ആലപ്പുഴ: കോവിഡ്ബാധിതരുടെയും ക്വാറന്റീനിലുള്ളവരുടെയും വീടുകളിലെത്തി തപാല്‍ വോട്ടുചെയ്യിപ്പിക്കുന്നതിനു തുടക്കമായി. ജില്ലയില്‍ ബുധനാഴ്ച മൂന്നുപേര്‍ വോട്ടുചെയ്തു. മുഹമ്മ പഞ്ചായത്തില്‍ ഒരാളും ആലപ്പുഴ നഗരസഭയില്‍ രണ്ടുപേരുമാണ് സൗകര്യമുപയോഗിച്ച് വോട്ടുചെയ്തത്.

ആദ്യഘട്ടത്തില്‍ ജില്ലയില്‍ 7,400 പേരുടെ പട്ടികയാണു നല്‍കിയിട്ടുള്ളത്. ഇതിനുപുറമെ ഓരോദിവസവും കോവിഡ് ബാധിക്കുന്നവരുടെയും ക്വാറന്റീനില്‍ പ്രവേശിക്കുന്നവരുടെയും പട്ടിക പ്രത്യേകം നല്‍കും. വോട്ടെടുപ്പുദിനത്തിന്റെ തലേന്ന് മൂന്നുമണിവരെ കോവിഡ് ബാധിക്കുന്നവരുടെ വീട്ടിലെത്തി വോട്ടുചെയ്യിപ്പിക്കും. മൂന്നുമണിക്കുശേഷം കോവിഡ് ബാധിക്കുന്നവര്‍ക്ക് ഡിസംബര്‍ എട്ടിന് വൈകീട്ട് അഞ്ചുമുതല്‍ ആറുവരെ പോളിങ് ബൂത്തില്‍ പി.പി.ഇ. കിറ്റിട്ടെത്തി വോട്ടുചെയ്യാം.

ബുധനാഴ്ച ജില്ലയുടെ എല്ലാഭാഗങ്ങളിലും കോവിഡ് ബാധിതരുടെ വീട്ടിലെത്തിയുള്ള വോട്ടെടുപ്പ് ആരംഭിക്കാനായിട്ടില്ല. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ബാലറ്റ് പേപ്പറുകള്‍ ലഭിക്കാത്തതിനാലാണ് ചിലയിടങ്ങളില്‍ വോട്ടുമുടങ്ങിയത്. മറ്റുചിലയിടങ്ങളില്‍ കോവിഡ് ബാധിതരുടെയും ക്വാറന്റീനിലുള്ളവരുടെയും പട്ടിക ലഭിക്കാന്‍ കാലതാമസമുണ്ടായി. 

വ്യാഴാഴ്ചയോടുകൂടി മാത്രമേ കൂടുതല്‍ സ്ഥലങ്ങളില്‍ വീട്ടിലെത്തിയുള്ള വോട്ടെടുപ്പ് ആരംഭിക്കൂ.കോവിഡ് ബാധിതരും ക്വാറന്റീനിലുള്ളവരും ജില്ലയ്ക്ക് പുറത്തുള്ള ആശുപത്രികളില്‍ ചികിത്സയിലാണെങ്കിലും വോട്ടുമുടങ്ങില്ല. വോട്ടറുടെ തദ്ദേശസ്ഥാപനത്തിലെ സ്‌പെഷ്യല്‍ പോളിങ് ഉദ്യോഗസ്ഥര്‍തന്നെ അവിടെയെത്തി വോട്ടുചെയ്യിപ്പിക്കും.

മൂന്നുപേര്‍ വോട്ടുചെയ്തു

മുഹമ്മ : തദ്ദേശതിരഞ്ഞെടുപ്പിന് ആറുനാള്‍ മുന്‍പേ ബിരുദ വിദ്യാര്‍ഥിനിയായ മിഥുന കന്നിവോട്ടുചെയ്തു. അതും വീട്ടിലിരുന്ന്. കോവിഡാണ് കാരണക്കാരന്‍. ബുധനാഴ്ച വൈകീട്ടോടെ പി.പി.ഇ.കിറ്റിട്ട് പോളിങ് ഉദ്യോഗസ്ഥര്‍ ബാലറ്റു പെട്ടിയുമായി മിഥുനയുടെ വീട്ടിലെത്തി. അകമ്പടിയായി പോലീസും. മുഹമ്മ ആര്യക്കര ഗ്രാമത്തിലെ ജനം കൗതുകത്തോടെ എല്ലാം നോക്കിനിന്നു.

സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍ ടി.എ. യൂനസും സഹായി ഓമനക്കുട്ടനുമാണ് പി.പി.ഇ. കിറ്റിട്ടു മിഥുനയുടെ വീട്ടിലെത്തി വോട്ടുചെയ്യിപ്പിച്ചത്. മുഹമ്മ പഞ്ചായത്ത് 13-ാം വാര്‍ഡിലെ വോട്ടറാണു മിഥുന. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. മൂന്നുദിവസം മുന്‍പു നെഗറ്റീവായി. പക്ഷേ, ക്വാറന്റീന്‍ കാലാവധി കഴിയാതെ പുറത്തിറങ്ങാനാവില്ല.

കോവിഡ് ബാധിതരുടെയും ക്വാറന്റീനിലുള്ളവരുടെയും വീട്ടിലെത്തി വോട്ടുചെയ്യിപ്പിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനാണു തീരുമാനമെടുത്തത്. ഇത്തരത്തിലുള്ള ജില്ലയിലെ ആദ്യ വോട്ടറായിരുന്നു മിഥുന. റിട്ടേണിങ് ഓഫീസര്‍മാരായ ഡി. ഷിന്‍സ്, ടി.സി. ഷീന, എ.ആര്‍.ഒ.മാരായ ആര്‍. രജിത്ത്, പി.വി. വിനോദ്, പോലീസുദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

 Content Highlights: Local Body Election Alappuzha 2020, Election during Covid times