ആലപ്പുഴ: കെ.ആര്‍. ഗൗരിയമ്മ നേതൃത്വം നല്‍കുന്ന ജെ.എസ്.എസിലെ ചില നേതാക്കള്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥികളായി രംഗത്ത്. പാര്‍ട്ടി എല്‍.ഡി.എഫ്. പക്ഷത്തു നില്‍ക്കുമ്പോഴാണിത്. ജെ.എസ്.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജയന്‍ ഇടുക്കി വെള്ളത്തൂവല്‍ ഗ്രാമപ്പഞ്ചായത്ത് ഏഴാംവാര്‍ഡിലാണ് മത്സരിക്കുന്നത്. സംസ്ഥാന കമ്മിറ്റിയംഗം എല്ലയ്യത്ത് ചന്ദ്രന്‍ കൊല്ലം കുലശേഖരപുരം ഗ്രാമപ്പഞ്ചായത്തിലേക്കും കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ. വിജയുകമാര്‍ ബദിയടുക്ക പഞ്ചായത്തിലേക്കും മത്സരിക്കുന്നു. 

സംസ്ഥാന കമ്മിറ്റിയംഗവും വനിതാ നേതാവുമായ പുഷ്പാ ബിജു കുട്ടനാട് പുളിങ്കുന്നില്‍നിന്നും ലാലി സരസ്വതി വയലാറില്‍ പത്താംവാര്‍ഡില്‍നിന്നും ജനവിധി തേടുന്നു. ആലപ്പുഴ ജില്ലാ സെക്രട്ടറി പി.ഡി. രതീഷ് ആലപ്പുഴ നഗരസഭ പൂന്തോപ്പ് വാര്‍ഡില്‍ എല്‍.ഡി.എഫ്. പാനലിലാണ് പേരാട്ടത്തിനിറങ്ങുന്നത്. 

ആലപ്പുഴയിലെ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള മന്ത്രി ടി.എം. തോമസ് ഐസക് ഗൗരിയമ്മയുടെ അടുത്തെത്തിയപ്പോള്‍ മത്സരിക്കാനാഗ്രഹിക്കുന്ന സീറ്റുകളുടെ പട്ടിക നല്‍കിയിരുന്നു. എല്‍.ഡി.എഫ്. സംസ്ഥാനഘടകം ഇക്കാര്യത്തില്‍ തീരുമാനവുമെടുത്തു. ഇതെല്ലാം ലംഘിച്ച് കീഴ്ഘടകങ്ങള്‍ സീറ്റ് നല്‍കിയില്ലെന്നാണ് ഒരുവിഭാഗം നേതാക്കളുടെ ആരോപണം.

Content Highlights: JSS Leaders to contest for UDF in Local Body Election at Alappuzha