ആലപ്പുഴ: ജില്ല ഇനി വനിത നയിക്കും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ജില്ലാപഞ്ചായത്ത് ഉള്‍പ്പെടെ ഭൂരിഭാഗം നേതൃസ്ഥാനങ്ങളിലും വനിതാസാന്നിധ്യം ഉറപ്പായി. ആറു നഗരസഭകളില്‍ നാലും വനിതകള്‍ നയിക്കും.

12 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏഴിലും 72 ഗ്രാമപ്പഞ്ചായത്തുകളില്‍ 36- ലും സ്ത്രീകളാണ് ഭരണ സാരഥ്യം. നൂറ്റിരണ്ടാംവയസ്സിലും തളരാത്ത രാഷ്ട്രീയവീര്യമായ കെ.ആര്‍. ഗൗരിയമ്മയുടെ പിന്മുറക്കാര്‍ക്ക് ഇത് ഊര്‍ജമാണ്. ജില്ലാപഞ്ചായത്ത് പ്രസിഡന്റായി തിളങ്ങിയശേഷം സി.എസ്. സുജാത എം.പി.യും യു. പ്രതിഭ എം.എല്‍.എ. യുമായിരുന്നു.

ജില്ലാപഞ്ചായത്തില്‍ 12 സീറ്റില്‍ സ്ത്രീകള്‍

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഇക്കുറി വനിതയാണ്. 23 സീറ്റില്‍ 12 വനിതാസംവരണമാണ്. വനിതാ ഡിവിഷനുകള്‍ - പൂച്ചാക്കല്‍, വെളിയനാട്, പള്ളിപ്പാട്, ചെന്നിത്തല (പട്ടികജാതി സ്ത്രീ), മാന്നാര്‍, മുളക്കുഴ, വെണ്മണി, നൂറനാട്, അമ്പലപ്പുഴ, പുന്നപ്ര, മാരാരിക്കുളം, മനക്കോടം.

  • കഞ്ഞിക്കുഴി ഡിവിഷന്‍: പട്ടികജാതി വിഭാഗത്തിനാണ്. പുരുഷനോ സ്ത്രീക്കോ മത്സരിക്കാം.
  • വനിതാ നഗരസഭകള്‍: കായംകുളം, ചെങ്ങന്നൂര്‍, ആലപ്പുഴ, ചേര്‍ത്തല
  • വനിതാ ബ്ലോക്കുകള്‍: പട്ടണക്കാട്, അമ്പലപ്പുഴ, ചമ്പക്കുളം, ഹരിപ്പാട്, ഭരണിക്കാവ്, മുതുകുളം, മാവേലിക്കര (പട്ടികജാതി സ്ത്രീ).

വനിതനയിക്കുന്ന ഗ്രാമങ്ങള്‍

പാണാവള്ളി, പെരുമ്പളം, അരൂര്‍, കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട്, വയലാര്‍, കഞ്ഞിക്കുഴി, ചേര്‍ത്തല-തെക്ക്, മാരാരിക്കുളം വടക്ക്, മാരാരിക്കുളം തെക്ക്, തണ്ണീര്‍മുക്കം, മുഹമ്മ, അമ്പലപ്പുഴ തെക്ക്, ചമ്പക്കുളം, തലവടി, നെടുമുടി, പുളിങ്കുന്ന്, മുട്ടാര്‍, വെളിയനാട്, ബുധനൂര്‍, പാണ്ടനാട്, വെണ്‍മണി, കാര്‍ത്തികപ്പള്ളി, കുമാരപുരം, വീയപുരം, നൂറനാട്, ഭരണിക്കാവ്, വള്ളികുന്നം, കണ്ടല്ലൂര്‍, മുതുകുളം, ചിങ്ങോലി. ഇതിനുപുറമേ പള്ളിപ്പാട്, ചെന്നിത്തല-തൃപ്പെരുന്തുറ, മാന്നാര്‍, പത്തിയൂര്‍(പട്ടികജാതിവനിത). പൊതുവിഭാഗത്തിലെ ചേന്നംപള്ളിപ്പുറം, മണ്ണഞ്ചേരി, ചെറിയനാട് ഗ്രാമപ്പഞ്ചായത്തുകള്‍ പട്ടികജാതി സംവരണമാണ്. ഇതില്‍ പുരുഷനോ സ്ത്രീക്കോ മത്സരിക്കാം.

ജനസംഖ്യയിലും സ്ത്രീകള്‍

  • ആകെ ജനസംഖ്യ-17,73,650
  • സ്ത്രീകള്‍-9,29,608
  • പുരുഷന്മാര്‍-8,44,042
  • പട്ടികജാതി വിഭാഗം-184295
  • പട്ടികവര്‍ഗം-5714

(അവലംബം: തദ്ദേശ സ്വയംഭരണ വകുപ്പ് വെബ്‌സൈറ്റ്)

നല്ലപരിഗണന

പൊതുരംഗത്തും രാഷ്ട്രീയത്തിലും കൂടുതലായി രംഗത്തുള്ളത് പുരുഷന്മാരാണെങ്കിലും സ്ത്രീകള്‍ക്ക് ഇപ്പോള്‍ നല്ല പരിഗണനയാണുകിട്ടുന്നത്. ഇതു സ്വാഗതാര്‍ഹമാണ്. എന്നാല്‍, രാഷ്ട്രീയ അനുഭാവം പോലുമില്ലാത്തവരെ നിര്‍ബന്ധിച്ച് സ്ഥാനാര്‍ഥിയാക്കുന്ന സ്ഥിതി വരരുത്.- പി. അനില്‍കുമാര്‍, സാമൂഹിക പ്രവര്‍ത്തകന്‍

പൊതു ഇടങ്ങള്‍ കൂടുതല്‍ സ്വാതന്ത്ര്യമുള്ളതാകും

പുരുഷാധിപത്യമുള്ള പൊതു ഇടങ്ങള്‍ കൂടുതല്‍ സ്വാതന്ത്ര്യമുള്ളതാകും. മന്ത്രി കെ.കെ. ശൈലജയെപ്പോലെ നല്ലതുപറയിപ്പിക്കുംവിധമുള്ള സ്വീകാര്യതയും നേടാനാകണം.- ഡോ. ഗീത ജി. നായര്‍, അസി. പ്രൊഫസര്‍, എന്‍.എസ്.എസ്. കോളേജ് ചേര്‍ത്തല

പാര്‍ട്ടികളുടെ നിയന്ത്രണം കുറയ്ക്കണം

ഭരണരംഗത്ത് സ്ത്രീകളുടെ കഴിവ് തെളിയിച്ചുകഴിഞ്ഞതാണ്. പാര്‍ട്ടികള്‍ നിയന്ത്രണം കടുപ്പിക്കാതിരുന്നാല്‍ കൊടിയുടെ നിറംനോക്കാതെ ജനക്ഷേമത്തിനുവേണ്ടി മികവുകാട്ടാനാകും. കോവിഡ് മഹാമാരിക്കാലത്ത് ന്യൂസീലാന്‍ഡിനെ മുന്നോട്ടുനയിക്കുന്ന ജസീന്തതന്നെ നല്ലമാതൃകയാണ്. - ഡി. വിജയലക്ഷ്മി, റോട്ടറി ക്‌ളബ്ബ് ഓഫ് ആലപ്പി ഡിസ്ട്രിക്ട് അഡൈ്വസര്‍

Content Highlights: Local Body Election, Alappuzha