ആലപ്പുഴ: വോട്ടുകുത്തി ഇന്നു തീര്‍പ്പാക്കും. പ്രതിനിധി ആരാവണമെന്നു നിശ്ചയിച്ചുറപ്പിച്ച് വോട്ടര്‍മാര്‍ രാവിലെമുതല്‍ ബൂത്തിലെത്തും. വോട്ടറുടെ അവകാശം രഹസ്യമായതിനാല്‍ മൂന്നു മുന്നണികളും വോട്ട് തങ്ങള്‍ക്കുതന്നെയെന്ന പ്രതീക്ഷയില്‍ നില്‍ക്കും.

കോവിഡിനെ പ്രതിരോധിച്ച് ഒരുമാസം നീണ്ട പ്രചാരണത്തിനുശേഷമാണ് ജില്ലയില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഭൂരിഭാഗം സീറ്റും കൈപ്പിടിയിലാക്കുമെന്ന് എല്‍.ഡി.എഫും വന്‍ അട്ടിമറി നടക്കുമെന്ന് യു.ഡി.എഫും കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് എന്‍.ഡി.എ.നേതാക്കളും പറയുന്നു. എല്ലാം വോട്ടര്‍മാരുടെ കൈയിലാണ്.

രാഷ്ട്രീയപ്രശ്‌നങ്ങളെക്കാള്‍ പ്രാദേശികവിഷയങ്ങളും വ്യക്തി, കുടുംബ ബന്ധങ്ങളും മത-സമുദായ ബന്ധങ്ങളും നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ ഫലം ഭൂരിഭാഗംസ്ഥലത്തും പ്രവചനാതീതമാണ്. വിമതരും സ്വതന്ത്രരും പ്രബലരായതിനാല്‍ പലയിടത്തും മുന്നണിസമവാക്യങ്ങളും തകിടംമറിയും.

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവും ലോക്താന്ത്രിക് ജനതാദളും മുന്നണിയിലേക്കെത്തിയതിന്റെ ആത്മവിശ്വാസത്തില്‍ക്കൂടിയാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളുടെ പിന്‍ബലവും സംഘടനാകരുത്തും വിജയമുറപ്പിക്കാന്‍ കാരണമാകുമെന്നും ഇവര്‍ വിശ്വസിക്കുന്നു.

എന്നാല്‍, സര്‍ക്കാരിനെതിരേയുണ്ടായിരിക്കുന്ന ജനവികാരം വോട്ടാകുമെന്ന ആത്മവിശ്വാസമാണ് യു.ഡി.എഫിന്റെ അടിത്തറ. ഒപ്പം കാലങ്ങളായി കുടിവെള്ളം, തീരസംരക്ഷണം തുടങ്ങിയ അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതിലുള്ള തിരിച്ചടിയും ഇവര്‍ പ്രതീക്ഷിക്കുന്നു.

രണ്ടു മുന്നണികളുടെയും കാപട്യം തുറന്നുകാട്ടാനായതിന്റെ ഫലമാണ് എന്‍.ഡി.എ. പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനനേട്ടങ്ങള്‍ ബോധ്യപ്പെടുത്തിയതിലൂടെ പുതിയൊരു മുന്നണിയില്‍ പ്രതീക്ഷയുണര്‍ന്നതായും ഇവര്‍ വിലയിരുത്തുന്നു.

Content Highlights:  Local Body Election Alappuzha 2020