ആലപ്പുഴ: കൂറുമാറ്റത്തിന്റെ കൊയ്ത്തുകാലം കൂടിയാണ് തദ്ദേശ തിരഞ്ഞെടുപ്പുസമയം. നേതൃത്വത്തിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിവിടുന്നതെന്നാണ് ഒരുപാര്‍ട്ടിവിട്ട് മറ്റൊന്നില്‍ ചേരുന്നവരെല്ലാം അവകാശപ്പെടുക.

ബുധനാഴ്ച കോണ്‍ഗ്രസ് നേതാവും ദേവികുളങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ചന്ദ്രശേഖരപിള്ള ബി.ജെ.പി.യില്‍ ചേര്‍ന്നു. താമരക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കോണ്‍ഗ്രസ് നേതാവ് രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ ബി.ജെ.പി.യില്‍ ചേര്‍ന്നതിനുപിന്നാലെയാണിത്. കഴിഞ്ഞദിവസം ചെങ്ങന്നൂരില്‍ വി.എച്ച്.പി.നേതാവും ആര്‍.എസ്.എസ്.പ്രവര്‍ത്തകനുമായിരുന്ന ദിലീപ് തപസ്യ സി.പി.എമ്മില്‍ ചേര്‍ന്നിരുന്നു.

ജില്ലയിലെ എല്ലാ പാര്‍ട്ടികളിലും പിണക്കം പുകയുകയാണ്. സീറ്റ് നിഷേധിച്ചെന്നാരോപിച്ച് കേഡര്‍ പാര്‍ട്ടിയായ സി.പി.ഐ.യില്‍ കലാപം പുകയുന്നുണ്ട്. സീറ്റു നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുകൂടിയായിരുന്ന സി.പി.ഐ.നേതാവ് പാര്‍ട്ടിയോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. ആലപ്പുഴ നഗരസഭ മുന്‍ വൈസ് ചെയര്‍മാനും കൂട്ടരും ഇഷ്ടപ്പെട്ട സീറ്റ് നല്‍കാത്തതില്‍ നേതൃത്വത്തിനെതിരേ കലാപമുയര്‍ത്തിയിരിക്കുകയാണ്.

അതിനിടയില്‍ കേരള കോണ്‍ഗ്രസ് ജോസഫ്-മാണി വിഭാഗങ്ങളില്‍നിന്നുള്ളവര്‍ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നുണ്ട്. എതിര്‍പാര്‍ട്ടിക്കാര്‍ ധാരാളം ഇക്കാലയളവില്‍ തങ്ങളിലേക്കു വരുമെന്നാണ് ഓരോ പാര്‍ട്ടിയും അവകാശപ്പെടുന്നത്.

Content Highlights:  Local Body Election, Alappuzha, LDF, UDF, BJP