ചേര്‍ത്തല: നിയോജക മണ്ഡലത്തില്‍ മൂന്നുമുന്നണികളിലും സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചുതുടങ്ങി. ചിലയിടങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പ്രവര്‍ത്തനവുമായി മുന്നോട്ടുപോയിട്ടുണ്ട്. പ്രഖ്യാപനത്തിലേക്കു കടക്കുമ്പോഴും സി.പി.എമ്മിനും കോണ്‍ഗ്രസിനും ബി.ജെ.പിക്കും മുന്നിലെ വെല്ലുവിളികള്‍ തുടരുകയാണ്.

ജില്ലാപഞ്ചായത്ത് ഡിവിഷനിലടക്കം യുവപ്രാതിനിധ്യം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ശക്തമായി രംഗത്തുവന്നിട്ടുണ്ട്. പള്ളിപ്പുറം, വയലാര്‍ ഡിവിഷനുകള്‍ ലഷ്യമിട്ടാണ് യൂത്ത് ചലഞ്ച്. കഞ്ഞിക്കുഴി, പട്ടണക്കാട് ബ്ലോക്ക് ഡിവിഷനുകളിലും ഗ്രാമപ്പഞ്ചായത്തുകളിലും യൂത്ത് പ്രാതിനിധ്യം ആവശ്യപ്പെട്ടിട്ടുണ്ട്. നഗരസഭകളിലെ സീറ്റുനിര്‍ണയ സമിതിയില്‍ യൂത്ത് കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താത്തതില്‍ ജില്ലയിലാകെ ഉയര്‍ന്ന പ്രതിഷേധം ചേര്‍ത്തലയില്‍ വ്യക്തമായി കാണുന്നുണ്ട്.

ശ്രദ്ധേയമായപ്രവര്‍ത്തനം നടത്തിയ തണ്ണീര്‍മുക്കം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജ്യോതിസ്, മാരാരിക്കുളം വടക്ക് പ്രസിഡന്റ് ഡി. പ്രിയേഷ് കുമാര്‍, കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ജി. രാജു, ബ്ലോക്ക് പ്രസിഡന്റ് പ്രഭാമധു എന്നിവരെ മത്സരരംഗത്തുനിന്നു മാറ്റിയത് അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. മൂന്നുതവണ മത്സരിച്ചവരെ പാര്‍ട്ടിരംഗത്തേക്കു തിരികെ കൊണ്ടുവരികയാണെന്നാണു വിശദീകരണമെങ്കിലും പ്രതിസന്ധി പൂര്‍ണമായി അകറ്റാനായിട്ടില്ല. എല്ലാം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി പരിധിയിലാണ്.

എന്‍.ഡി.എയില്‍ ബി.ഡി.ജെ.എസുമായുള്ള ചര്‍ച്ചകള്‍ ബി.ജെ.പി പൂര്‍ത്തിയാക്കി. തര്‍ക്കസ്ഥലങ്ങളില്‍ പരിഹാരത്തിന് ആര്‍.എസ്.എസ്. നിര്‍ണായക ഇടപെടല്‍ നടത്തുന്നുണ്ട്.

Content Highlights: Local Body Election, Alappuzha