ആലപ്പുഴ : 'മഹേഷിന്റെ പ്രതികാരം' എന്ന സിനിമയില്‍ ഫഹദ് ഫാസില്‍ പറയുന്ന അതേ ഡയലോഗ്. 'ചിന്‍ പൊടിക്ക് അപ്പ്...' സ്റ്റുഡിയോകളില്‍ ഇപ്പോള്‍ ആവര്‍ത്തിച്ചുകേള്‍ക്കുന്ന. ഫൊട്ടൊയ്ക്ക് നിരനിരയായി നില്‍ക്കുന്നത് സ്ഥാനാര്‍ഥികളാണെന്നു മാത്രം.

സ്റ്റുഡിയോ മുറിക്കുള്ളിലേക്ക് കടന്നാല്‍ വെളിച്ചത്തിന്റെ പ്രഭാപൂരം. പിന്നെ, മുന്നിലുള്ള ഫ്രെയിമിലേക്കൊരു നോട്ടം. സ്‌മൈല്‍ പ്ലീസ് എന്നുകേള്‍ക്കുമ്പോള്‍ ആദ്യം ചെറുപുഞ്ചിരി. ഒന്നൂടെ പറഞ്ഞാല്‍ അതിമനോഹരമായ നിറഞ്ഞ ചിരി. പിന്നെ ചിന്‍ പൊടിക്ക് അപ്പ്, പൊടിക്ക് ഡൗണ്‍. താടി ഉയര്‍ത്തിയും ചരിച്ചുമുള്ള വിവിധ പരീക്ഷണങ്ങള്‍. ഒറ്റ ക്ലിക്ക്. ദാ വരുന്നു, കിടുക്കന്‍ ഫൊട്ടൊ.

സ്ഥാനാര്‍ഥിനിര്‍ണയം ആരംഭിച്ചതോടെ സ്ത്രീപുരുഷഭേദമെന്യേ ചിരിച്ച മുഖവുമായി സ്ഥാനാര്‍ഥികള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിച്ചാല്‍പ്പിന്നെ ആദ്യം വേണ്ടത് നല്ല ഫൊട്ടൊയാണ്. കോവിഡ് പ്രതിസന്ധിയില്‍ തകര്‍ന്ന സ്റ്റുഡിയോകള്‍ക്കും ഫൊട്ടൊഗ്രഫര്‍മാര്‍ക്കും ഈ തിരഞ്ഞെടുപ്പ് ഉണര്‍വേകുകയാണ്. 

മിന്നിക്കുന്ന ഫൊട്ടൊകള്‍ വേണമെന്നാണ് എല്ലാവരുടെയും ആവശ്യം. എന്നാല്‍, മുന്‍പുള്ളപോലെ തേച്ചുമിനുക്കിയ ഷര്‍ട്ടോ പട്ടുസാരിയോ പൗഡറോ മേക്കപ്പോ ഒന്നും അധികംവേണ്ടെന്നാണ് സ്ഥാനാര്‍ഥികള്‍ പറയുന്നത്. എല്ലാം 'ഓവറാക്കി ചളമാക്കരുത്. നാച്വറലായിരിക്കണം, മിനുക്കുപണികള്‍ ഒന്നും വേണ്ടാ'. (ചേട്ടന് ഇതെക്കുറിച്ചൊന്നും വല്യ ധാരണയില്ലല്ലേ എന്ന് 'മഹേഷി'ലെ ജിന്‍സി ചോദിച്ചതുപോലെ ചോദിക്കേണ്ടിവരില്ല).

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ തിരക്കുപിടിച്ച ഫൊട്ടൊഷൂട്ടുകള്‍ നടക്കുകയാണ്. ചിരി മാത്രമല്ല, ഇരുന്നും നടന്നും നിന്നുമെല്ലാം ചിത്രങ്ങള്‍ എടുക്കുകയാണ് സ്ഥാനാര്‍ഥികള്‍. സ്റ്റുഡിയോയില്‍ നേരിട്ടെത്തി ചിത്രമെടുക്കുന്നവരും വീടുകളില്‍ത്തന്നെ ഷൂട്ട് നടത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. കോവിഡ് ഭീതിയുള്ളതിനാല്‍ വീടുകളില്‍ ഫൊട്ടൊഗ്രഫര്‍മാരെ എത്തിച്ച് ചിത്രമെടുക്കുന്നവരാണ് ഏറെയും.

കുറഞ്ഞത് 1000 രൂപയാണ് ഒരു സ്ഥാനാര്‍ഥിക്ക് ആവശ്യമായ ചിത്രങ്ങള്‍ എടുത്തുനല്‍കുന്നതിന്. ഔട്ട്‌ഡോര്‍ ആണെങ്കില്‍ തുക കൂടും. മുന്‍പ് ഫുള്‍സൈസ് ഫൊട്ടൊയ്ക്കായിരുന്നു ആവശ്യക്കാര്‍ കൂടുതല്‍. എന്നാലിപ്പോള്‍ സമൂഹമാധ്യങ്ങളിലൂടെയുള്ള പ്രചാരണമായതിനാല്‍ ഹാഫ് സൈസ് ഫൊട്ടൊ മതി. ഉപയോഗത്തിനാവശ്യമായ ഫോര്‍മാറ്റിലാണ് എടുത്തുനല്‍കുന്നത്. ഫ്‌ലക്‌സ് പോലുള്ളവയ്ക്ക് ആവശ്യമായ കൂടുതല്‍ തെളിമയാര്‍ന്ന ചിത്രമാണെങ്കില്‍ കൂടിയ ഫോര്‍മാറ്റിലും നല്‍കും.

Content Highlights: Local Body Election  Alappuzha