ആലപ്പുഴ: 'സഹോദരനാണെന്നുപറഞ്ഞ് ബഷീര്‍ കോയാപറമ്പന് വോട്ടുകൊടുക്കാനാകില്ല. സി.പി.എമ്മിന് ഇരവുകാടു വാര്‍ഡില്‍ സ്ഥാനാര്‍ഥിയുണ്ട്. പാര്‍ട്ടിക്കാണ് പ്രധാന്യം, വ്യക്തിക്കല്ല.'-ആലപ്പുഴ നഗരസഭയിലെ മുല്ലാത്തുവളപ്പു വാര്‍ഡിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി നിസാര്‍ കോയാപറമ്പന്‍ കട്ടായം പറഞ്ഞു.

'നിസാറിന്റെ വോട്ടുവേണമെന്ന് ഒരുനിര്‍ബന്ധവുമില്ല. അല്ലാതെതന്നെ ഞാന്‍ ജയിക്കും. ഓരോരുത്തര്‍ക്കും അവരവരുടെ പാര്‍ട്ടിയായിരിക്കുമല്ലോ വലുത്. ജനാധിപത്യമെന്നാല്‍ അതാണല്ലോ..?- ബഷീര്‍ കോയാപറമ്പനും തിരിച്ചടിച്ചു. 

ഇടതുപക്ഷംചേര്‍ന്ന് നിസാര്‍ കോയാപറമ്പന്‍ അങ്കംകുറിക്കുമ്പോള്‍ വലതുപക്ഷം ചേര്‍ന്നാണ് ബഷീര്‍ കോയാപറമ്പന്റെ പടപ്പുറപ്പാട്. സഹോദരന്മാരായ ഇരുവരും വ്യത്യസ്ത വാര്‍ഡുകളിലാണ് ഏറ്റുമുട്ടുന്നതെങ്കിലും ആലപ്പുഴ നഗരസഭയാകെ ഇവരുടെ പോരാട്ടം നിറഞ്ഞുനില്‍ക്കുകയാണ്.

ബഷീറിന്റെയും നിസാറിന്റെയും കുടുംബം കോണ്‍ഗ്രസ് ആഭിമുഖ്യമുള്ളവരായിരുന്നു. പക്ഷേ, നിസാര്‍ വലത്തുനിന്ന് ഇടത്തോട്ടു മാറിച്ചിന്തിച്ചു. എസ്.ഡി. കോളേജില്‍ പഠിക്കുന്നകാലം മുതലേ എസ്.എഫ്.ഐയിലായിരുന്നു. സി.പി.എം. ആലപ്പുഴ ഏരിയ കമ്മിറ്റിയംഗമായി പ്രവര്‍ത്തിക്കുമ്പോഴാണ് മുല്ലാത്തുവളപ്പ് വാര്‍ഡിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാകുന്നത്.

ബഷീര്‍ കോയാപറമ്പന്‍ ഇരവുകാടുവാര്‍ഡില്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് മത്സരിക്കുന്നത്. ആലപ്പുഴ നഗരസഭയിലെ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനായിരുന്നു. മൂന്നുതവണ മത്സരിച്ചപ്പോഴും ജയിച്ചുകയറിയ ആത്മവിശ്വാസത്തിലാണ് ബഷീറിന്റെ പ്രചാരണം. ഇരവുകാടുവാര്‍ഡിലാണ് നിസാറിനും ബഷീറിനും വോട്ട്.

Content Highlights: In Local Body Election brothers will contest for different parties