ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 16-ന് രാവിലെ എട്ടിന് ആരംഭിക്കും. വോട്ടെണ്ണല്‍ പുരോഗതി അപ്പോള്‍ത്തന്നെ തിരഞ്ഞെടുപ്പു കമ്മിഷനെയും മീഡിയാ സെന്ററുകളെയും പൊതുജനങ്ങളെയും അറിയിക്കുന്നതിന് ട്രെന്‍ഡ് സോഫ്റ്റ്വേറിലേക്ക് വോട്ടുവിവരം അപ്ലോഡു ചെയ്യുന്നതിനു കൗണ്ടിങ് സെന്ററിനോടു ചേര്‍ന്ന് സംവിധാനമൊരുക്കും.

ഓരോ ഗ്രാമപ്പഞ്ചായത്തിന്റെയും കൗണ്ടിങ് ഹാളില്‍ വരണാധികാരിക്കുള്ള വേദിക്കുസമീപം വോട്ടെണ്ണല്‍, ടാബുലേഷന്‍, പാക്കിങ് എന്നിവയ്ക്ക് പ്രത്യേകം മേശകള്‍ സജ്ജീകരിക്കും. പരമാവധി എട്ടു പോളിങ് സ്റ്റേഷനുകള്‍ക്ക് ഒരു കൗണ്ടിങ് ടേബിള്‍ എന്ന രീതിയിലാണ് സജ്ജീകരണം. ഇത്തരത്തില്‍ ഓരോ സ്ഥാപനത്തിന്റെയും ആകെ പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തിന് ആനുപാതികമായി കൗണ്ടിങ് ടേബിളുകള്‍ സജ്ജീകരിക്കും.

പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഗ്രാമപ്പഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതത് വരണാധികാരികള്‍ മാത്രമാണ് എണ്ണുന്നത്.

ഒന്നാംവാര്‍ഡുമുതല്‍ ആയിരിക്കും എണ്ണുന്നത്. ഒരു വാര്‍ഡില്‍ ഒന്നിലധികം ബൂത്തുകളുണ്ടെങ്കില്‍ അവ ഒരു ടേബിളിലാണ് എണ്ണുക. ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പര്‍വൈസര്‍, രണ്ടു കൗണ്ടിങ് അസിസ്റ്റന്റുമാര്‍ എന്ന ക്രമത്തില്‍ ജീവനക്കാരെ നിയമിക്കും.

എന്നാല്‍, നഗരസഭകളില്‍ ഒരു കൗണ്ടിങ് സൂപ്പര്‍വൈസറെയും ഒരു കൗണ്ടിങ് അസിസ്റ്റന്റിനെയുമാണ് നിയമിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ പ്രത്യേക നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിച്ചുകൊണ്ടായിരിക്കും വോട്ടെണ്ണല്‍.

Content Highlights: Local Body Election Alappuzha 2020  Local Body Elections Results