ആലപ്പുഴ: ജില്ലയില്‍ യു.ഡി.എഫ്. സീറ്റുചര്‍ച്ചയ്ക്കു നേതൃത്വം നല്‍കിയിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കു കൂട്ടത്തോടെ കോവിഡ്. കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി പി.സി. വിഷ്ണുനാഥ്, ഡി.സി.സി. അധ്യക്ഷന്‍ എം. ലിജു, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂര്‍, ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ. എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ സി.കെ. ഷാജിമോഹന്‍ ക്വാറന്റീനിലാണ്. ലിജുവിനും വിഷ്ണുനാഥിനുമാണ് ആദ്യം കോവിഡ് പിടിപെട്ടത്. പിന്നാലെയാണ് മറ്റുനേതാക്കളുടെ പരിശോധനാഫലമെത്തിയത്.

പാര്‍ട്ടിയിലെ ഗ്രൂപ്പുതര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള കെ.പി.സി.സി. ഉപസമിതിയില്‍ പി.സി. വിഷ്ണുനാഥ്, സി.ആര്‍. ജയപ്രകാശ്, എം. മുരളി എന്നീ നേതാക്കളാണുണ്ടായിരുന്നത്. വിഷ്ണുനാഥിനു രോഗംസ്ഥിരീകരിച്ചതോടെ ജയപ്രകാശും മുരളിയും ക്വാറന്റീനില്‍ പോയി. കഴിഞ്ഞദിവസങ്ങളില്‍ ഇവരെല്ലാം ഡി.സി.സി. ഓഫീസില്‍ സ്ഥാനാര്‍ഥി തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനദിനമായ വ്യാഴാഴ്ചയാണ് കോവിഡ്ഫലം പുറത്തുവന്നത്. ഇതോടെ തര്‍ക്കംതീരാത്ത സ്ഥലങ്ങളില്‍ അവകാശവാദമുന്നയിക്കുന്നവരോടെല്ലാം പത്രിക നല്‍കാന്‍ നിര്‍ദേശിച്ചെന്ന് ജില്ലാ ചെയര്‍മാന്‍ സി.കെ. ഷാജിമോഹന്‍ പറഞ്ഞു. സീറ്റുവിഭജനം, സ്ഥാനാര്‍ഥിനിര്‍ണയം എന്നിവയുമായി ബന്ധപ്പെട്ട് ഇവരുമായി ഇടപെടാത്ത യു.ഡി.എഫ്. നേതാക്കള്‍ ചുരുക്കമാണ്.

പലവാര്‍ഡുകളിലും കൂട്ടത്തോടെ പത്രികനല്‍കാന്‍ ആവശ്യപ്പെട്ടതും പുലിവാലാകും. ഒരാളെയൊഴികെ ബാക്കിയെല്ലാവരെയും രണ്ടുദിവസത്തിനുള്ളില്‍ പിന്തിരിപ്പിക്കണം. അതിനുള്ള ചര്‍ച്ച ഫോണില്‍ നടത്തേണ്ടിവരും. നേരിട്ടു ചര്‍ച്ചചെയ്തിട്ടു തീരാത്തവിഷയം ഫോണില്‍ തീര്‍ക്കേണ്ടിവരുന്നതാണു വെല്ലുവിളി.

Content Highlights: Local Body Election Alappuzha 2020, Covis 19, congress leaders