ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പു ചുമതലക്കാരായി പാര്‍ട്ടിയുടെയും പോഷകസംഘടനകളുടെയും നേതാക്കളെത്തുന്നതു വിവാദത്തില്‍. തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ടുപിടിച്ചുനടന്നവര്‍ ചുമതലക്കാരായെത്തുന്നത് സംഘര്‍ഷത്തിലേക്കുവരെ എത്താമെന്നും പറയുന്നു.

കോണ്‍ഗ്രസ്, സി.പി.എം., ബി.ജെ.പി., മുസ്ലിം ലീഗ്, സി.പി.ഐ., കേരള കോണ്‍ഗ്രസ് എന്നിങ്ങനെ എല്ലാ പാര്‍ട്ടികളുടെയും എയ്ഡഡ് സ്‌കൂള്‍, കോളേജ് അധ്യാപകരാണ് തിരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ളത്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതൃനിരയിലുള്ളവരും ഇക്കൂട്ടത്തിലുണ്ട്.

മുന്നണിക്കും സ്ഥാനാര്‍ഥികള്‍ക്കുംവേണ്ടി കുടുംബയോഗങ്ങളില്‍ പ്രസംഗിക്കുകയും വീടുകയറി വോട്ടുചോദിക്കുകയും ചെയ്തവരാണ് ഈ നേതാക്കളെല്ലാം. തിരഞ്ഞെടുപ്പു കമ്മിറ്റി കണ്‍വീനറായി പലരുടെയും പേരില്‍ അച്ചടിച്ച രാഷ്ട്രീയപ്രസ്താവനകള്‍ വീടുകളില്‍ എത്തിച്ചിട്ടുമുണ്ട്. ഇതെല്ലാംകഴിഞ്ഞാണ് ഇവര്‍ നിഷ്പക്ഷരുടെ വേഷത്തില്‍ തിരഞ്ഞെടുപ്പുജോലിക്കെത്തുന്നത്.

ബൂത്തിലുണ്ടാകുന്ന തര്‍ക്കങ്ങളില്‍ ഇവരുടെ നിലപാട് പലപ്പോഴും സംഘര്‍ഷത്തില്‍ എത്താറുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനാനേതാവിനെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ വളഞ്ഞുവെച്ചതിനെത്തുടര്‍ന്ന് പോലീസ് സംരക്ഷണത്തില്‍ ആ ഉദ്യോഗസ്ഥനെ വീട്ടിലെത്തിക്കേണ്ടിവന്ന സംഭവം ആലപ്പുഴയില്‍ ഉണ്ടായി.

കമ്മിഷന് ഇടപെടാനാവില്ല

അധ്യാപകരെ തിരഞ്ഞെടുപ്പു ജോലിക്കായി സ്പാര്‍ക്കില്‍നിന്നാണ് പട്ടിക തയ്യാറാക്കുന്നത്. ഇവിടെ നേതാവാണെന്ന വേര്‍തിരിവൊന്നുമില്ല. അതില്‍ തിരഞ്ഞെടുപ്പു കമ്മിഷന് ഒന്നും ചെയ്യാനാവില്ലെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണര്‍ വി. ഭാസ്‌കരന്‍ പറയുന്നത്. എന്നാല്‍, ബൂത്തില്‍ ഇവര്‍ ഇടപെട്ടാല്‍ കര്‍ശന നടപടിയുണ്ടാകും. പോളിങ് ഏജന്റുമാരായി എത്തുന്ന രാഷ്ട്രീയപ്രവര്‍ത്തകരും ഇവരെ തിരിച്ചറിയുന്നതുകൊണ്ട് വോട്ടില്‍ കൃത്രിമം കാണിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Local Body Election Alappuzha 2020 Election during Covid times