ആലപ്പുഴ: തദ്ദേശതിരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്കു തലവേദനയാവുകയാണു വിമതസ്ഥാനാര്‍ഥികള്‍. സ്ഥാനാര്‍ഥിത്വം കിട്ടാത്തവരും പടലപ്പിണക്കത്തിലുള്ളവരുമൊക്കെ റിബലുകളായി പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ഞെട്ടലുണ്ടാക്കുന്നുണ്ട്. സ്ഥാനാര്‍ഥിനിര്‍ണയം നീണ്ടുപോയതാണ് ചിലയിടത്തു വിമതന്മാരെ രംഗത്തെത്തിച്ചത്. ജില്ലാ പഞ്ചായത്തു ഡിവിഷനുകളിലും നഗരസഭ വാര്‍ഡുകളിലുമടക്കം റിബലുകളുണ്ട്. പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസത്തിനുമുന്‍പ് വിമതന്‍മാരെ അനുനയിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണു മുന്നണികള്‍.

സി.പി.ഐ.യും സി.പി.എമ്മും നേര്‍ക്കുനേര്‍

ചാരുംമൂട്: ചുനക്കര ഗ്രാമപ്പഞ്ചായത്തിലെ കരിമുളയ്ക്കല്‍ പത്താംവാര്‍ഡില്‍ സി.പി.ഐക്കൊപ്പം സി.പി.എമ്മും മത്സരരംഗത്ത്. മറ്റുവാര്‍ഡുകളില്‍ പ്രശ്നങ്ങളൊന്നുമില്ല. സി.പി.ഐക്കായി ശ്രീകുമാറും സി.പി.എമ്മിനുവേണ്ടി രാജീവുമാണ് ജനവിധിതേടുന്നത്. രണ്ടുപേരും നാമനിര്‍ദേശപത്രിക നല്‍കി.

ചുനക്കര ഗ്രാമപ്പഞ്ചായത്തിലെ 15 വാര്‍ഡുകളില്‍ 11-ല്‍ സി.പി.എമ്മും നാലില്‍ സി.പി.ഐ.യും മത്സരിക്കാനായിരുന്നു ധാരണ. ഇതനുസരിച്ചു സി.പി.ഐ.യിലെ ശ്രീകുമാര്‍ പ്രചാരണംതുടങ്ങി. സി.പി.എമ്മാകട്ടെ രാജീവിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. ഇടതുമുന്നണിക്കുവേണ്ടി രണ്ടുപേരുടെയും പോസ്റ്ററുകളിറങ്ങി. സമവായത്തിനായി ഇടതുമുന്നണിയില്‍ പലവട്ടം ചര്‍ച്ചനടന്നെങ്കിലും ഫലമുണ്ടായില്ല.

യു.ഡി.എഫിനെതിരേ മുന്‍കൗണ്‍സിലര്‍മാരുടെ വനിതാഫോറം

ചേര്‍ത്തല: കഴിഞ്ഞകൗണ്‍സിലിലെ പ്രതിനിധികളായ വനിതകളെ പാടെവെട്ടിമാറ്റിയതില്‍ പ്രതിഷേധിച്ച് ചേര്‍ത്തല നഗരസഭയില്‍ യു.ഡി.എഫിനെതിരേ വനിതകളുടെ പോരാട്ടം. ഏഴു മുന്‍ വനിതാ കൗണ്‍സിലര്‍മാരുടെ പ്രതിനിധിയായി പൊതുമരാമത്തു സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണായിരുന്ന എന്‍. ലീനയാണ് ആറാംവാര്‍ഡില്‍ പത്രിക നല്‍കിയിരിക്കുന്നത്.

കഴിഞ്ഞകൗണ്‍സിലിലെ എട്ടുപുരുഷ കൗണ്‍സിലര്‍മാരില്‍ ആറുപേരും പാര്‍ട്ടി ടിക്കറ്റില്‍ വീണ്ടും വാര്‍ഡുമാറി മത്സരത്തിനിറങ്ങുമ്പോഴും ഒരു വനിതാ അംഗത്തെപോലും പരിഗണിക്കാത്തതിനെതിരേയാണ് പ്രതിഷേധം. സ്ത്രീകളോടുള്ള അവഗണനയാണിതെന്ന് ഒരു മുന്‍കൗണ്‍സിലര്‍ പറഞ്ഞു. കൂടിയാലോചനകള്‍ക്കുശേഷം പ്രതിഷേധത്തിന്റെ ഭാഗമായാണു പത്രിക സമര്‍പ്പിച്ചതെന്നും അവര്‍ പറഞ്ഞു.

പള്ളിപ്പാട്ട് കോണ്‍ഗ്രസിനും സി.പി.എമ്മിനും റിബല്‍ശല്യം

പള്ളിപ്പാട്: പള്ളിപ്പാട്ട് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. മേഖലാ കമ്മിറ്റിയംഗവും റിബലുകളായി രംഗത്ത്. ഗ്രാമപ്പഞ്ചായത്തു മൂന്നാംവാര്‍ഡില്‍ പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി കെ.വി. തോമസ് സ്വതന്ത്രനായി മത്സരിക്കുന്നത്. ജനറല്‍ വാര്‍ഡില്‍ വ്യക്തിതാത്പര്യം സംരക്ഷിക്കുന്നതിനാണു വനിതാസ്ഥാനാര്‍ഥിയെ നിര്‍ത്തി തന്നെ ഒഴിവാക്കിയതെന്നു തോമസ് ആരോപിച്ചു. 

രണ്ടാംവാര്‍ഡ് പുല്ലമ്പട സീറ്റ് ജോസ് കെ. മാണി വിഭാഗത്തിനു നല്‍കിയതിനെച്ചൊല്ലി സി.പി.എമ്മില്‍ ഭിന്നതയുണ്ടായിരുന്നു. ഇവിടെ സുനില്‍ എബ്രഹാമാണ് എല്‍.ഡി.എഫിന്റെ ഔദ്യോഗികസ്ഥാനാര്‍ഥി. സുനിലിനു സീറ്റു നല്‍കുന്നതിനു സി.പി.എമ്മിലെ ഒരുവിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതോടെ ഡി.വൈ.എഫ്.ഐ. മേഖല കമ്മിറ്റിയംഗവും സി.പി.എം. ബ്രാഞ്ച് കമ്മിറ്റിയംഗവുമായ ലാല്‍ വര്‍ഗീസ് റിബല്‍ സ്ഥാനാര്‍ഥിയായി പ്രചാരണം തുടങ്ങി.

 Content Highlights: Local Body Election Alappuzha 2020 : Presence of dissidents a headache for major parties