കുട്ടനാട്: ത്രിതലപഞ്ചായത്തു സംവിധാനത്തില്‍ ആദ്യമായി തിരഞ്ഞെടുപ്പ് നടത്തിയ 1995-ല്‍ ആന്റണിയും സാജുമോനും സ്ഥാനാര്‍ഥികളായിരുന്നു. തോറ്റെങ്കിലും കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ ഇരുവരും വീണ്ടും തിരഞ്ഞെടുപ്പിന്റെ ഭാഗമായുണ്ട്; മത്സരിക്കാനല്ല, തിരഞ്ഞെടുപ്പുപ്രക്രിയയുടെ ഭാഗമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി.

നെടുമുടി പഞ്ചായത്ത് നിവാസികളാണ് എ.എം. ആന്റണിയും സാജുമോന്‍ പത്രോസും. കൈനകരി വില്ലേജ് ഓഫീസറായിരുന്ന ആന്റണി, നിലവില്‍ കുട്ടനാട് താലൂക്ക് ഓഫീസിലെ റീസര്‍വേ വിഭാഗം ഹെഡ് ക്ലാര്‍ക്കാണ്. സാജുമോന്‍ മുട്ടാര്‍ പഞ്ചായത്തു സെക്രട്ടറിയും.

1995-ല്‍ നെടുമുടി പഞ്ചായത്തിലെ അന്നത്തെ എട്ട്, ഒന്‍പത് വാര്‍ഡുകളിലാണ് മത്സരിച്ചത്. എട്ടാംവാര്‍ഡില്‍ 80-ല്‍പ്പരം വോട്ടുകള്‍ക്കാണ് യു.ഡി.എഫ്.സ്വതന്ത്രനായി മത്സരിച്ച സാജുമോന്‍ തോറ്റത്. ഇടതുപിന്തുണയോടെ ഒന്‍പതാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച ആന്റണി നൂറില്‍ത്താഴെ വോട്ടുകള്‍ക്കും തോറ്റു. അന്ന് രണ്ടുപേര്‍ക്കും 25 വയസ്സ്. തിരഞ്ഞെടുപ്പിനുശേഷം ആറുമാസത്തിനകം സാജുമോന്‍ എല്‍.ഡി. ക്ലാര്‍ക്കായി. ആന്റണി 1999-ല്‍ സര്‍വീസിലെത്തി.

യുവത്വത്തിനു പ്രാതിനിധ്യമുണ്ടായിരുന്നു

സംവിധാനങ്ങളെപ്പറ്റി വലിയ അറിവില്ലായിരുന്നെങ്കിലും 25 വര്‍ഷംമുന്‍പു നടത്തിയ അന്നത്തെ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് മികച്ച പ്രാതിനിധ്യം കിട്ടിയിരുന്നതായി ആന്റണി പറയുന്നു. വിരമിച്ചശേഷം വീണ്ടുമൊരു മത്സരത്തിനെ നേരിടുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുമില്ല.

എന്നാല്‍, ആറുവര്‍ഷത്തിനുശേഷം സര്‍വീസില്‍നിന്നു വിരമിക്കുന്ന സാജുമോന്‍ പൊതുരംഗത്തെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ താത്പര്യപ്പെടുന്നു. നിലവില്‍ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്‍ ആലപ്പുഴ ജില്ലാ വെസ് പ്രസിഡന്റാണ്.

Content Highlights:  Local Body Election, Alappuzha