ആലപ്പുഴ: ആള്‍ക്കൂട്ടവും ആരവവും ഉയരേണ്ട വീഥികള്‍ ശൂന്യമായിരുന്നു. ഇടയ്ക്കിടെ 'നിങ്ങളുടെ വിലയേറിയ ഓരോ വോട്ടും ഞങ്ങള്‍ക്കുതന്ന് വിജയിപ്പിക്കുക..., ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നമ്മുടെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുക...' എന്നിങ്ങനെ വോട്ടഭ്യര്‍ഥിച്ചും പാരഡി ഗാനങ്ങള്‍ ഉച്ചഭാഷിണികളിലൂടെ ഒഴുക്കിയും ചെറിയ പ്രചാരണവാഹനങ്ങള്‍ തലങ്ങും വിലങ്ങും കടന്നുപോയി.
നിരത്തുകളില്‍ ആളനക്കമില്ലെങ്കിലും സ്ഥാനാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ ഇരുചക്രവാഹനങ്ങളില്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ ചീറിപ്പാഞ്ഞു. ഓരോ പ്രദേശത്തെയും ഇടറോഡുകളിലെ മതിലുകളിലെല്ലാം സ്ഥാനാര്‍ഥികളുടെ ചിത്രങ്ങളും ഫ്‌ലക്‌സ് ബോര്‍ഡുകളും കൊടികളും നിറഞ്ഞുനിന്നു.
കൊട്ടിക്കലാശമില്ലാത്ത പരസ്യപ്രചാരണാവസാനം
ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുനാള്‍മാത്രം ബാക്കിനില്‍ക്കുമ്പോള്‍ കോവിഡ് ഭീഷണിയുള്ളതിനാല്‍ കര്‍ശനനടപടികളാണ് തിരഞ്ഞെടുപ്പു കമ്മിഷനും ജില്ലാ ഭരണകൂടവും ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം പരിസമാപ്തിയിലേക്കെത്തുന്ന ദിവസം അണികളെയും വോട്ടര്‍മാരെയും ആവേശത്തിലാക്കാന്‍ സാധാരണ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിരവധിപരിപാടികള്‍ ആസൂത്രണംചെയ്യാറുണ്ട്. എന്നാല്‍, ഇത്തവണ അതൊന്നുമുണ്ടായില്ല.
ആള്‍ക്കൂട്ടമോ കൊട്ടിക്കലാശമോ ഇല്ലായിരുന്നു. വാര്‍ഡുകള്‍ക്കുള്ളില്‍നിന്നുകൊണ്ടുള്ള പ്രചാരണം മാത്രമായിരുന്നു പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസത്തിലേത്. ചിലയിടങ്ങളില്‍ സ്ഥാനാര്‍ഥികളുടെ ബൈക്ക്-സൈക്കിള്‍ റാലികള്‍ ഉണ്ടായിരുന്നു. ആള്‍ക്കൂട്ടമൊഴിവാക്കുന്നതിന്റെ ഭാഗമായി ബൈക്കുകളുടെയും ആളുകളുടെയും എണ്ണംകുറച്ച് മാത്രമായിരുന്നു റാലി.
എല്ലാത്തരം പരസ്യപ്രചാരണവും ആറുമണിക്കുതന്നെ അവസാനിപ്പിച്ചു. അവസാനമെത്തിയ മഴ പരസ്യപ്രചാരണത്തിന്റെ ആവേശം അല്‍പ്പം കെടുത്തുകയും ചെയ്തു.