ആലപ്പുഴ: ഫ്‌ളക്‌സ് പോയി വീണ്ടും തുണിബാനറും കടലാസ് പോസ്റ്ററും തിരിച്ചുവന്നിരിക്കുകയാണ്. ഹരിതചട്ടമാണ് കാരണം. ഒരുവാര്‍ഡിലേക്കുള്ള പോസ്റ്ററിന് 4,500-5,500 രൂപയാകുന്നുണ്ട്. തുണിയില്‍ ചെറിയരീതിയിലുള്ള പ്രിന്റിങ്ങിന് 12-25 രൂപയാണ് നിരക്ക്. തുണിയുടെ ചെലവ് വേറെ. ചിഹ്നം പതിപ്പിച്ച മാസ്‌ക് ഇരട്ട ആവരണമുള്ളതിന് 12-15 രൂപയും ഒരാവരണമുള്ളതിന് 7-10 രൂപയുമാണ്. കൊടിയൊന്നിന് 50 രൂപയും തൊപ്പിക്ക് 25-125, ചിഹ്നം പതിപ്പിച്ച ടീഷര്‍ട്ടിന് 250-300. ചിഹ്നം എല്‍.ഇ.ഡി.യിലുള്ളതിന് 250-500 രൂപവരെയാകാം.

ബാഡ്ജ്, കീചെയിന്‍ എന്നിവയെല്ലാം സ്ഥാനാര്‍ഥിയുടെ ചിഹ്നത്തില്‍ തയ്യാറാക്കിനല്‍കുന്ന ജോലിയാണ് കംപ്യൂട്ടര്‍, അച്ചടി സ്ഥാപനങ്ങളില്‍ ഇപ്പോള്‍. എന്നാല്‍, അവരെ അലട്ടുന്ന മറ്റൊരുപ്രശ്‌നമുണ്ട്- കടംപറച്ചില്‍. പോസ്റ്ററൊട്ടിച്ചിട്ടുവേണം പിരിവു തുടങ്ങാന്‍. പിരിവു കിട്ടിയിട്ടു പണംതരാമെന്നു പറഞ്ഞ് ആളുകള്‍ സാധനം കൊണ്ടുപോകുന്നെന്നാണ് പ്രിന്റര്‍മാരുടെ പരാതി. കടംകൊടുക്കാതിരുന്നാല്‍ ഭീഷണിയുണ്ടാകും. അതിലും നേതാക്കളുടെ വലിപ്പച്ചെറുപ്പമില്ല.

രാപകല്‍നിന്ന് പണിയെടുത്താണ് ഓരോന്നും പുറത്തിറക്കുന്നതെന്നും എല്ലാവരും ഇങ്ങനെയായാല്‍ ഗതികെട്ടുപോകുമെന്നും സാഗ്-സൈന്‍ മാനേജിങ് ഡയറക്ടര്‍ ബാലമുരളീകൃഷ്ണന്‍ പറഞ്ഞു. പ്രിയപ്പെട്ട നേതാക്കളാണ് എല്ലാവരും. തിരഞ്ഞെടുപ്പു കഴിയുമ്പോള്‍ എല്ലാവരും നാനാവഴിക്കുപോകും. തോറ്റുപോയാല്‍പ്പിന്നെ പറയുകയും വേണ്ടാ. വൈദ്യുതിചാര്‍ജും ജീവനക്കാരുടെ ശമ്പളവും വായ്പയും എല്ലാമായി ഉടമ കുത്തുപാളയെടുക്കുന്ന അവസ്ഥവരും-അദ്ദേഹം പറഞ്ഞു.

Content Highlights: Local Body Election 2020 Alappuzha