ആലപ്പുഴ: തിരഞ്ഞെടുപ്പു മാമാങ്കത്തിന്റെ നിലപാടുതറയില്‍ ആളാരവങ്ങളോടെയുള്ള പടപ്പുറപ്പാടുകള്‍ക്കു സമാപനമായി. നാട്ടങ്കത്തിലെ പടനായകന്മാരായ സ്ഥാനാര്‍ഥികളും പോരാളികളായ പ്രവര്‍ത്തകരും തട്ടകങ്ങളില്‍ ദിവസങ്ങളായി പടയോട്ടം നടത്തുകയായിരുന്നു. ഇതിനു കൊട്ടിക്കലാശമായി. ജനവിധിക്ക് ഒരുദിവസം ശേഷിക്കേ വോട്ടുറപ്പിക്കാന്‍ തിങ്കളാഴ്ച വീടുകള്‍ കയറിയുള്ള നിശ്ശബ്ദപ്രചാരണം മാത്രം.

കോവിഡ് പെരുമാറ്റച്ചട്ടമുള്ളതിനാല്‍ ആള്‍ക്കൂട്ടവും ആവേശവും വീറും വാശിയും നിറഞ്ഞ പതിവ് കൊട്ടിക്കലാശം ഒഴിവാക്കാന്‍ എല്ലാ പാര്‍ട്ടികള്‍ക്കും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, അവസാന ലാപ്പില്‍ വോട്ടുറപ്പിക്കാനായി ഉച്ചഭാഷിണിയിലൂടെ അറിയിപ്പുകള്‍, വീടുകയറിയുള്ള പ്രചാരണം, വാഹനജാഥ, സൈക്കിള്‍ റാലി തുടങ്ങിയവയുമായി ഞായറാഴ്ച നഗരം സജീവമായിരുന്നു.

എല്ലാ മുന്നണികളും ചെറുവിഭാഗങ്ങളായി തിരിഞ്ഞ് വാര്‍ഡിന്റെ എല്ലാ മേഖലകളിലേക്കുമിറങ്ങി വീടുകള്‍ കയറിയുള്ള പ്രചാരണം അതിരാവിലെതന്നെ തുടങ്ങിയിരുന്നു. ഉച്ചഭാഷിണികള്‍ കെട്ടിയ പ്രചാരണ വാഹനങ്ങള്‍ നഗരത്തിന്റെ മുക്കിലും മൂലയിലുമെത്തിക്കാനുള്ള തിരക്കിലായിരുന്നു മുന്നണികള്‍.

എന്‍.ഡി.എ.യുടെ നേതൃത്വത്തില്‍ വീടുകളില്‍ താമര നല്‍കിയായിരുന്നു അവസാനദിവസത്തെ പരസ്യപ്രചാരണം. യു.ഡി.എഫ്. വീടുകള്‍ കയറിയതിനു പുറമെ പദയാത്രയും നടത്തി. വൈകീട്ടോടെ എല്ലാ പാര്‍ട്ടികളുടെയും പ്രചാരണം വാഹനജാഥകളായി മാറി.

എല്‍.ഡി.എഫ്. പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും സൈക്കിള്‍ റാലി, വാഹനജാഥ ഉള്‍പ്പെടെ ഒരുക്കി കരുത്തറിയിച്ചു. യു.ഡി.എഫ്., ബി.ജെ.പി. എന്നിവരും സമാനമായി വാഹനജാഥയോടെ ശക്തിതെളിയിച്ചു.

കുട്ടനാട്ടില്‍ ജാഗ്രതയോടെസമാപനം

കാവാലം: കോവിഡ് ജാഗ്രതയെതുടര്‍ന്ന് കര്‍ശന ചട്ടങ്ങളോടെ നടന്ന തിരഞ്ഞെടുപ്പ് പരസ്യപ്രചാരണ സമാപനം കുട്ടനാട്ടില്‍ സമാധാനപരമായിരുന്നു. ഉച്ചഭാഷിണിയിലൂടെയുള്ള പ്രചാരണം ഒഴിച്ചാല്‍ മറ്റ് ആള്‍ക്കൂട്ടങ്ങളോ ആരവങ്ങളോ എങ്ങുമില്ലായിരുന്നു. പ്രചാരണത്തിന് അനുവദിച്ചിരുന്ന സമയം വൈകീട്ട് ആറായപ്പോള്‍ തന്നെ ഉച്ചഭാഷിണിയിലൂടെയുള്ള പ്രചാരണം എല്ലാ മുന്നണികളും അവസാനിപ്പിച്ചു.

പരസ്യപ്രചാരണത്തിന്റെ സമാപന ദിവസവും മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ഥികള്‍ പരമാവധി പ്രവര്‍ത്തകരേയും കൂട്ടി വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമാണ് നടത്തിയത്. നിശബ്ദ പ്രചാരണ ദിവസമായ തിങ്കളാഴ്ചയും വീടുകള്‍ കയറി ഒരിക്കല്‍ കൂടി വോട്ടര്‍മാരെ നേരില്‍ കാണാനാണ് മിക്ക സ്ഥാനാര്‍ഥികളുടെയും തീരുമാനം.

Content Highlights: Local Body Election Alappuzha  2020 : Public campaigning ends in Alappuzha, election on Tuesday