ആലപ്പുഴ: കാത്തിരുന്ന പോളിങ് കഴിഞ്ഞതോടെ കണക്കുകൂട്ടലുകളിലേക്കു കടന്ന് മുന്നണികള്‍. ആരുവീഴും, ആരു വാഴും എന്ന കണക്കുകൂട്ടലുകള്‍ മുന്നണികള്‍ തുടങ്ങിക്കഴിഞ്ഞു. അതിരാവിലെ തന്നെയുള്ള ആവേശകരമായ പോളിങ് ഗുണകരമാകുമെന്നു തന്നെയാണ് മുന്നണികളുടെയെല്ലാം അവകാശവാദം. ഇതിന് അവരുടേതായ അവകാശവാദങ്ങളും മുന്നണികള്‍ ഉയര്‍ത്തുന്നു.

ആലപ്പുഴ നഗരസഭയില്‍ 70.74 ശതമാനം പോളിങ്ങാണ് ഇക്കുറി രേഖപ്പെടുത്തിയത്. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ 76 ശതമാനമായിരുന്നു പോളിങ് നില. ആകെയുള്ള 1,32,643 വോട്ടര്‍മാരില്‍ 93,837 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി പോളിങ് ശതമാനം കോവിഡും മറ്റും കണക്കിലെടുത്ത് കുറഞ്ഞതായാണ് അനുമാനം.

നഗരസഭയില്‍ നെഹ്രുട്രോഫി വാര്‍ഡിലാണ് എറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. ഇവിടെ 84.74 ശതമാനമാണ് പോളിങ് നടന്നത്. ഏറ്റവും കുറവ് സീവ്യൂ വാര്‍ഡിലാണ്. ഇവിടെ 55.89 ശതമാനമായിരുന്നു പോളിങ്. നഗരത്തില്‍ ബീച്ച്, കൊറ്റംകുളങ്ങര, തിരുമല, നെഹ്രുട്രോഫി എന്നിങ്ങനെ നാലു വാര്‍ഡുകളില്‍ മാത്രമാണ് 80 ശതമാനത്തിനുമേല്‍ പോളിങ് രേഖപ്പെടുത്തിയത്. 

വിമതരുടെയും സ്വതന്ത്രന്‍മാരുടെയും രംഗപ്രവേശം പല വാര്‍ഡുകളുടെയും ഫലത്തെ ബാധിക്കും. ഇവര്‍ മത്സരരംഗം കടുത്തതാക്കിയതോടെ ഓരോരുത്തരുടെയും വോട്ടുവിഹിതം കുറയാനിടയുണ്ടെന്നും കരുതുന്നു.

Content Highlights: Local Body Election Alappuzha 2020:  Alappuzha municipality  registers 70.74 percent polling