ആലപ്പുഴ: മുന്നണികളില്‍ ചെറിയ ഘടകകക്ഷികള്‍ കേണപേക്ഷിക്കുകയാണ് സ്ത്രീ, പട്ടികജാതി സംവരണ സീറ്റെടുത്ത് പകരം പുരുഷന്മാര്‍ക്ക് മത്സരിക്കാന്‍ ജനറല്‍ സീറ്റ് തരണേയെന്ന്. എല്‍.ഡി.എഫിലും യു.ഡി.എഫിലുമാണിത് കൂടുതല്‍. മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍, എല്‍.ജെ.ഡി., സി.എം.പി., ആര്‍.എസ്.പി. എന്നീ ഘടകകക്ഷിനേതാക്കളാണ് യേമാന്‍ പാര്‍ട്ടികളോട് അപേക്ഷിക്കുന്നത്.

ആകെ കിട്ടുന്നത് ഒന്നോ രണ്ടോ സീറ്റു മാത്രം. അതും വനിതാസംവരണമോ പട്ടികജാതിസംവരണമോ ആയാല്‍ പെട്ടതുതന്നെ. മത്സരിക്കാന്‍ നേതാക്കളുടെ ഭാര്യമാരെ രംഗത്തിറക്കേണ്ട ഗതികേടിലുമാണ് ചിലര്‍. യു.ഡി.എഫും എല്‍.ഡി.എഫും ആദ്യമേയെടുത്ത പ്രധാന തീരുമാനം സിറ്റിങ് സീറ്റ് അതതു കക്ഷികള്‍ക്കുതന്നെ നല്‍കുമെന്നാണ്. അതനുസരിച്ച് ചെറുകക്ഷികള്‍ക്ക് കിട്ടിയ ഭൂരിഭാഗം സീറ്റും വനിതാസംവരണമാണ്.

സി.പി.എമ്മുമായും കോണ്‍ഗ്രസുമായും രണ്ടുമുന്നണിയിലും ചര്‍ച്ച നീണ്ടുപോകുന്നതിന്റെയും കാരണമിതാണ്. ജില്ലാതലത്തില്‍ നേതാക്കള്‍ ഇത്രയിത്ര സീറ്റുവീതമെന്ന് തീരുമാനമെടുത്ത സന്തോഷത്തിലാണ്. എന്നാല്‍, സംവരണ വാര്‍ഡ് വാങ്ങിയതിന്റെ പ്രശ്‌നം ഏറ്റുവാങ്ങിയത് പ്രാദേശികനേതാക്കളാണ്. നാളുകളായി ഒരു തദ്ദേശ തിരഞ്ഞെടുപ്പിലെങ്കിലും മത്സരിക്കാമെന്നാഗ്രഹിച്ച നേതാക്കളുടെ മോഹമാണ് ഇതിലൂടെ പൊലിഞ്ഞത്.

യു.ഡി.എഫിലെ 70 ശതമാനം സീറ്റുകളിലും മുന്നണിധാരണയായി. ഇനിയും തീരാനുള്ളത് സംവരണ വാര്‍ഡ് വെച്ചുമാറുന്നിനെച്ചൊല്ലിയാണെന്ന് ജില്ലാ കണ്‍വീനര്‍ സി.കെ. ഷാജിമോഹന്‍ പറഞ്ഞു. എല്‍.ഡി.എഫിന്റെ നഗരസഭാ വാര്‍ഡ് വീതംവെപ്പ് തീരാത്തതിന്റെ കാരണം ഇതുതന്നെ.

എന്‍.ഡി.എ.യില്‍ ഘടകകക്ഷികള്‍ക്ക് ഇത്തരം ഒരു പിണക്കവുമില്ല. മാത്രമല്ല, ബി.ഡി.ജെ.എസിനെപ്പോലെയുള്ള പ്രമുഖ ഘടകക്ഷി സീറ്റ് ബി.ജെ.പി.ക്ക് തിരിച്ചുകൊടുക്കുകവരെ ചെയ്തു. ഏറ്റവും ശക്തിയുള്ള ചേര്‍ത്തല നഗരസഭയില്‍ 50 ശതമാനം സീറ്റ് ബി.ഡി.ജെ.എസ്. ചോദിച്ചു. അത്രയും കൊടുക്കുകയും ചെയ്തു. എന്നാല്‍, സ്ത്രീസ്ഥാനാര്‍ഥികളെ കണ്ടെത്താനാകാതെ പത്തുശതമാനം സീറ്റുമതിയെന്ന് അറിയിച്ചിരിക്കുകയാണ്.

Content Highlights:  Local Body Election Alappuzha