ആലപ്പുഴ: ഒരു പേരിലെന്തിരിക്കുന്നു എന്നു കരുതുന്നവരാണ് ഏറെയും. എന്നാല്‍, ആ പേര് കണ്‍ഫ്യൂഷനാക്കിയാലോ പാഴാകുന്നത് ഒരു വോട്ടും. ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ സ്ഥാനാര്‍ഥികളില്‍ പലരും 'പേരി'ലും മത്സരിക്കുകയാണ്. ചിലപ്പോഴൊക്കെ പേര് അനുഗ്രഹമാകും. മറ്റുചിലപ്പോള്‍ പൊല്ലാപ്പും. എന്നാല്‍, ഈ തിരഞ്ഞെടുപ്പില്‍ ഒരേ പേരില്‍ നേര്‍ക്കുനേര്‍ മത്സരിക്കുന്ന ചിലരുണ്ട്.

ചേര്‍ത്തലയിലെ ജോസഫുമാര്‍

ചേര്‍ത്തല നഗരസഭ, വല്ലയില്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയും ജോസഫാണ്. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ഇനിഷ്യലായി ഒരു വി.ടി. കൂടിയുണ്ടെന്നുമാത്രം. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പടനിലത്ത് സി.പി.എം. സ്ഥാനാര്‍ഥി ബൃന്ദയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൃന്ദയുമാണു നേര്‍ക്കുനേര്‍ മത്സരിക്കുന്നത്. പേര് ഉച്ചരിക്കുമ്പോള്‍ ബൃന്ദയും വൃന്ദയും ഒരേപോലെ തോന്നുമെന്നതാണു പ്രാദേശിക നേതാക്കളുടെ ആശങ്ക.

ജീന്‍ മേരിയും മേരി ജീനും

പുന്നപ്ര തെക്ക് പഞ്ചായത്ത് സി.പി.എം. സ്ഥാനാര്‍ഥിയുടെയും ബി.ജെ.പി. സ്ഥാനാര്‍ഥിയുടെയും പേരുകള്‍ തമ്മില്‍ ഒന്നു തിരിഞ്ഞാല്‍ മതി. എല്ലാം കൈവിട്ടുപോകും. സി.പി.എമ്മിന്റേത് ജീന്‍ മേരിയും ബി.ജെ.പി.യുടേത് മേരി ജീനുമാണ്. നേരെ ചൊവ്വേ അല്ലെങ്കിലും ഇവിടെയും വോട്ടു മാറിപ്പോകാനിടയുണ്ടാകും. ചുനക്കര പഞ്ചായത്തിലെ ആശുപത്രി വാര്‍ഡില്‍ നടക്കുന്നതു ഷീജമാര്‍ തമ്മിലുള്ള മത്സരമാണ്. ഷീജാ പ്രസന്നന്‍- ബി.ജെ.പി., ഷീജാ ഷാജു- കോണ്‍ഗ്രസ്.

കംപ്ലീറ്റ് കുമാര്‍

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് എഴുപുന്നയില്‍ കോണ്‍ഗ്രസിലും ബി.ജെ.പി.യിലും മത്സരിക്കുന്നത് 'അനില്‍കുമാറാ'ണ്. കോണ്‍ഗ്രസിന്റേത് പി.പി. അനില്‍കുമാറും ബി.ജെ.പി.യുടേത് കെ.കെ. അനില്‍കുമാറും. ഇരുവര്‍ക്കുമെതിരേ മത്സരിക്കുന്നത് സി.പി.ഐ.യിലെ എസ്. അശോക് കുമാറും. സ്ഥാനാര്‍ഥികളുടെ പേരിനെക്കാള്‍ പ്രസക്തി ഇവരുടെ ചിഹ്നത്തിനാകും.

പേരിലെ അപാരത

നേര്‍ക്കുനേരുള്ള മത്സരങ്ങള്‍ക്കുപുറമെ അപരന്മാരുടെ സാന്നിധ്യവുമുണ്ട്. അത്തരം പേരുകള്‍: ചേര്‍ത്തല നഗരസഭ എക്സ്-റേ വാര്‍ഡില്‍ പി. ഉണ്ണിക്കൃഷ്ണന്‍ (കോണ്‍.), കെ. ഉണ്ണിക്കൃഷ്ണന്‍ (സ്വത.). അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്തില്‍ കെ. ശശികുമാര്‍ (കോണ്‍.), ശശികുമാര്‍ (സ്വത.).

കൈനകരി പതിനൊന്നാം വാര്‍ഡ് പുത്തന്‍തുരത്തില്‍ സി.ആര്‍. പ്രതാപന്‍ (സി.പി.എം.), എം.കെ. പ്രതാപന്‍ (സ്വത.). തഴക്കര ഗ്രാമപ്പഞ്ചായത്തു വെട്ടിയാര്‍ വാര്‍ഡില്‍ സുരേഷ് കുമാര്‍ കളീക്കല്‍ (കോണ്‍.), സുരേഷ് കുമാര്‍ കളത്തില്‍ (സ്വത.). മാവേലിക്കര തഴക്കര ഗ്രാമപ്പഞ്ചായത്ത്, പഞ്ചായത്ത് ഓഫീസ് വാര്‍ഡ് ജി. വിജയകുമാര്‍ (സി.പി.ഐ.), കെ.വി. വിജയകുമാര്‍ (സ്വത.).

പാലമേല്‍ ആദിക്കാട്ടുകുളങ്ങരയില്‍ സി.പി.ഐ. സ്ഥാനാര്‍ഥിയുടെയും സ്വതന്ത്രയുടെയും പേര് ഐഷാബീവി എന്നാണ്. തിരുവന്‍വണ്ടൂര്‍ ഒന്നാംവാര്‍ഡില്‍ ഇരമല്ലിക്കരയില്‍ എല്‍.ഡി.എഫ്. സ്വതന്ത്രയും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതും ശ്രീദേവിയാണ്.

Content Highlights: Local Body Election Alappuzha 2020