മന്നാര്‍: മാന്നാര്‍ ബ്ലോക്ക് ഡിവിഷനില്‍ ശരിക്കുള്ള യു.ഡി.എഫ്.സ്ഥാനാര്‍ഥി ആരാണ്. വോട്ടര്‍മാര്‍ ആകെ കണ്‍ഫ്യൂഷനിലാണ്. നാട്ടിലെ മതിലായ മതിലിലെല്ലാം യു.ഡി.എഫ്.സ്ഥാനാര്‍ഥി എന്നനിലയില്‍ രണ്ടുപേരുടെ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒന്ന് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് ചെങ്ങന്നൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് അന്‍സില്‍ അസീസിന്റെയും മറ്റൊന്ന് ചെണ്ട ചിഹ്നത്തില്‍ മത്സരിക്കുന്ന കേരള കോണ്‍ഗ്രസ് ജോസഫ് ജില്ലാ വൈസ് പ്രസിഡന്റ് ചാക്കോ കയ്യത്രയുടെയുമാണ്.
രണ്ടുപേരും താനാണ് യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയെന്നാണ് അവകാശപ്പെടുന്നത്. പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ മത്സരിക്കുന്നതെന്നും യു.ഡി.എഫിന്റെ ജില്ലാ കമ്മിറ്റിയില്‍ ഇതുസംബന്ധിച്ച് ധാരണയുണ്ടായിരുന്നതായും ചാക്കോ കയ്യത്ര പറയുന്നു.
എന്നാല്‍, ഇത് ശരിയല്ലെന്നും യു.ഡി.എഫ്. ജില്ലാ ചെയര്‍മാനും ഡി.സി.സി.പ്രസിഡന്റും ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റും തമ്മില്‍ ചര്‍ച്ചചെയ്ത് കോണ്‍ഗ്രസിലെ അന്‍സില്‍ അസീസിനെ മാന്നാര്‍ ബ്ലോക്കില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നതാണെന്നും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാധേഷ് കണ്ണന്നൂര്‍ പറഞ്ഞു.
വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകുന്നതരത്തില്‍ യു.ഡി.എഫിന്റെ പോസ്റ്റര്‍ ഇറക്കിയതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇരുകൂട്ടരും യു.ഡി.എഫ്. ആണെന്നവകാശപ്പെട്ട് വീടുകള്‍ കയറുകയാണ്. ആരാണ് ഒറിജിനലെന്നു വരുംദിവസങ്ങളില്‍ അറിയാം.
Content Highlights: Local Body Election Alappuzha 2020