ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഘടകകക്ഷികളുമായുള്ള തര്‍ക്കം മൂന്നുമുന്നണികളും പരിഹരിച്ചു. ഇപ്പോള്‍ സ്വന്തം സ്ഥാനാര്‍ഥികള്‍ ആരാവണം എന്നതിനെച്ചൊല്ലിയാണ് സന്ദേഹം. സി.പി.എം. 90 ശതമാനം സീറ്റുകളിലും പ്രഖ്യാപനം നടത്തിയെങ്കിലും ബാക്കിസീറ്റുകളില്‍ ആരാവണം എന്നതില്‍ തര്‍ക്കം തുടരുകയാണ്. രണ്ടും മൂന്നും പേരുകള്‍ പ്രാദേശിക കമ്മിറ്റികള്‍ നിര്‍ദേശിച്ചതില്‍ അന്തിമതീരുമാനം മേല്‍ കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. ഉടന്‍ തീര്‍പ്പുണ്ടാക്കി അന്തിമപ്രഖ്യാപനം നടത്തുമെന്ന് ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ പറഞ്ഞു. ചില സ്ഥലത്ത് ഘടകകക്ഷികള്‍ സീറ്റുകള്‍ വെച്ചുമാറുന്നതിനുള്ള താത്പര്യവും കാണിച്ചിട്ടുണ്ട്. അതും പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ ഗ്രൂപ്പുതര്‍ക്കം

യു.ഡി.എഫില്‍ ഘടകകക്ഷികള്‍ തമ്മിലുള്ള വീതംവെപ്പ് പൂര്‍ത്തിയായി. എന്നാല്‍, അതിനേക്കാള്‍ കടുകട്ടിയായിരിക്കുന്നത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് വടംവലിയിലാണ്. പല വാര്‍ഡുകകളിലും രണ്ടും മൂന്നും പേരുടെ ലിസ്റ്റാണ് എത്തിയിരിക്കുന്നത്. എ, ഐ, കെ.സി. വേണുഗോപാല്‍ വിഭാഗങ്ങള്‍ എന്നിവര്‍ ശക്തമായി രംഗത്തുണ്ട്.

ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം നഗരസഭകളില്‍ എ വിഭാഗത്തിന് പ്രാമുഖ്യം വേണമെന്ന നിലപാടാണ് അവര്‍ പുലര്‍ത്തുന്നത്. കായംകുളം, മാവേലിക്കര, ഹരിപ്പാട്, ചേര്‍ത്തല എന്നിവിടങ്ങളില്‍ മുന്‍തൂക്കം വേണമെന്നാണ് ഐ. ഗ്രൂപ്പിന്റെ നിലപാട്. ആലപ്പുഴ, ചേര്‍ത്തല നഗരസഭകളില്‍ മേല്‍ക്കൈ വേണമെന്ന നിലപാടിലുറച്ചുനില്ക്കുകയാണ് കെ.സി. വേണുഗോപാല്‍ വിഭാഗം. കെ.സി. വേണുഗോപാലിന്റെ അമ്മയുടെ ശവസംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ നേതാക്കള്‍ പോയിരിക്കുന്നതിനാല്‍ ഗ്രൂപ്പ് ചര്‍ച്ച വ്യാഴാഴ്ച കാര്യമായി നടന്നില്ല.

ഗ്രൂപ്പ് വീതംവെപ്പനുസരിച്ച് വാര്‍ഡുകളിലെല്ലാം സ്ഥാനാര്‍ഥികള്‍ മാറിമറിയും. പല വാര്‍ഡുകളിലേക്കും രണ്ടുംമൂന്നും നാലും സ്ഥാനാര്‍ഥികളുടെ പട്ടികയാണ് നേതൃത്വത്തിന്റെ മുന്നിലുള്ളത്. ഇതില്‍നിന്ന് ഗ്രൂപ്പ്, ഭരണപരിചയം, യുവപ്രാതിനിധ്യം എന്നിവയെല്ലാം നോക്കിയാണ് പ്രഖ്യാപനം നടത്തേണ്ടത്. ഒരാളുടെ പേരുമാത്രം വന്ന വാര്‍ഡുകളിലെ സ്ഥാനാര്‍ഥിക്ക് അംഗീകാരവും നല്കിയിട്ടുണ്ട്. ഇവരോട് പ്രചാരണത്തിനിറങ്ങാനും നിര്‍ദേശം നല്കി. എന്നാല്‍, 75 ശതമാനത്തിലധികം പ്രശ്‌നങ്ങളും പരിഹരിച്ചതിനാല്‍ രണ്ടുദിവസത്തിനുള്ളില്‍ എല്ലാ തര്‍ക്കങ്ങളും പരിഹരിച്ച് സ്ഥാനാര്‍ഥിപ്രഖ്യാപനം നടത്താനാവുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. കണ്‍വീനര്‍ സി.കെ. ഷാജിമോഹന്‍.

അസംതൃപ്തരെ പ്രതീക്ഷിച്ച് ബി.ജെ.പി.

ബി.ജെ.പി. തന്ത്രപൂര്‍വമായ സമീപനത്തിലാണ് പ്രഖ്യാപനം വൈകിക്കുന്നത്. കോണ്‍ഗ്രസിന്റെയും എല്‍.ഡി.എഫിന്റെയും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം അസംതൃപ്തരുടെ ഒഴുക്ക് അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. മാത്രമല്ല, എതിരാളിയെ അറിഞ്ഞ് സ്ഥാനാര്‍ഥിയെ രംഗത്തിറക്കാനും ആഗ്രഹിക്കുന്നു. 

പരമാവധി സീറ്റുകള്‍ എന്ന ലക്ഷ്യത്തിലായതിനാല്‍ ഇത്തരം തന്ത്രപരമായ സമീപനമാവാം എന്ന നിലപാടാണ് എന്‍.ഡി.എ.യ്ക്കുള്ളത്. ഗ്രാമപ്പഞ്ചായത്തുകമ്മിറ്റികള്‍ ചേര്‍ന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനവും പരിചയപ്പെടുത്തലും ആരംഭിച്ചിട്ടുണ്ടെന്നും പരസ്യപ്രചാരണത്തിന് ഉടന്‍ തുടക്കം കുറിക്കുമെന്നും ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍ പറഞ്ഞു.

ആദ്യദിനം ലഭിച്ചത് ഏഴ് നാമനിര്‍ദേശപത്രികകള്‍

ആലപ്പുഴ: തദ്ദേശസ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദ്യദിനം ലഭിച്ചത് ഏഴ് നാമനിര്‍ദേശപത്രികകള്‍. വിവിധ ഗ്രാമപ്പഞ്ചായത്തുകളിലായാണ് പത്രികകള്‍ ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലേക്ക് പത്രികകള്‍ ലഭിച്ചിട്ടില്ല. തുറവൂര്‍ -ഒന്ന്, മാവേലിക്കര തെക്കേക്കര -ഒന്ന്, കൃഷ്ണപുരം -ഒന്ന്, പട്ടണക്കാട് -ഒന്ന്, വിയപുരം -മൂന്ന് എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകളില്‍ ലഭിച്ച പത്രികകളുടെ എണ്ണം.

Content Highlights: Local Body Election Alappuzha