിലും നഗരസഭയിലുമായി 51,688 വോട്ടുകള്‍ നേടാനായതു വലിയ വോട്ടു ചോര്‍ച്ചയുണ്ടായില്ലെന്നതിന്റെ തെളിവായി യു.ഡി.എഫും ചൂണ്ടിക്കാട്ടുന്നു.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടു താരതമ്യം ചെയ്താല്‍ എന്‍.ഡി.എ. മികച്ച പ്രകടനം കാഴ്ചവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 18,214 വോട്ടുകളാണു നേടിയതെങ്കില്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ 25,809 വോട്ടുകള്‍ നേടി കരുത്തു കാട്ടാന്‍ എന്‍.ഡി.എ.ക്ക് സാധിച്ചു.

Content Highlights: Local Body Election analysis Alappuzha