അമ്പലപ്പുഴ: വി.എസ്. അച്യുതാനന്ദന്‍ ജന്മനാടായ പറവൂരില്‍ വോട്ടുചെയ്യുന്ന പതിവ് ഇത്തവണ തെറ്റും. ആരോഗ്യകാരണങ്ങളാല്‍ തിരുവനന്തപുരത്തെ ഔദ്യോഗികവസതിയില്‍ വിശ്രമത്തിലായ അദ്ദേഹം യാത്ര ചെയ്യരുതെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. 

എല്ലാ തിരഞ്ഞെടുപ്പിലും വി.എസിന്റെ വോട്ട് ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും ഇവിടെയെത്തി വോട്ടുചെയ്യുന്ന പതിവ് അദ്ദേഹം തെറ്റിച്ചിട്ടില്ല. പൊതുതിരഞ്ഞെടുപ്പുകളില്‍ പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അദ്ദേഹം വോട്ടുചെയ്തിരുന്നത്. 

ഇത്തവണ പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തോടുചേര്‍ന്നുള്ള താലോലം ബഡ്സ് സ്‌കൂളിന്റെ വടക്കുഭാഗത്തെ ഒന്നാം നമ്പര്‍ ബൂത്തില്‍ 246-ാം ക്രമനമ്പര്‍ വോട്ടറാണ് വേലിക്കകത്തുവീട്ടില്‍ അച്യുതാനന്ദന്‍. തപാലോട്ടിനായി വി.എസ്. അപേക്ഷ നല്‍കിയിരുന്നു. വി.എസ്. എത്തില്ലെങ്കിലും ഭാര്യ വസുമതി, മകന്‍ വി.എ. അരുണ്‍കുമാര്‍, മരുമകള്‍ രജനി എന്നിവര്‍ പറവൂരില്‍ വോട്ടുചെയ്യാനെത്തും.

Content Highlights: Local Body Election Alappuzha  2020: V.S. Achuthanandan not to cast his vote