ആലപ്പുഴ: ജില്ലയിലെ തിരഞ്ഞെടുപ്പു തോല്‍വി യു.ഡി.എഫിലും കോണ്‍ഗ്രസിലും വിവാദത്തിനു തിരികൊളുത്തി. മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും മാത്രമല്ല ഫോര്‍വേഡ് ബ്ലോക്കുപോലും കോണ്‍ഗ്രസ് നേതൃത്വമാണു പരാജയത്തിനു കാരണമെന്ന് ആരോപിക്കുന്നു.

ഘടകകക്ഷികള്‍ക്കു സീറ്റു നല്‍കി പാര്‍ട്ടിക്കാരെ റിബലുകളായി നിര്‍ത്തി തോല്‍പ്പിക്കുകയാണു ചെയ്‌തെതെന്നാണ് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആരോപണം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ഇതിനു പിന്തുണ നല്‍കുന്ന പ്രതികരണമാണു നടത്തിയത്. ജില്ലാ പഞ്ചായത്ത് ചമ്പക്കുളം ഡിവിഷന്‍ ഏകപക്ഷീയമായി പിടിച്ചെടുത്തതു ശരിയായില്ലെന്നു ഫലം വന്നപ്പോള്‍ തെളിഞ്ഞു. യു.ഡി.എഫ്. മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവു തോറ്റു. പാര്‍ട്ടിക്കു ശക്തിയുള്ള സ്ഥലങ്ങളില്‍ സീറ്റു നല്‍കാതെ കോണ്‍ഗ്രസിന്റെ ഇഷ്ടത്തിനു സീറ്റു നല്‍കിയതും വിനയായെന്ന് അവര്‍ പറയുന്നു.

റിബലുകളെ പുറത്താക്കണമെന്ന് ഡി.സി.സി. നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടും അവസാനനിമിഷമാണു നടപ്പായതെന്ന് ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റിയംഗം എ.എന്‍.പുരം ശിവകുമാര്‍ പറഞ്ഞു. താന്‍ മത്സരിച്ച മുല്ലയ്ക്കല്‍ വാര്‍ഡിലെ തോല്‍വിയുടെ ഉത്തരവാദിത്വം കോണ്‍ഗ്രസിനാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സീറ്റു നല്‍കി ചതിക്കുകയായിരുന്നെന്നാണ് ഫോര്‍വേഡ് ബ്ലോക്ക് നേതാവു കളത്തില്‍ വിജയന്റെ ആരോപണം.

എന്നാല്‍, ഇതെല്ലാം തള്ളിക്കളയുകയാണ് യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ സി.കെ. ഷാജിമോഹന്‍. സംസ്ഥാനം മുഴുവന്‍ സംഭവിച്ച പരാജയത്തിന്റെ ഒരു ഭാഗംമാത്രമാണു ജില്ലയിലുമുണ്ടായത്. എന്നാല്‍, അത്രവലിയ തോല്‍വി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പല ഗ്രാമപ്പഞ്ചായത്തിലും ഒന്നോ രണ്ടോ സീറ്റിനാണു ഭരണം പോയത്. എന്‍.ഡി.എ. സ്ഥാനാര്‍ഥികള്‍ കോണ്‍ഗ്രസിന്റെ വോട്ടുചോര്‍ത്തിയതാണു തോല്‍വിക്കു കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.

ഡി.സി.സി. നേതൃത്വത്തിനെതിരേ

ജില്ലയില്‍ കോണ്‍ഗ്രസിനെ ദയനീയ തോല്‍വിയിലേക്കു നയിച്ചതു സംഘടനാ പിഴവാണെന്നു ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. ഇക്കാര്യം പാര്‍ട്ടിയോഗത്തില്‍ തുറന്നടിക്കുമെന്ന് ഇവര്‍ പറഞ്ഞു. സ്ഥാനാര്‍ഥികള്‍ക്ക് ആവേശം പകരുന്നതരത്തിലുള്ള പ്രവര്‍ത്തനം ജില്ലാ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുമുണ്ടായില്ല. സംഘടനാ പദവികളെല്ലാം അവസാനഘട്ടത്തിലാണു നല്‍കിയത്. സംഘനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തി തിരഞ്ഞെടുപ്പിലേക്കു നയിക്കേണ്ടതായിരുന്നെങ്കിലും അതുണ്ടായില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

Content Highlights: Local Body Election Alappuzha, UDF, Indian National Congress