ആലപ്പുഴ: എതിരാളികളെ തറപറ്റിക്കാന്‍ പോരാളികള്‍ പതിനെട്ടടവും പയറ്റും. അതെല്ലാം അങ്കത്തട്ടില്‍. പക്ഷേ, തിരഞ്ഞെടുപ്പുഗോദയില്‍ പതിനെട്ടല്ല, പതിനായിരം അടവും രാഷ്ട്രീയക്കാര്‍ പ്രയോഗിക്കും. ജയിക്കണമെന്ന വാശിയിലാണു കച്ചമുറുക്കല്‍. പ്രാദേശികവിഷയങ്ങള്‍ മുതല്‍ ദേശീയപ്രശ്‌നങ്ങള്‍ വരെ പ്രചാരണായുധം.

റോഡ്, പാലം, ബൈപ്പാസ്, ഭക്ഷ്യധാന്യം, വിലക്കയറ്റം, പാചകവാതകം, കുത്തകകളുടെ കടന്നുകയറ്റം, കാര്‍ഷികനയം, സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍, ബാര്‍കോഴ എന്നിവയെല്ലാം പോരാട്ടത്തിനു വീര്യംകൂട്ടുന്നു. എങ്കിലും പ്രാദേശികവിഷയങ്ങളില്‍ മുട്ടിയും തട്ടിയുമാണ് പ്രധാന ഏറ്റുമുട്ടല്‍.

ബൈപ്പാസ് രാഷ്ട്രീയവും പ്രധാനമന്ത്രിയും

മൂന്നുപതിറ്റാണ്ടിലധികമായി പണിതിട്ടും പണിതിട്ടും പണിതീരാത്ത ഒന്നായിരുന്നു ആലപ്പുഴ ബൈപ്പാസ്. ഇപ്പോള്‍ പ്രധാനകടമ്പയായ രണ്ടുമേല്‍പ്പാലങ്ങളും പൂര്‍ത്തിയായി. ഡിസംബറോടെ ബൈപ്പാസ് ഗതാഗത്തിനു തുറക്കും. ബൈപ്പാസ് യാഥാര്‍ഥ്യമായതോടെ അവകാശത്തിനായുള്ള പോരാട്ടം മൂന്നു മുന്നണികളും തുടങ്ങി. തദ്ദേശതിരഞ്ഞെടുപ്പു കാലമായതുതന്നെ കാരണം.

ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നതിന് നിര്‍ണായക പങ്കുവഹിച്ചത് കെ.സി. വേണുഗോപാലും കോണ്‍ഗ്രസുമാണെന്നാണ് യു.ഡി.എഫുകാരുടെ അവകാശവാദം. അതല്ല, മന്ത്രി ജി. സുധാകരന്റെയും ഇടതുസര്‍ക്കാരിന്റെയും ഇടപെടലാണ് ഗുണമായതെന്നാണ് എല്‍.ഡി.എഫിന്റെ വാദം.

രണ്ടിനെയും തള്ളിയാണ് എന്‍.ഡി.എ.യുടെ പ്രചാരണം. നരേന്ദ്രമോദി സര്‍ക്കാരിന്റെ ക്രെഡിറ്റാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഡിസംബറില്‍ ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി എത്തുമെന്ന് ഏറക്കുറെ ഉറപ്പായി. കേന്ദ്രമന്ത്രി വി. മുരളീധരന്‍ അടുത്തിടെ ബൈപ്പാസ് സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ഉദ്ഘാടനത്തിനു വരാന്‍ താത്പര്യമുണ്ടെന്ന് പ്രധാനമന്ത്രി നേരത്തേതന്നെ അറിയിച്ചിരുന്നെന്നു മന്ത്രി സുധാകരന്‍ പറഞ്ഞു. എല്ലാ തിരഞ്ഞെടുപ്പിലും ബൈപ്പാസ് പണിതീരാത്ത വിഷയമായാണ് പ്രചാരണായുധമാകുന്നതെങ്കില്‍, ഇക്കുറി ബൈപ്പാസിന്റെ പിതൃത്വവും ഉദ്ഘാടനച്ചടങ്ങുമാണ് മുഖ്യ ആയുധം.

വോട്ടുവീഴ്ത്തുമോ റോഡുകള്‍

എന്നും തിരഞ്ഞെടുപ്പായിരുന്നെങ്കിലെന്നു ചിന്തിക്കുന്ന ഒരുകൂട്ടം ജനങ്ങളുണ്ട്. കാരണം മറ്റൊന്നുമല്ല; വീടിനു മുന്നിലൂടെയുള്ള റോഡുകള്‍ എന്നും നന്നായിക്കിടന്നേനെ. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍, വര്‍ഷങ്ങളായി കുഴിനിറഞ്ഞ റോഡുകളുടെവരെ പണി എടുപിടിയങ്ങു തുടങ്ങി. പൂഴിയിട്ടു കല്ലുകള്‍നിരത്തി. ടാറിങ്ങേ ഇനി പൂര്‍ത്തിയാകാനൂള്ളൂ.

ഓരോ പ്രദേശത്തെയും ഭരണമുന്നണികള്‍ ഇവ നേട്ടമായി ഉയര്‍ത്തിക്കാട്ടി വോട്ടുപിടിക്കാനിറിങ്ങി. എതിരാളികള്‍ വിടുമോ?. വോട്ടുപിടിക്കാനുള്ള തന്ത്രമാണിതൊക്കെയെന്നു പറഞ്ഞുപരത്തി. തിരഞ്ഞെടുപ്പുകഴിഞ്ഞ് വര്‍ഷങ്ങള്‍ പലതുകഴിയണം ടാറിടാന്‍. മുന്‍ അനുഭവങ്ങള്‍ പങ്കുവെച്ച് അവര്‍ റോഡ് രാഷ്ട്രീയം വെളിച്ചത്താക്കി. 

തിരഞ്ഞെടുപ്പുചട്ടം വരുന്നതിന് തൊട്ടുമുന്‍പാണ് റോഡുകളുടെയും പാലങ്ങളുടെയും പണിക്കായി ഭരണാനുമതി വാങ്ങി ടെന്‍ഡര്‍ പൂര്‍ത്തീകരിച്ചത്. തിരഞ്ഞെടുപ്പുകാലത്ത് റോഡുപണിതാല്‍ വോട്ടുകിട്ടുമെന്നു ചിന്തിച്ചവര്‍ക്ക് എതിരാളികളുടെ പ്രചാരണം പണികൊടുക്കുമോയെന്നു കണ്ടറിയണം.

സ്ഥലമേറ്റെടുക്കലും തര്‍ക്കവും മൂലം നടക്കാതെപോയ റോഡുകളും പാലങ്ങളുമുണ്ട് ജില്ലയില്‍. പെരുമ്പളം ദ്വീപിലേക്കുള്ള പാലത്തിന്റെ കാര്യമെടുക്കാം. അരൂര്‍ ഉപതിരഞ്ഞെടുപ്പിനുമുന്‍പ് മുഖ്യമന്ത്രി നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചതാണ്. ഒരുവര്‍ഷം കഴിഞ്ഞ് തദ്ദേശതിരഞ്ഞെടുപ്പായിട്ടും നിര്‍മാണം തുടങ്ങാനായിട്ടില്ല. ഇതാണ് യു.ഡി.എഫ്. ആയുധമാക്കുന്നത്.

കരാര്‍ നടപടികളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ടായിരുന്നു. അടുത്തിടെ കേസ് തീര്‍പ്പായെന്നും നിര്‍മാണം ഉടന്‍ തുടങ്ങുമെന്നുമാണ് എല്‍.ഡി.എഫുകാര്‍ പറയുന്നത്. ഇതിനെയും യു.ഡി.എഫുകാര്‍ പ്രതിരോധിക്കുന്നുണ്ട്. എല്ലാ തിരഞ്ഞെടുപ്പ് വരുമ്പോഴും വോട്ടുനേടാനുള്ള തന്ത്രമാണിതെന്നാണ് അവരുടെ ആരോപണം.

ഭക്ഷ്യക്കിറ്റില്‍ വോട്ടുണ്ടോ?

കോവിഡുകാലത്ത് സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ സൗജന്യ ഭക്ഷ്യധാന്യക്കിറ്റാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണായുധം. ഇടതുമുന്നണി കിറ്റ് കാണിച്ച് വോട്ടുതേടുമ്പോള്‍, കിറ്റ് കീറിയുള്ള പ്രചാരണമാണ് യു.ഡി.എഫിന്.

എല്‍.ഡി.എഫുകാര്‍ പറയുന്നതിങ്ങനെ:- '89 ലക്ഷത്തോളം കാര്‍ഡുടമകള്‍ക്ക് കോവിഡ് തുടങ്ങിയതുമുതല്‍ സംസ്ഥാനസര്‍ക്കാര്‍ സൗജന്യമായി കിറ്റുനല്‍കുന്നു. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഏറെ ഗുണമാണത്. പൊതുവിപണിയിലെ വിലക്കയറ്റം തടയാന്‍ ഏറെ സഹായിച്ചു.' തിരഞ്ഞെടുപ്പു പൊതുയോഗങ്ങളില്‍ ഇത് അവര്‍ പ്രധാന പ്രചാരണായധുമാക്കുന്നുണ്ട്.

എന്നാല്‍, യു.ഡി.എഫ്. നേതാക്കള്‍ക്കോ അണികള്‍ക്കോ ഈ അഭിപ്രായമില്ല. സൗജന്യമായി കൊടുത്ത കിറ്റില്‍ ഭക്ഷ്യയോഗ്യമായ സാധനങ്ങളില്ലെന്നാണ് അവരുടെ വാദം. ശര്‍ക്കരയുടെയും പപ്പടത്തിന്റെയുമൊക്കെ മോശംനിലവാരം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. 89 ലക്ഷം കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കിയെന്ന സര്‍ക്കാര്‍ അവകാശവാദത്തെയും അവര്‍ എതിര്‍ക്കുന്നുണ്ട്. ഒട്ടേറെ കുടുംബങ്ങള്‍ക്ക് ഒക്ടോബര്‍മാസത്തെ കിറ്റ് കിട്ടിയില്ലെന്നാണ് അവരുടെ ആരോപണം.

എന്തായാലും ക്രിസ്മസിനും കിറ്റുമായി സംസ്ഥാന സര്‍ക്കാരുണ്ട്. കിറ്റിലെ രാഷ്ട്രീയപ്പോര് ഏതുരീതിയില്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നു കണ്ടറിയണം. കേന്ദ്രം പാവപ്പെട്ട കാര്‍ഡുടമകള്‍ക്കു നല്‍കുന്ന സൗജന്യറേഷനും പയറുവര്‍ഗങ്ങളും ഉയര്‍ത്തി എന്‍.ഡി.എ.യും ഇതിനൊപ്പമുണ്ട്.

Content Highlights: Local Body Election Alappuzha 2020 Important issues in Alappuzha