ആലപ്പുഴ: 'കാണാമെങ്കില്‍ കണ്ടോളൂ... ലക്ഷം ലക്ഷം പിന്നാലെ...' ഇങ്ങനെയൊരു മുദ്രാവാക്യം ഇത്തവണയുണ്ടാകില്ല. കോവിഡ് കാരണം വലിയജാഥകള്‍ സംഘടിപ്പിക്കാനോ സ്വീകരണപരിപാടികള്‍ക്ക് നിശ്ചിതയാളുകളില്‍ കൂടുതലാകാനോ ഒന്നും ഇത്തവണ കഴിയില്ല. വോട്ടറെ കാണുമ്പോള്‍ ഓടിയെത്തി കൈത്തലം കവരാനും നെഞ്ചിലേക്ക് ചേര്‍ത്തുപിടിക്കാനും പറ്റില്ല. ആകെക്കൂടി നിയന്ത്രണങ്ങളുടെ പൊടിപൂരം.

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുകയാണ്. ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് ഇതാദ്യമാകും. സ്ഥാനാര്‍ഥിത്വം ഉറപ്പായവര്‍ നേരത്തെതന്നെ പ്രചാരണം തുടങ്ങിയിരുന്നു. ഇനി കൃത്യം ഒരുമാസമാണ് ബാക്കിയുള്ളത്.

കൂടുംതേടി...

നന്നായി പരിപാലിച്ചുവന്ന വാര്‍ഡുകള്‍ സംവരണംമൂലം ഒഴിഞ്ഞുകൊടുക്കേണ്ടി വന്നതിന്റെ വിഷമത്തിലാണ് ചിലര്‍. പുതിയവാര്‍ഡുകള്‍ ഇവര്‍ നേരത്തെതന്നെ നോട്ടമിട്ടിരുന്നു. ഒരേ വാര്‍ഡിലേക്ക് ഒന്നിലധികം പ്രാദേശിക നേതാക്കള്‍ കണ്ണുവെക്കുന്നതാണ് പാര്‍ട്ടികളുടെ തലവേദന.

ആറ് നഗരസഭകള്‍, 72 പഞ്ചായത്തുകള്‍

ജില്ലാപഞ്ചായത്ത്, 12 ബ്ലോക്ക് പഞ്ചായത്തുകള്‍, ആറുനഗരസഭകള്‍, 72 പഞ്ചായത്തുകള്‍ എന്നിവയാണ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ഇത്തവണ കൂടുതല്‍ തദ്ദേശസ്ഥാപനങ്ങളും നയിക്കുന്നത് സ്ത്രീകളാകും. ജില്ലാ പഞ്ചായത്ത്, നാല് നഗരസഭകള്‍, ഏഴ് ബ്ലോക്ക് പഞ്ചായത്തുകള്‍, 36 ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവയും സ്ത്രീകള്‍ നയിക്കും. കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, കയര്‍ തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവര്‍ തിങ്ങിപ്പാര്‍ക്കുന്ന ജില്ലയില്‍ കഴിഞ്ഞതവണ എല്‍.ഡി.എഫിനായിരുന്നു മേല്‍കൈ.

ജില്ലാ പഞ്ചായത്ത്, 10 ബ്ലോക്ക്, 46 പഞ്ചായത്ത് എന്നിവ എല്‍.ഡി.എഫും 26 ഗ്രാമപ്പഞ്ചായത്തുകളും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും നാല് നഗരസഭകളും യു.ഡി.എഫും ഭരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ ബി.ജെ.പി.ക്ക് ഭരണംലഭിച്ചെങ്കിലും പിന്നീട് നഷ്ടമായിരുന്നു.

മുന്നണിമാറ്റങ്ങള്‍, വിവാദങ്ങള്‍...

തദ്ദേശസ്ഥാപനങ്ങളിലെ കൂട്ടുകെട്ടുകള്‍ പലപ്പോഴും സംസ്ഥാനത്തെ മുന്നണി രാഷ്ട്രീയവുമായി യോജിച്ചുപോകണമെന്നില്ല. വിചിത്രമെന്നുതോന്നുന്ന കൂട്ടുകെട്ടുകളുണ്ടാകാം. ഭൂരിപക്ഷം ഒരു മുന്നണിക്കെങ്കിലും എതിര്‍പക്ഷത്തെയാള്‍ അധ്യക്ഷനാകുന്ന സാഹചര്യമുണ്ടാകും. ജോസ് കെ.മാണി പക്ഷം എല്‍.ഡി.എഫിലേക്ക് വന്നതോടെ ചെങ്ങന്നൂര്‍ നഗരസഭയില്‍ എല്‍.ഡി.എഫിന് മേല്‍കൈ വന്നെങ്കിലും ഭരണംമാറ്റാനുള്ള സമയം ബാക്കിയുണ്ടായിരുന്നില്ല. യു.ഡി.എഫ്. ഭരിക്കുന്ന ചേര്‍ത്തല നഗരസഭയില്‍ അവസാനവര്‍ഷ ചെയര്‍മാന്‍സ്ഥാനം ജോസ് പക്ഷത്തിനായിരുന്നു. അദ്ദേഹം എല്‍.ഡി.എഫ്. പക്ഷത്തേക്ക് പോയെങ്കിലും അവിടെയും ആളെ മാറ്റുന്നതിന് സമയമില്ലായിരുന്നു.

സ്ഥാനാര്‍ഥികള്‍ രണ്ടുദിവസത്തിനകം

എല്ലാ തലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ രണ്ടുദിവസത്തിനകം പ്രഖ്യാപിക്കും. സ്ഥാനാര്‍ഥികള്‍ തീരുമാനിച്ച സ്ഥലങ്ങളില്‍ അവ പ്രഖ്യാപിച്ച് തുടങ്ങിയിട്ടുണ്ട്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിലേക്ക് പോകുന്നത്.- ആര്‍. നാസര്‍, സി.പി.എം. ജില്ലാസെക്രട്ടറി

സ്ഥാനാര്‍ഥികള്‍ പത്താംതീയതിയോടെ

സ്ഥാനാര്‍ഥികളെ പത്താംതീയതിയോടെ പ്രഖ്യാപിക്കും. സീറ്റുചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. ഇത്തവണ യു.ഡി.എഫ്. ജില്ലയില്‍ വലിയ നേട്ടമുണ്ടാക്കും.- എം. ലിജു, ഡി.സി.സി. പ്രസിഡന്റ്

സീറ്റുചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നു

സീറ്റുചര്‍ച്ചകള്‍ പൂര്‍ത്തിയായിവരികയാണ്. രണ്ടുദിവസത്തിനകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകും. വിജയപ്രതീക്ഷയിലാണ് പാര്‍ട്ടിയും മുന്നണിയും.- എം.വി. ഗോപകുമാര്‍, ബി.ജെ.പി. ജില്ലാ പ്രസിഡന്റ്.

table