പള്ളിപ്പുറം: ജീന്‍സും പുതുമോഡല്‍ ബനിയനും ഉപേക്ഷിച്ച് 'ചങ്ക് ബ്രോസ്'. ചുരിദാര്‍, കുര്‍ത്തി തുടങ്ങിയവ ഉപേക്ഷിച്ച് 'ചങ്കത്തികള്‍'. ന്യൂജെന്‍ വേഷവിധാനത്തില്‍ ഇത്തരമൊരു മാറ്റത്തിനു കളമൊരുക്കിയതാകട്ടെ തിരഞ്ഞെടുപ്പും. മുന്നണികള്‍ യുവത്വത്തിന് അവസരം നല്‍കിപ്പോള്‍ കാഴ്ചയിലുണ്ടായ മാറ്റമാണിത്. ചെത്തിയടിച്ചു നടന്നിരുന്ന സ്ഥാനാര്‍ഥികളെല്ലാം വേഷവിധാനത്തില്‍ 'ഇരുത്തം' വരുത്തുകയാണു വോട്ടിനായി.

കുപ്പായവും അതിന്റെ നിറത്തിനൊത്ത കരയുള്ള മുണ്ടുമായി പെട്ടെന്നായിരുന്നു മാറ്റം. പെണ്‍കുട്ടികള്‍ പോസ്റ്ററില്‍ കയറിപ്പറ്റിയത് സാരിയുടുത്തായിരുന്നു. വോട്ടുനേടാന്‍ വേഷവിധാനം മാറ്റണോ? സ്ഥാനാര്‍ഥികള്‍ പറയുന്നു.

സ്വീകാര്യത പാരമ്പര്യവേഷത്തിന്

സ്വകാര്യസ്‌കൂളിലെ കായികാധ്യാപകനായ എന്നെ നാട്ടുകാര്‍ അധികവും കണ്ടിട്ടുള്ളത് പാന്റിട്ട് ഇന്‍ ചെയ്തായിരിക്കും.  വോട്ടുചോദിച്ചു ചെല്ലുമ്പോള്‍ പഴയതലമുറയ്ക്കു സ്വീകാര്യത പാരമ്പര്യവേഷത്തിനായിരിക്കും. പുതുതലമുറയ്ക്ക് പാന്റിട്ടു ചെന്നാലും പ്രത്യേകിച്ചു വൈഷമ്യമുണ്ടാകില്ല. മുണ്ടും കുപ്പായവും സ്ഥിരം വേഷമായിരിക്കില്ല- ടി.എസ്. സുധീഷ്, എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി, ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ്-8

ഖദറിനോട് അത്രമേല്‍ സ്‌നേഹം

പഠനകാലയളവില്‍ പാന്റും ഷര്‍ട്ടുമായിരുന്നു യൂണിഫോം. പക്ഷേ, എന്നും ഖദറിനോടാണു സ്‌നേഹം. വേഷത്തിലല്ല പെരുമാറ്റത്തിലും പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിലുമാണു കാര്യം. വോട്ട് ലഭിക്കാന്‍ വസ്ത്രം അളവുകോലല്ല. പാരമ്പര്യവേഷം കൂടുതല്‍ സ്വീകാര്യത നല്‍കുമെന്നത് വിശ്വാസം മാത്രം- എസ്. സൂര്യന്‍, യു.ഡി.എഫ്. സ്ഥാനാര്‍ഥി, ചേര്‍ത്തല നഗരസഭ, വാര്‍ഡ്-11

വേഷത്തിലല്ല കാര്യം

പാന്റിട്ടും മുണ്ടുടുത്തും കണ്ട പരിചയമുണ്ട് നാട്ടുകാര്‍ക്ക്. ബി.ടെക്. കഴിഞ്ഞ് അധ്യാപകനായും സ്വകാര്യകമ്പനിയിലും ജോലിചെയ്യുകയാണ്. നാടിന്റെ പ്രശ്‌നങ്ങളില്‍ സജീവമാകുന്നതിനു വേഷം തടസ്സമല്ല. വേണ്ടതു മനസ്സാണ്. ആ മനസ്സിനാണ് അംഗീകാരം ലഭിക്കുക- എം.ജി. ഹരിശങ്കര്‍, എന്‍.ഡി.എ. സ്ഥാനാര്‍ഥി, പാണാവള്ളി ഗ്രാമപ്പഞ്ചായത്ത്, വാര്‍ഡ്-17

പക്വത തോന്നിക്കും

സ്ഥിരമായി ധരിക്കുന്നതു ചുരിദാറാണ്. തിരഞ്ഞെടുപ്പു പോസ്റ്ററില്‍ സാരിയാണു വേഷം. അതായാല്‍ കൂടുതല്‍ പക്വത തോന്നിക്കും. വേഷം എന്തായാലും നാട്ടുകാര്‍ക്ക് എന്നെ തിരിച്ചറിയാം. പ്രചാരണത്തിനു സൗകര്യാര്‍ഥം ചുരിദാറാണിടുന്നത്. വേഷം ഏതായാലും കിട്ടേണ്ട വോട്ടുകിട്ടും- സരിതാ രമണി, എന്‍.ഡി.എ. സ്ഥാനാര്‍ഥി, കാര്‍ത്തികപ്പള്ളി ഗ്രാമപ്പഞ്ചായത്ത്, വാര്‍ഡ്-12

ആത്മവിശ്വാസം നല്‍കും

സാരിയെങ്കില്‍ കാണുന്നവര്‍ക്കു പക്വത തോന്നും. ഉടുക്കുന്നവര്‍ക്ക് ആത്മവിശ്വാസവും നല്‍കും. സംഘടനാരംഗത്തും ജോലി സംബന്ധമായും മുഴുവന്‍ സമയവും ചുരിദാറാണ്. വേഷത്തേക്കാള്‍ സ്വാധീനിക്കുക പ്രവര്‍ത്തനമാണ്- സിന്ധു ആര്‍. നായര്‍- എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി, ഹരിപ്പാട് നഗരസഭ, വാര്‍ഡ്-3

വോട്ടിനെ സ്വാധീനിക്കില്ല

രാഷ്ട്രീയ-പൊതുപ്രവര്‍ത്തന രംഗത്ത് സ്ത്രീകള്‍ക്കു സാരി നല്‍കുന്ന ആത്മവിശ്വാസവും അംഗീകാരവും ഒന്നു വേറെയാണ്. വേഷം വിലയിരുത്തപ്പെടുക മാത്രമേയുള്ളൂ. വോട്ടിനെ സ്വാധീനിക്കില്ല. സാരി ഒഴിവാക്കുന്നത് പലപ്പോഴും സൗകര്യത്തിനായാണ്. - അരുണിമാ രഘുവരന്‍, യു.ഡി.എഫ്. സ്ഥാനാര്‍ഥി, ചെറുതന ഗ്രാമപ്പഞ്ചായത്ത്, വാര്‍ഡ്-2

Content Highlights: Local Body Election Alappuzha 2020: Is Dhoti and Saree mandatory for candidates?