ചെങ്ങന്നൂര്‍: കാത്തിരിപ്പിനൊടുവില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികള്‍ക്കുള്ളില്‍ ആഭ്യന്തരകലഹം രൂക്ഷമായി. ചെങ്ങന്നൂരിലെ എല്‍.ഡി.എഫ്., യു.ഡി.എഫ്., എന്‍.ഡി.എ. എന്നീ മൂന്നുമുന്നണികളിലും പോര് കടുത്തു.

എല്‍.ഡി.എഫ്.

എല്‍.ഡി.എഫില്‍ കേരള കോണ്‍ഗ്രസ് ജോസ് പക്ഷം പുതുതായി വന്നിട്ടുണ്ട്. അതിന്റെമെച്ചം ചെങ്ങന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ മുതലാക്കാനുള്ള ഒരുക്കത്തിലായിരുന്നു മുന്നണി. പക്ഷേ, സി.പി.ഐയിലെയും സി.പി.എമ്മിലെയും പ്രബലരായ നേതാക്കള്‍ തമ്മിലുള്ള ശീതസമരം പലയിടത്തും താഴെതട്ടിലേക്കുവരെ എത്തിയിട്ടുണ്ട്. വെണ്‍മണി, ചെറിയനാട്, ചെങ്ങന്നൂര്‍നഗരസഭ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇരുകൂട്ടരുംതമ്മില്‍ വലിയ തര്‍ക്കങ്ങളുണ്ടെന്നറിയുന്നു.

അഭിപ്രായ വ്യത്യാസങ്ങള്‍ പലതും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍ക്കെതിരേ പരസ്യമായും സാമൂഹിക മാധ്യമങ്ങളിലൂടെയും ആരോപണ പ്രത്യാരോപണങ്ങള്‍ കടുക്കുകയാണ്.

യു.ഡി.എഫ്.

യു.ഡി.എഫിലും പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. മുസ്ലിം ലീഗ്, മുന്നണിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്തിക്കഴിഞ്ഞു. കോണ്‍ഗ്രസിനെതിരേ പത്രക്കുറിപ്പും പരസ്യപ്രസ്താവനകളുമായി ലീഗ് രംഗത്തുണ്ട്. മുളക്കുഴ, മാന്നാര്‍പ്രദേശങ്ങളില്‍ ലീഗിന് സ്വാധീനമുള്ള മേഖലകള്‍ ധാരാളമുണ്ട്. മുന്നണിക്കുള്ളില്‍ പരിപാടികള്‍ക്കൊന്നും വിളിക്കുന്നില്ലെന്ന പരാതിയാണ് ലീഗുയര്‍ത്തുന്നത്. ഇക്കുറി മുന്നണിവിട്ട് പ്രത്യേകം മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ലീഗില്‍ ധാരാളമുണ്ട്. യു.ഡി.എഫിലെ ഈപ്രശ്‌നം നേതൃത്വം ഇടപെട്ട് പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണ്.

എന്‍.ഡി.എ.

എന്‍.ഡി.എ. സംവിധാനത്തില്‍, ബി.ജെ.പിയുമായി തിരഞ്ഞെടുപ്പില്‍ സഹകരിക്കേണ്ടെന്ന നിലപാടാണ് ബി.ഡി.ജെ.എസിന്റേത്. പ്രത്യേകിച്ച് ചെങ്ങന്നൂര്‍ നഗരസഭയില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള അനിഷ്ടം പുറത്തായ സാഹചര്യത്തില്‍. ബി.ജെ.പി. മത്സരിക്കുന്ന ഇടങ്ങളിലെല്ലാം ബി.ഡി.ജെ.എസ്. പ്രത്യേകം മത്സരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗവും ബി.ജെ.പിയും തമ്മില്‍ അത്രരസത്തിലല്ല എന്നതും പരസ്യമാണ്.

പോര് സാമൂഹിക മാധ്യമങ്ങളിലും

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയതോടെ സാമൂഹിക മാധ്യമങ്ങളിലും വാക്പോരും കലഹവും കടുക്കുകയാണ്. എതിരാളികള്‍ക്കെതിരേ ഫെയ്‌സ്ബുക്കില്‍ വ്യാജ ഐ.ഡി.യുണ്ടാക്കി നടത്തുന്ന ആരോപണ പ്രത്യോരോപണങ്ങളും സജീവം. വാട്സാപ്പിലും ഇവ കാര്യമായി പ്രചരിക്കുന്നുണ്ട്. ഫെയ്‌സ്ബുക്ക് കമന്റുകളുടെ പേരില്‍ അടുത്തിടെ ചില സംഘര്‍ഷങ്ങളും നടന്നിരുന്നു.

ആദ്യവട്ട ചര്‍ച്ചകഴിഞ്ഞു

മുന്നണിക്കുള്ളിലെ ഘടക കക്ഷികളുമായി ആദ്യവട്ട ചര്‍ച്ചയാണ് കഴിഞ്ഞത്. രണ്ടുവട്ടംകൂടി ചര്‍ച്ച നടത്തുന്നതോടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കും. അഭിപ്രായ വ്യത്യാസങ്ങളില്ല- എം.എച്ച്. റഷീദ്, എല്‍.ഡി.എഫ്. നിയോജകമണ്ഡലം കണ്‍വീനര്‍

ജില്ലാനേതൃത്വം ഇടപെട്ടു

യു.ഡി.എഫ്. ജില്ലാനേതൃത്വം ഇടപെട്ട് പ്രശ്നങ്ങളെല്ലാം രമ്യതയിലാക്കി. നിലവില്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നു.- പി.വി. ജോണ്‍, യു.ഡി.എഫ്. നിയോജകമണ്ഡലം കണ്‍വീനര്‍

പ്രശ്‌നങ്ങളില്ല

ചില കാര്യങ്ങളില്‍ വ്യത്യസ്ത അഭിപ്രായം മുന്നണിക്കുള്ളിലുണ്ട്. ചര്‍ച്ചയിലൂടെ ഇവ പരിഹരിക്കും. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല.- സതീഷ് ചെറുവല്ലൂര്‍, എന്‍.ഡി.എ. നിയോജകമണ്ഡലം ചെയര്‍മാന്‍.

Content Highlights: Local Body Election,  Alappuzha, Chengannoor Municipality