ആലപ്പുഴ: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് കോവിഡ്കാലത്ത് കളമൊരുങ്ങുമ്പോള്‍, വോട്ടെടുപ്പിനെക്കുറിച്ചുള്ള ആശങ്കയും ആശയക്കുഴപ്പങ്ങളും അവസാനിക്കുന്നില്ല. പ്രായമായവരുടെ വോട്ടെടുപ്പ്, തിരഞ്ഞെടുപ്പുകമ്മിഷന്റെ പരിഗണനയിലുള്ള പി.പി.ഇ. കിറ്റ് ധരിച്ചുള്ള വോട്ടുചെയ്യല്‍, സാമൂഹികാകലം ഉറപ്പാക്കാന്‍ ബൂത്തുകളുടെ എണ്ണംകൂട്ടല്‍ എന്നിവയിലെല്ലാം ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.

കള്ളവോട്ട് വരുമോ, പി.പി.ഇ. കിറ്റിട്ട്

തിരഞ്ഞെടുപ്പുകളില്‍ കള്ളവോട്ട് ചെയ്‌തെന്നുള്ള പരാതികള്‍ ഉയരാറുണ്ട്. ചിലയിടങ്ങളില്‍ റീപോളിങ്ങും നടത്താറുണ്ട്. ആളുകള്‍ മുഖാവരണംപോലും ധരിക്കാത്ത സമയത്താണിതെന്നോര്‍ക്കണം. അപ്പോള്‍, പി.പി.ഇ. കിറ്റ് ധരിച്ച് കോവിഡ് ബാധിതര്‍ വോട്ടുചെയ്യാനെത്തിയാല്‍ എങ്ങനെ തിരിച്ചറിയും? കള്ളവോട്ടിനുള്ള സാധ്യത കൂടില്ലേ? -ഇതാണു പ്രധാനചോദ്യങ്ങള്‍.

രോഗമില്ലാത്തവര്‍ വോട്ടുചെയ്യാനെത്തുന്ന സമയത്ത് പി.പി.ഇ. കിറ്റ് ധരിച്ചയാള്‍ എത്തുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അതുകൊണ്ടുതന്നെ പി.പി.ഇ. കിറ്റ് അനുവദിക്കുന്നവര്‍ക്ക് വോട്ടെടുപ്പിന്റെ അവസാനസമയം നീക്കിവെക്കുന്നതായിരുക്കും ഉചിതമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. എന്തായാലും കമ്മിഷന്റെ അന്തിമതീരുമാനത്തിനു കാതോര്‍ക്കുകയാണ് എല്ലാവരും.

പോളിങ് സ്റ്റേഷന്‍ കൂട്ടിയാല്‍ കോവിഡ് കുറയും..?

പോളിങ് സ്റ്റേഷനില്‍ സാമൂഹികാകലം പാലിക്കാനാകുമോ? ആരോഗ്യ പ്രവര്‍ത്തകര്‍ക്കുപോലും ഇതിനു വ്യക്തമായ ഉത്തരമില്ല. ഒരുബൂത്തില്‍ ആയിരത്തിലധികം വോട്ടര്‍മാരുണ്ടെങ്കില്‍ ഇതെങ്ങനെ സാധ്യമാകുമെന്നാണ് ചോദ്യം. വോട്ടര്‍മാര്‍ കൂടുതലുള്ള പോളിങ് ബൂത്തുകള്‍ വിഭജിക്കാന്‍ ആലോചനയുണ്ടായിരുന്നു. കുട്ടനാട് നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സമയത്തായിരുന്നു ഇത്. എന്നാല്‍, ഉപതിരഞ്ഞെടുപ്പ് വേണ്ടെന്നുവെച്ചതോടെ അതും വഴിമുട്ടി.

തദ്ദേശതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴും ബൂത്തുകളുടെ എണ്ണം കൂട്ടുന്നതുസംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ല. പകരം വോട്ടെടുപ്പ് സമയം ഒരുമണിക്കൂര്‍ ദീര്‍ഘിപ്പിക്കുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ ബൂത്തുകളുടെ എണ്ണം കൂട്ടാനുള്ള സാധ്യതയില്ല. ആശയക്കുഴപ്പങ്ങള്‍ക്ക് തിരഞ്ഞെടുപ്പു വിജ്ഞാപനത്തോടെ അറുതിയാകുമെന്നു കരുതാം.

പ്രായമായവര്‍ പുറത്തുചാടുമോ?

ഒട്ടുമിക്ക തിരഞ്ഞെടുപ്പുകളിലും യുവാക്കളെക്കാള്‍ ആവേശത്തോടെ വോട്ടുചെയ്യാനെത്തുന്നത് പ്രായമായവരാണ്. പക്ഷേ, ഇക്കുറി അതിനു സാധ്യതയില്ല. കോവിഡ് തന്നെ കാരണം. 65 കഴിഞ്ഞവര്‍ക്ക് തപാല്‍വോട്ട്, കേന്ദ്രതിരഞ്ഞെടുപ്പു കമ്മിഷന്റെ പരിഗണനയിലുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടില്ല.

അതുകൊണ്ടുതന്നെ പ്രായമായവരുടെ വോട്ടെടുപ്പും പ്രതിസന്ധിയിലാകും. നിലവില്‍ ജില്ലയില്‍ 3.33 ലക്ഷംപേര്‍ 60 വയസ്സ് കഴിഞ്ഞവരായുണ്ട്. കോവിഡ് വന്നതോടെ ഭൂരിഭാഗവും മാസങ്ങളായി പുറത്തിറങ്ങിയിട്ടില്ല. തപാല്‍വോട്ടില്ലെങ്കില്‍ ഇവരുടെ കാര്യം കഷ്ടത്തിലാകും, ഒപ്പം രാഷ്ട്രീയപ്പാര്‍ട്ടികളുടെയും.

Content Highlights: Local Body Election Alappuzha