തുറവൂര്‍: വോട്ടുചോദിച്ചു വീടുകളിലെത്തുന്ന സ്ഥാനാര്‍ഥികളോടു തീരഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ഒന്നേ പറയാനുള്ളു. വോട്ടു ചോദിച്ചോളൂ, തരാം. പക്ഷേ, നടന്നുതളര്‍ന്ന നിങ്ങള്‍ വെള്ളം ചോദിക്കരുത്, കിട്ടില്ല. കോവിഡ്ബാധ ഭയന്നിട്ടോ അഹങ്കാരം കൊണ്ടോ അല്ല അവരിതു പറയുന്നതെന്ന് മുറ്റത്തു നിരത്തിവെച്ചിരിക്കുന്ന ഒഴിഞ്ഞ പാത്രങ്ങള്‍ കണ്ടാല്‍ ആര്‍ക്കും മനസ്സിലാകും.

ജപ്പാന്‍ പൈപ്പുകളില്‍ മുടങ്ങാതെ വെള്ളംകിട്ടിയിട്ട് മാസങ്ങള്‍ പിന്നിടുന്നു. ഇടയ്ക്കു കിട്ടുന്നതാകട്ടെ ഒന്നിനും തികയുകയുമില്ല. ജല അതോറിറ്റി അധികൃതര്‍ ഇടക്കിടെവന്നു പരിശോധന നടത്തിപ്പോകുന്നതല്ലാതെ വെള്ളം കൊടുക്കാന്‍ നടപടികളൊന്നുമായിട്ടില്ല.

തുറവൂര്‍ സെക്ഷന്‍ ഓഫീസിനു കീഴില്‍വരുന്ന അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട്, കടക്കരപ്പള്ളി എന്നീ പഞ്ചായത്തുകളില്‍ 39,000 ഗാര്‍ഹിക കണക്ഷനുകളും 2,263 പൊതുടാപ്പുകളുമാണുള്ളത്. ഇതില്‍ പകുതിയും പടിഞ്ഞാറന്‍ മേഖലയിലാണ്.

തൈക്കാട്ടുശ്ശേരിയിലെ ശുദ്ധീകരണശാലയില്‍നിന്ന് രണ്ടു മോട്ടോറുകള്‍ ഉപയോഗിച്ച് പമ്പു ചെയ്യുന്നുണ്ടെങ്കിലും ഇവിടേക്കു വെള്ളമെത്തുന്നില്ല. മറ്റു ശുദ്ധജല സ്രോതസ്സുകളൊന്നുമില്ലാത്തതിനാല്‍ പൂര്‍ണമായും ജപ്പാന്‍വെള്ളത്തെ ആശ്രയിച്ചാണിവര്‍ കഴിയുന്നത്.

ദിവസങ്ങളോളം വെള്ളം ലഭിക്കാതാകുമ്പോള്‍ പാത്രങ്ങള്‍ കഴുകാനും മറ്റും ഇടത്തോടുകളിലെയും പൊഴിച്ചാലുകളിലെയും ഉപ്പുവെള്ളമാണുപയോഗിക്കുന്നത്. കിലോമീറ്ററുകള്‍ക്കപ്പുറത്തുനിന്ന് തലച്ചുമടായും വള്ളത്തിലും ട്രോളിയിലുമൊക്കെയുമാണിവര്‍ വെള്ളം ശേഖരിക്കുന്നത്.

ചിലര്‍ പണംകൊടുത്തും വാങ്ങുന്നുണ്ട്. അരൂര്‍ മുതല്‍ കടക്കരപ്പള്ളിവരെയുള്ള പഞ്ചായത്തുകളിലേക്ക് ദിവസം 35 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ആവശ്യം. നിലവില്‍ 28 ദശലക്ഷം ലിറ്റര്‍ വെള്ളമേ പമ്പു ചെയ്യുന്നുള്ളൂ. മര്‍ദം കുറവായതിനാല്‍ പടിഞ്ഞാറന്‍ മേഖലയിലേക്ക് വെള്ളം ഒഴുകിയെത്തുന്നില്ല.

പമ്പുചെയ്യുന്ന വെള്ളത്തിന്റെ അളവുകൂട്ടുക മാത്രമാണ് പരിഹാരമാര്‍ഗം. തൈക്കാട്ടുശ്ശേരി പാലത്തിന്റെ പടിഞ്ഞാറെക്കരയില്‍ റോഡിനടിയിലൂടെ പോകുന്ന പ്രധാനപൈപ്പില്‍ ചോര്‍ച്ച കണ്ടെത്തിയതിനാല്‍ നിലവില്‍ കൂടുതല്‍ വെള്ളം പമ്പുചെയ്യാനാകുന്നില്ലെന്നാണു ജല അതോറിറ്റി അധികൃതര്‍ പറയുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ തങ്ങളുടെ കുടിവെള്ള പ്രശ്‌നങ്ങള്‍കൂടി പരിഹരിക്കാന്‍ ശ്രമിക്കണമെന്നാണിവരുടെ അഭ്യര്‍ഥന.

Content Highlights: Local Body Election Alappuzha 2020, Alappuzha Drinking Water Crisis