ആലപ്പുഴ: പുറമേയുള്ള വിഷയങ്ങിലെല്ലാം കൊണ്ടുംകൊടുത്തും മുന്നണിനേതാക്കള്‍ പോകുമ്പോള്‍ അടിയൊഴുക്കുണ്ടാക്കി വോട്ടുമറിക്കുന്നതിനുള്ള തിരക്കിലാണ് അണികള്‍. കുടുംബ ബന്ധങ്ങള്‍, സമുദായ കെട്ടുപാടുകള്‍, വ്യക്തിയുടെയും കുടുംബത്തിന്റെയും പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ചോദിച്ചറിഞ്ഞു സഹായം വാഗ്ദാനം ചെയ്തും സ്വാധീനം ചെലുത്തിയുമാണ് അണികള്‍ നീങ്ങിയത്.

പെരുമ്പളം, നേരേകടവ് പാലംപണി ചേര്‍ത്തല താലൂക്കില്‍ നിറഞ്ഞ ചര്‍ച്ചയാണ്. പണി തടസ്സപ്പെട്ടതും തുടങ്ങാത്തതും മുന്നണികള്‍ ആയുധമാക്കി. ചേര്‍ത്തല താലൂക്ക് ആശുപത്രിയുടെ വികസനവും പോര്‍വിളിയായി. കൊറോണ, നിപ, പ്രളയം എന്നീ പ്രതികൂലസാഹചര്യത്തിലും വികസനം കാണാവുന്ന വിധത്തില്‍ ചെയ്തതാണ് എല്‍.ഡി.എഫ്. ചര്‍ച്ചയാക്കിയത്. റോഡുവികസനവും പെന്‍ഷനും ഇവര്‍ ഉദാഹരിച്ചു. എന്നാല്‍, അഴിമതിയും സ്വര്‍ണക്കടത്തും നിരത്തി യു.ഡി.എഫ്. തിരിച്ചടിച്ചു. കയര്‍വ്യവസായം തകര്‍ന്നതും കയര്‍പിരിത്തൊഴിലാളികള്‍ കഷ്ടത്തിലായതും അവര്‍ നിരത്തി. എന്നാല്‍, ഇടതു-വലതുമുന്നണികളുടെ കള്ളക്കളികളില്‍നിന്ന് നാടിനെ രക്ഷിക്കണമെന്ന് എന്‍.ഡി.എ.യും ആവശ്യപ്പെട്ടു. മോദി സര്‍ക്കാരിന്റെ വികസനമുന്നേറ്റം അവര്‍ ഉയര്‍ത്തിക്കാട്ടി. കിസാന്‍ സമ്മാന്‍നിധി ഉള്‍പ്പെടെയുള്ള ഗുണങ്ങളും വിവരിച്ചു.

ചെങ്ങന്നൂരില്‍ സജി െചറിയാന്‍ എം.എല്‍.എ.യും മുന്നണികളും തമ്മിലായിരുന്നു വിവാദം കൊഴുത്തത്. വികസനകാര്യങ്ങളില്‍ ആരോപണങ്ങളെല്ലാം അദ്ദേഹത്തിനെതിരേ തിരിച്ചുവെക്കുകയാണ് യു.ഡി.എഫും എന്‍.ഡി.എ.യും ചെയ്തത്. ചെയ്ത പ്രവൃത്തികളുടെ നീണ്ടപട്ടികതന്നെ മുന്നില്‍വെച്ചാണ് എല്‍.ഡി.എഫ്. നേതാക്കളും എതിരാളികളെ നേരിട്ടത്. സ്റ്റേഡിയം നിര്‍മാണം, കെ.എസ്.ആര്‍.ടി.സി. കെട്ടിടം ഐ.എ.എസ്. അക്കാദമി, പാലങ്ങള്‍ എല്ലാം ചര്‍ച്ചയ്ക്കുവന്നു. യു.ഡി.എഫ്. സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതികളുടെ പൂര്‍ത്തികരണംമാത്രമാണ് സജിചെറിയാന്‍ നടത്തിയതെന്നും തിരിച്ചടിച്ചു. ഇവിടെയും രണ്ടുമുന്നണികളുടെയും കള്ളക്കളിയില്‍ വികസനം മുരടിക്കുന്നതാണ് എന്‍.ഡി.എ. ഉയര്‍ത്തിക്കാട്ടിയത്.

ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലത്തില്‍ വികസനത്തിന്റെ കുത്തൊഴുക്കുണ്ടായെന്നാണ് എല്‍.ഡി.എഫ്. പ്രചാരണം നടത്തിയത്. എന്നാല്‍, കുടിവെള്ളംപോലും കിട്ടാത്തത് ഉയര്‍ത്തി യു.ഡി.എഫ്. പ്രതിരോധം തീര്‍ത്തു. റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണം മന്ത്രിമാരായ ജി. സുധാകരനെയും തോമസ് ഐസക്കിനെയും മുന്‍നിര്‍ത്തിയാണ് എല്‍.ഡി.എഫ്. നിരത്തിയത്. എന്നാല്‍, എക്‌സല്‍ഗ്ലാസസ് സര്‍ക്കാര്‍ ഏറ്റെടുക്കാത്തത്, തീരത്ത് സംരക്ഷണഭിത്തികെട്ടാത്തത്, കരിമണല്‍ ഖനനം, തുറമുഖങ്ങളുടെ പണിതീരാത്തത് എല്ലാം എണ്ണിനിരത്താന്‍ യു.ഡി.എഫിനും കഴിഞ്ഞു. ആലപ്പുഴ ബൈപ്പാസ് മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നതുകൊണ്ടുമാത്രം പൂര്‍ത്തിയായതാണെന്നു കാണിച്ചാണ് ഇവിടെ എന്‍.ഡി.എ. പ്രചാരണം.

മാവേലിക്കരയില്‍ കുടിവെള്ള പദ്ധതിയെച്ചൊല്ലി തര്‍ക്കംകൊഴുത്തു. കണ്ടിയൂര്‍ ബൈപ്പാസും മാലിന്യ പ്രശ്‌നവും വാഗ്വാദത്തിന് അടിത്തറയായി. എം.എല്‍.എ.യും നഗരസഭാധ്യക്ഷയുമായി ഉണ്ടായ ചേരിപ്പോര് വികസനം മുടക്കിയതും ചര്‍ച്ചകള്‍ക്ക് മൂര്‍ച്ചകൂട്ടി. കായംകുളത്തും എം.എല്‍.എയും നഗരസഭാ ചെയര്‍മാനും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ രാഷ്ട്രീയചര്‍ച്ചകള്‍ക്ക് കൊഴുപ്പുണ്ടാക്കി. സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡിന് സ്ഥലമെടുപ്പ്, ഐ.ടി.ഐക്ക് സ്ഥലം ഏറ്റെടുക്കാനാവാതിരുന്നത് എല്ലാം ചര്‍ച്ചയാക്കി.

സംസ്ഥാന ഭരണത്തെക്കുറിച്ചുള്ള നേര്‍ക്കുനേര്‍ ചര്‍ച്ച നടന്ന മണ്ഡലം ഹരിപ്പാടാണ്. ഇവിടെ പ്രതിപക്ഷനേതാവ് മിക്കവാറും എത്തി. വരുമ്പോഴെല്ലാം മുഖ്യമന്ത്രിമന്ത്രിക്കും മറ്റുമന്ത്രിമാര്‍ക്കുമെതിരേയുള്ള ആരോപണങ്ങളുയര്‍ത്തി. എല്‍.ഡി.എഫും വിട്ടില്ല. ബാര്‍ക്കോഴ ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അദ്ദേഹത്തിനുേനരെയും നിരത്തി.

ഹരിപ്പാട് മെഡിക്കല്‍ കോളേജ് നഷ്ടപ്പെടുത്തിയെന്നു രമേശ് ചെന്നിത്തലയും വമ്പന്‍ അഴിമതി ഇല്ലാതാക്കിയെന്നു ഭരണപക്ഷവും വാദപ്രതിവാദം നടത്തി. ഇതിനെല്ലാമുപരി വികസനം കൂടുതല്‍ കൊണ്ടുവന്നത് സര്‍ക്കാരാണോ പ്രതിപക്ഷനേതാവാണോ എന്നും തര്‍ക്കമുണ്ടായി.

കുട്ടനാട് മണ്ഡലത്തില്‍ നെല്ലുതന്നെ താരമായി. നെല്ലെടുത്ത പണം കിട്ടാത്തത്, നെല്ലെടുപ്പ് സഹകരണസംഘങ്ങളെ ഏല്‍പ്പിക്കുന്നത്, പ്രളയത്തെത്തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഇറങ്ങുന്ന ആശുപത്രിവരെ നിര്‍മിക്കുമെന്നുപറഞ്ഞ് കബളിപ്പിച്ചത്, കുട്ടനാട് രണ്ടാംപാക്കേജ് നടപ്പിലാക്കാത്തത്, എ.സി. റോഡ് നിര്‍മാണം തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍മാത്രം നടപടിയാക്കിയത് എല്ലാം ആരോപണ പ്രത്യാരോപണങ്ങളുടെ പെരുമഴ പെയ്യിച്ചു.

Content Highlights: Local Body Election  Alappuzha  2020