ആലപ്പുഴ: പ്രചാരണം നയിക്കേണ്ട കോണ്‍ഗ്രസ് നേതാക്കള്‍ക്കു കൂട്ടത്തോടെ കോവിഡ് ബാധിച്ചതിനെത്തുടര്‍ന്നു പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം. ഡി.സി.സി. പ്രസിഡന്റ് എം. ലിജുവിന്റെകൂടി നിര്‍ദേശപ്രകാരം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ബി. ബാബു പ്രസാദിന് ഡി.സി.സി. ഓഫീസ് ചുമതല നല്‍കി.

കെ.പി.സി.സി. യുടെ സഹായം ജില്ലയില്‍ അടിയന്തരമായി ഉണ്ടാവണമെന്നു കാണിച്ചു ലിജു വിശദമായ കത്തുനല്‍കിയിട്ടുണ്ട്. കൂടുതല്‍ സംസ്ഥാനനേതാക്കള്‍ ആലപ്പുഴയെ സഹായിക്കാനെത്തും. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ തിങ്കളാഴ്ചയ്ക്കുശേഷമാണു കൂടുതല്‍ പേരെത്തുക. നിലവില്‍ പല ജില്ലകളിലായി ചുമതല നല്‍കിയിരിക്കുന്ന കെ.പി.സി.സി. ഭാരവാഹികള്‍ക്കു നാമനിര്‍ദേശ പത്രിക പിന്‍വലിച്ചശേഷമേ സ്വതന്ത്രരാവാന്‍ കഴിയൂ.

ജില്ലയിലെ തിരഞ്ഞെടുപ്പിന്റെ ഉപസമിതിയിലുണ്ടായിരുന്ന കെ.പി.സി.സി. സെക്രട്ടറി സി.ആര്‍. ജയപ്രകാശിനുകൂടി ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. എം. ലിജുവിനു പുറമെ, പി.സി. വിഷ്ണുനാഥ്, എ.എ. ഷുക്കൂര്‍, ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ. എന്നിവര്‍ക്കാണ് ആദ്യ ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി അടുത്തിടപഴകിയ നേതാക്കളെല്ലാം ക്വാറന്റീനിലാണ്. ഇതോടെയാണു ജില്ലയില്‍ പ്രചാരണം നയിക്കാന്‍ ആളില്ലാതായത്.

വിമതരെ പിന്തരിപ്പിക്കാന്‍ തീവ്രശ്രമം

കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരേയുള്ള വിമതരെ പിന്‍വലിപ്പിക്കാനുള്ള അവസാന ശ്രമം ഫോണിലൂടെ നിര്‍വഹിക്കുകയാണു നേതാക്കള്‍. ഒന്നിലധികം പേര്‍ പത്രിക നല്‍കിയ ഒട്ടേറെ വാര്‍ഡുകളുണ്ട്. ചിലര്‍ക്കു പാര്‍ട്ടിസ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പാര്‍ട്ടി സ്ഥാനാര്‍ഥി പരാജയപ്പെട്ടാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.

നേതാക്കളെത്തും കുടുംബ സദസ്സിലേക്ക്

തിരഞ്ഞെടുപ്പു പ്രചാരണത്തിനു പ്രമുഖ നേതാക്കള്‍ വരുംദിവസങ്ങളില്‍ ജില്ലയിലെത്തും. മുന്‍ കാലങ്ങളിലെ പോലെ പൊതുസമ്മേളനം ഇല്ലാത്തതിനാല്‍ കുടുംബ സദസ്സിലേക്കാണ് ഇവരെത്തുക. യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍ 26-നും 29-നും ആലപ്പുഴയിലുണ്ടാവും. അദ്ദേഹം പങ്കെടുക്കേണ്ട കുടുംബയോഗങ്ങളുടെ ക്രമീകരണം ആരംഭിച്ചതായി ക്വാറന്റീനിലുള്ള യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ ഷാജി മോഹന്‍ അറിയിച്ചു.

Content Highlights:  Local Body Election Alappuzha 2020, Covid 19