ആലപ്പുഴ : ജില്ല തിരഞ്ഞെടുപ്പിന്റെ കടുത്തചൂടിലായി. സ്ഥാനാര്‍ഥികള്‍ ഇതിനകം മൂന്നുംനാലും തവണ വീടുകയറിക്കഴിഞ്ഞു. യുവജന, വനിതാ സ്‌ക്വാഡുകള്‍ വേറെയും വീടുകളിലെത്തി. കുടുംബയോഗങ്ങളും കൊഴുക്കുന്നു. എല്‍.ഡി.എഫ്. - യുഡി.എഫ്. പോര്‍വിളി ഉച്ചത്തിലായപ്പോള്‍ ഇവരുടെ മധ്യത്തിലേക്കു കയറിനിന്ന് രണ്ടുകൂട്ടരെയും വെല്ലുവിളിക്കുകയാണിപ്പോള്‍ എന്‍.ഡി.എ.യും. 

വെല്ലുവിളികള്‍ മൂന്നുമുന്നണിക്കുമുണ്ട്. മുന്‍പില്ലാത്തവിധം റിബലുകള്‍ എല്‍.ഡി.എഫിന് ഇക്കുറി തലവേദനയാണ്. ഇതിനു പുറമേ പാര്‍ട്ടിക്കുള്ളിലെ വടംവലിയും വിവാദമാണ്. സി.പി.എമ്മിനു പ്രബലരായ റിബലുകളെത്തിയതു കായംകുളത്താണ്. ഇവിടെ രണ്ടു ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ തന്നെ റിബലുകളായി. മാരാരിക്കുളം, പുന്നപ്ര, അരൂര്‍, ആലപ്പുഴ എന്നിവിടങ്ങളിലും പാര്‍ട്ടിയംഗങ്ങള്‍ റിബലുകളായെത്തി.

സി.പി.ഐ. അംഗങ്ങളും ഇതുപോലെ നിരന്നു. എല്ലാവരെയും പാര്‍ട്ടികളില്‍നിന്നു പുറത്താക്കിയിട്ടുണ്ട്. മാവേലിക്കരയില്‍ മുന്‍ ചെയര്‍പേഴ്‌സണും ആര്‍. രാജേഷ് എം.എല്‍.എ.യും തമ്മിലുള്ള തര്‍ക്കം യു.ഡി.എഫ്. പ്രചാരണായുധമാക്കി. കായംകുളത്തും യു. പ്രതിഭ എം.എല്‍.എ.യും മുന്‍ ചെയര്‍മാനും തമ്മിലുള്ള അസ്വാരസ്യം ചര്‍ച്ചയായിരിക്കുകയാണ്. ഇതൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണു ജില്ലാ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

റിബലുകള്‍ യു.ഡി.എഫിനു പുത്തരിയല്ല. ഇക്കുറിയും അതു പൂര്‍വാധികം ശക്തിയോടെ നിരന്നിട്ടുണ്ട്. റിബലുകളെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കല്‍ നടപടി വൈകിയാണെങ്കിലും നടത്തി. ജോസഫ് ഗ്രൂപ്പുമായുള്ളതര്‍ക്കം പരിഹരിക്കാതെ കിടക്കുകയാണ്. കോണ്‍ഗ്രസുനുള്ളിലെ ഗ്രൂപ്പുതര്‍ക്കം സ്ഥാനാര്‍ഥിനിര്‍ണയം വൈകിപ്പിച്ചു.

എന്നാല്‍, ജില്ലാനേതാക്കള്‍ക്കു കൂട്ടത്തോടെ കോവിഡ് ബാധയുണ്ടായതാണു കൂടുതല്‍ പ്രശ്‌നമായത്. ഡി.സി.സി.പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലായപ്പോള്‍ സ്ഥാര്‍ഥികള്‍ക്കു കൂടുല്‍ ആവേശം നല്‍കുന്ന പ്രവര്‍ത്തനം ആദ്യഘട്ടത്തില്‍ നടത്താനായില്ല. എങ്കിലും അവസാനക്കിതിപ്പില്‍ ഒപ്പത്തിനൊപ്പമെത്തിയിരിക്കുകയാണ്.

പരമാവധി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നതിനുള്ള തിരക്കിലായിരുന്നു എന്‍.ഡി.എ. നേതാക്കള്‍. അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ പ്രധാനപ്പെട്ട സ്ഥാനങ്ങളിലുള്ള മിക്കവാറുംപേരും സ്ഥാനാര്‍ഥികളായി. ഇതു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനെ ആദ്യഘട്ടത്തില്‍ ബാധിച്ചു. കഴിഞ്ഞപ്രാവശ്യം ജയിച്ച പല സീറ്റുകളിലും റിബലുകളുണ്ടായതും വെല്ലുവിളിയാണ്. ഇതിനെയെല്ലാം മറികടക്കാന്‍ അവസാനഘട്ടത്തില്‍ കഴിഞ്ഞതായാണു നേതൃത്വം അവകാശപ്പെടുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനരാഷ്ട്രീയം കാര്യമായി ഏശുന്നില്ല. എന്നാല്‍, പ്രാദേശികവികസനത്തിന്റെയും സ്ഥാനാര്‍ഥിയുടെ കുടുംബബന്ധങ്ങളും സാമുദായിക സമവാക്യങ്ങളും എല്ലാം ബാധിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ ജയം അപ്രതീക്ഷിതമായാലും അദ്ഭുതപ്പെടാനില്ല.

കഴിഞ്ഞ കണക്കുകളില്‍ മുന്‍തൂക്കം ഇങ്ങനെ

കഴിഞ്ഞ ജില്ല, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളും നഗരസഭകളും മൊത്തത്തില്‍ പരിഗണിച്ചാല്‍ എല്‍.ഡി.എഫ്. പ്രതിനിധികള്‍ 51.5 ശതമാനമുണ്ട്. യു.ഡി.എഫിന് 37.14 ശതമാനമാണു പ്രാതിനിധ്യം. എന്‍.ഡി.എ. പ്രതിനിധികള്‍ 9.27 ശതമാനവും. മറ്റുള്ളവരുടെ പ്രാതിനിധ്യം 1.91 ശതമാനം മാത്രം.

നഗരസഭകളിലെ ആകെ പ്രാതിനിധ്യത്തില്‍ യു.ഡി.എഫിനാണു നേരിയ മുന്‍തൂക്കം. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലാകെ 1564 ജനപ്രതിനിധികളാണുള്ളത്. എല്‍.ഡി.എഫ്.-807, യു.ഡി.എഫ്.-582, എന്‍.ഡി.എ.- 145, മറ്റുള്ളവര്‍-30 എന്നിങ്ങനെയാണത്.

വിവിധ മുന്നണി പ്രതിനിധികളുടെ എണ്ണം ചുവടെ (ശതമാനക്കണക്ക് വലയത്തില്‍)

നഗരസഭ (ആറ്)

 • ആകെ വാര്‍ഡ് - 215
 • യു.ഡി.എഫ്. -90 (41.86)
 • എല്‍.ഡി.എഫ്. -88 (40.93)
 • എന്‍.ഡി.എ. -29 (13.48)
 • മറ്റുള്ളവര്‍- എട്ട് (3.7)

ജില്ലാ പഞ്ചായത്ത്

 • ആകെ ഡിവിഷന്‍-23
 • യു.ഡി.എഫ്.-ആറ് (26.08)
 • എല്‍.ഡി.എഫ്.-17 (73.9)
 • എന്‍.ഡി.എ.-0
 • മറ്റുള്ളവര്‍-0

ബ്ലോക്ക് പഞ്ചായത്ത് (12)

 • ആകെ ഡിവിഷന്‍-158
 • യു.ഡി.എഫ്.-59 (37.34)
 • എല്‍.ഡി.എഫ്.-96 (60.75)
 • എന്‍.ഡി.എ.-ഒന്ന്
 • മറ്റുള്ളവര്‍-ഒന്ന്
 • (വെളിയാനാട് അഗം കോണ്‍ഗ്രസിലെ ഇ.വി. കോമളവല്ലിഇടയ്ക്ക് അന്തരിച്ചു.)

ഗ്രാമപ്പഞ്ചായത്ത് (72)

 • ആകെ വാര്‍ഡ്- 1168
 • യു.ഡി.എഫ്. - 426 (36.4)
 • എല്‍.ഡി.എഫ്. - 606 (51.8)
 • എന്‍.ഡി.എ. - 115 (9.84)
 • മറ്റുള്ളവര്‍ - 21 (1.79)

Content Highlights: Local Body Election Alappuzha 2020, ldf and udf