ആലപ്പുഴ: ജില്ലയിലെ അവസാന പോളിങ്‌നില പുറത്തുവന്നപ്പോഴും നേതാക്കളുടെയും സ്ഥാനാര്‍ഥികളുടെയും ആശങ്കയൊഴിയുന്നില്ല. പോളിങ് ശതമാനത്തെക്കാള്‍ രാവിലെതന്നെ കൂട്ടത്തോടെ വോട്ടുചെയ്തതാണ് മുന്നണികളുടെ വേവലാതി കൂട്ടിയിരിക്കുന്നത്.

ഉച്ചയ്ക്കുമുന്‍പേ 60 ശതമാനത്തോളംപേര്‍ ബൂത്തിലെത്തിയതു വൈരാഗ്യബുദ്ധിയോടെയാണോയെന്ന ആശങ്കയുണ്ടായത് സി.പി.എമ്മിനാണ്. പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവരുള്‍പ്പെടെ വോട്ടു മറിച്ചുകുത്തിയോയെന്ന സംശയവുമുണ്ട്. ഇതിനെത്തുടര്‍ന്ന് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുണ്ടായ വികാരം പ്രതിഷേധ വോട്ടായതാണോയെന്ന് പലയിടത്തും നേതാക്കള്‍ അന്വേഷിച്ചു.

എന്നാല്‍, സര്‍ക്കാരിന് അനുകൂലമാണെന്ന മറുപടിയാണ് താഴെത്തട്ടില്‍നിന്നു ലഭിച്ചിരിക്കുന്നത്. ഇതൊന്നുമല്ല, കോവിഡ് രോഗികള്‍ വൈകീട്ട് എത്തുമെന്ന പ്രചാരണത്തില്‍ അവരെത്തുംമുന്‍പ് വോട്ടുചെയ്യാനെത്തിയവരാണ് ഉച്ചയ്ക്കുമുന്‍പ് പോളിങ് ശതമാനം കൂട്ടിയതെന്നും വിലയിരുത്തലുണ്ട്.

40 ഗ്രാമപ്പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, രണ്ടോ-മൂന്നോ നഗരസഭ ഇത്രയും ലഭിക്കുമെന്നാണു സി.പി.എം. വിലയിരുത്തിയത്. അതായത് 2015-ലെ നേട്ടം കൈവരിക്കാനാകില്ലെന്നു കണക്കുകൂട്ടുന്നു. 2015-ല്‍ 46 ഗ്രാമപ്പഞ്ചായത്തും ജില്ലാ പഞ്ചായത്തും ഒന്‍പതു ബ്ലോക്കുകളും രണ്ടു നഗരസഭകളുമാണ് എല്‍.ഡി.എഫിനു ലഭിച്ചത്. ഇക്കുറി മാവേലിക്കര, ആലപ്പുഴ, ചേര്‍ത്തല നഗരസഭകളിലാണ് പൂര്‍ണവിശ്വാസം വെച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്തില്‍ 15 സീറ്റും എട്ടു ബ്ലോക്ക് പഞ്ചായത്തിലും ഭരണം കിട്ടുമെന്നുമുറപ്പിച്ച് കണക്കുകൂട്ടിയിട്ടുണ്ട്.

യു.ഡി.എഫ്. വിചാരിക്കുന്നത് ഭരണവിരുദ്ധതരംഗമുണ്ടായി എന്നാണ്. ഇതു തങ്ങള്‍ക്കനുകൂലമാണെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു. സി.പി.എമ്മിന്റെ കൈവശമിരുന്ന പല പഞ്ചായത്തുകളും പിടിച്ചെടുക്കാനുള്ള ജനവിധിയാണ് ഉണ്ടായിരിക്കുന്നതെന്നാണ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ രാവിലത്തെ വോട്ടുവര്‍ധന എല്‍.ഡി.എഫിന് അനുകൂലമാണോയെന്ന ആശങ്കയും അവര്‍ പങ്കുവെക്കുന്നു. പ്രായമായവരെ ഉള്‍പ്പെടെ രാവിലെതന്നെ സി.പി.എം. ബൂത്തുകളിലെത്തിച്ചതാണെന്ന സംശയമാണ് ഇതിനടിത്തറ.

ശക്തമായ സാന്നിധ്യമറിയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസ്. ജില്ലയുടെ സാധ്യതയ്ക്കനുസരിച്ച് വേണ്ടത്ര ഉയര്‍ന്നുപ്രവര്‍ത്തിച്ചില്ലെങ്കിലും കൂടുതല്‍ വോട്ടു കിട്ടിയെന്ന വിവരമാണ് നേതാക്കള്‍ക്കു ലഭിച്ചിട്ടുള്ളത്. ഭരണം കിട്ടിയില്ലെങ്കിലും പല പഞ്ചായത്തുകളിലും നിര്‍ണായക ശക്തിയാകാനുള്ള സാധ്യതയാണ് അവര്‍ മുന്നില്‍ കാണുന്നത്. ചെറുപ്പക്കാരെ കൂടുതലായി മത്സരരംഗത്തിറക്കാനായതാണ് ബി.ജെ.പി.യുടെ പ്രതീക്ഷയുടെ അടിസ്ഥാനം.

Content Highlights: Local Body Election Alappuzha 2020